

വാഷിംഗ്ടൺ: ഇസ്രയേലിനൊപ്പം ചേർന്ന് ഇറാനെതിരെ ആക്രമണം നടത്തിയതിൽ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെതിരെ അമേരിക്കയിൽ നിന്ന് തന്നെ കടുത്ത വിമർശനം ഉയരുന്നു. നിരവധി സെനറ്റർമാരാണ് ഇറാനെതിരെയുള്ള യുഎസ് ആക്രമണം ശരിയായ നടപടിയല്ല എന്ന വാദം ഉയർത്തുന്നത്. പ്രതിപക്ഷ നേതാക്കൾ മാത്രമല്ല, സ്വതന്ത്ര സെനറ്റർമാരും എതിരഭിപ്രായവുമായി രംഗത്തുണ്ട്.
പശ്ചിമേഷ്യയിലെ യുഎസ് സൈനികത്താവളങ്ങൾ ഇറാൻ ആക്രമിച്ചേക്കാമെന്ന് തോന്നിയെന്നും അതിനാലാണ് മുൻകരുതലായി ആദ്യം ആക്രമിച്ചത് എന്നുമുള്ള ട്രംപിന്റെ വാദത്തെയും ഇവർ രൂക്ഷമായി ചോദ്യം ചെയ്യുന്നുണ്ട്. ഇറാൻ യുഎസിന് ഒരു അടിയന്തര ഭീഷണിയും ഉയർത്തിയിരുന്നില്ലെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു.
ഇറാനിൽ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് ട്രംപ് ഭരണകൂടത്തിന് കൃത്യമായ ഒരു ധാരണയുമില്ലെന്നാണ് സെനറ്ററായ എലിസബത്ത് വാറന്റെ പ്രതികരണം. 'ഇറാനെ കുറിച്ചുള്ള ഒരു ഔദ്യോഗിക യോഗം കഴിഞ്ഞ് വരികയാണ് ഞാൻ. നിങ്ങൾ കരുതുന്നതിലും വളരെ മോശം നിലയിലാണ് കാര്യങ്ങൾ. ആശങ്കാജനകം എന്ന് തന്നെ പറയാം. നിയമങ്ങളെയെല്ലാം കാറ്റിൽ പറത്തി നടത്തുന്ന ഈ യുദ്ധം നുണകളെ മാത്രം അടിസ്ഥാനമാാക്കിയുള്ളതാണ്. നമ്മുടെ രാജ്യത്തിന് ഒരു അടിയന്തര ഭീഷണിയും ഇറാന്റെ ഭാഗത്ത് നിന്നും ഉയരുന്നില്ലായിരുന്നു.
എന്തിനാണ് ഈ അനാവശ്യ യുദ്ധത്തിന് ഇറങ്ങിപുറപ്പെട്ടത് എന്നതിന് കൃത്യമായ ഒരു കാരണവും ട്രംപ് ഇത്ര നാളായിട്ടും നൽകിയിട്ടില്ല. മാത്രമല്ല, ഈ യുദ്ധം എങ്ങനെയാണ് അവസാനിപ്പിക്കേണ്ടത് എന്നതിനെ കുറിച്ച് ഒരു ധാരണയും ട്രംപിനില്ല,' എലിസബത്ത് വാറൻ പറഞ്ഞു. എക്‌സിൽ വീഡിയോ കൂടി പങ്കുവെച്ചാണ് ഇവർ പരസ്യ വിമർശനം ഉന്നയിച്ചത്.
I just left a classified briefing with the Trump Administration about the war in Iran.
— Elizabeth Warren (@SenWarren) March 3, 2026
I was worried before, but I’m more worried now. pic.twitter.com/HoSWLVWrR8
ഇസ്രയേലിന് ഇറാനിൽ ബോംബിടാൻ വേണ്ടി മാത്രം, ഒരു ആവശ്യവുമില്ലാതെ അമേരിക്കയെ ഒരു യുദ്ധത്തിലേക്ക് കൊണ്ടു പോയിരിക്കുകയാണ് ഡോണാൾഡ് ട്രംപ് എന്നാണ് സ്വതന്ത്ര സെനറ്ററായ ആങ്കസ് കിംഗിന്റെ വാക്കുകൾ. യുഎസ് പട്ടാളക്കാരെ ഇറാനിലേക്ക് കരയുദ്ധത്തിന് അയക്കാനുള്ള പദ്ധതി ഏറെ ഭയപ്പെടുത്തുന്നു എന്നാണ് സെനറ്റർ റിച്ചാർഡ് ബ്ലൂമെൻതാലിന്റെ പ്രതികരണം. ഇറാനെ ആക്രമിക്കാനായി എന്തിനാണ് ട്രംപ് കോടിക്കണക്കിന് ഡോളർ ചിലവാക്കുന്നത് എന്നാണ് ഡെമോക്രാറ്റിക് നേതാവും സെനറ്ററുമായ ഹക്കീം ജെഫ്രീസിന്റെ ചോദ്യം. ഇതുകൊണ്ട് അമേരിക്കയ്ക്ക് എന്ത് പ്രയോജനമാണ് ഉള്ളതെന്നും അദ്ദേഹം വിമർശിച്ചു.
പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഡോണൾഡ് ട്രംപിന് അമേരിക്കയിൽ നിന്നും കടുത്ത വിമർശനമാണ് നേരിടേണ്ടി വരുന്നത്. കോൺഗ്രസിൽ നിന്നും പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും മാത്രമല്ല, ജനങ്ങളും തെരുവിലിറങ്ങി പ്രതിഷേധിക്കുന്നുണ്ട്. അതേസമയം, ഇറാനെതിരെയുള്ള ആക്രമണം ഇസ്രയേലും യുഎസും തുടരുകയാണ്. ഇറാനും തിരിച്ച ഇസ്രയേലിലും പശ്ചിമേഷ്യയിലുള്ള യുഎസ് സൈനികത്താവളങ്ങളിലും ആക്രമണം നടത്തുന്നുണ്ട്.
Content Highlights: US senators against Donald Trump over starting war with Iran. They criticise that the attack was based lies