

ഇസ്രായേലും അമേരിക്കയും ഇറാനെതിരെ വ്യോമാക്രമണം നടത്തിയതിനെ തുടർന്ന് പശ്ചിമേഷ്യയിൽ രൂപപ്പെട്ട യുദ്ധസാഹചര്യം വിപണിയില്‍ കനത്ത പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കിയേക്കും. തിങ്കളാഴ്ച വിപണി തുറക്കുമ്പോൾ ആഗോള എണ്ണവില കുതിച്ചുയരാമെന്നതാണ് പ്രധാന ആശങ്ക. പ്രതികാര നടപടികളുടെ ഭാഗമായി ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതായി പ്രഖ്യാപിച്ചതാണ് പ്രധാന ആശങ്കയ്ക്ക് കാരണം.
എന്താണ് ഹോർമുസ് കടലിടുക്ക്
ഇറാനും ഒമാനും ഇടയിൽ സ്ഥിതിചെയ്യുന്ന ഇടുങ്ങിയ കടലിടുക്കാണ് ഹോർമുസ് കടലിടുക്ക്. പേർഷ്യൻ ഗൾഫിനെ അറേബ്യൻ കടലുമായി ബന്ധിപ്പിക്കുന്ന ഈ സമുദ്രമാർഗം, ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണ ഗതാഗത പാതകളിലൊന്നായി കണക്കാക്കപ്പെടുന്നു. സൗദി അറേബ്യ, ഇറാഖ്, കുവൈത്ത്, യുഎഇ, ഖത്തർ, ഇറാൻ എന്നിവയുൾപ്പെടെയുള്ള പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങൾ അസംസ്കൃത എണ്ണയും ദ്രവീകൃത പ്രകൃതിവാതകവും (LNG) കയറ്റുമതി ചെയ്യാൻ ആശ്രയിക്കുന്നത് ഈ കടലിടുക്കിനെയാണ്.
ഏകദേശം 160 കിലോമീറ്റർ നീളവും 33 കിലോമീറ്റർ വീതിയുമുള്ള ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാനാകുന്നത് വെറും 3.2 കിലോമീറ്റർ വീതിയുള്ള കപ്പൽചാലിലൂടെയാണ്. പലഭാഗങ്ങളിലും ആഴം കുറവുള്ളതിനാൽ കടൽമൈനുകൾ സ്ഥാപിക്കാനും, കരയിലും കടലിലും നിന്ന് കപ്പലുകൾക്ക് നേരെ ആക്രമണം നടത്താനും സാധ്യതയുണ്ട്. നാവിഗേഷൻ സംവിധാനങ്ങളെ ലക്ഷ്യമിട്ട് സൈബർ ആക്രമണങ്ങൾ നടത്താനുള്ള ശേഷിയും ഇറാനുണ്ടെന്നതാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഈ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ ഇറാനിന് തന്ത്രപ്രധാനമായ മേൽക്കൈ നൽകുന്നു.
ലോകത്ത് സമുദ്രമാർഗം കൊണ്ടുപോകുന്ന എണ്ണയുടെ ഏകദേശം നാലിലൊന്ന് ഹോർമുസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. ഒപെക് രാജ്യങ്ങളായ സൗദി അറേബ്യ, ഇറാൻ, യുഎഇ, കുവൈത്ത്, ഇറാഖ് എന്നിവയുടെ കയറ്റുമതിക്ക് പ്രധാന ആശ്രയം ഇതാണ്. ലോകത്തിലെ മുൻനിര LNG കയറ്റുമതിക്കാരായ ഖത്തറും ഈ മാർഗത്തെ ആശ്രയിച്ചാണ് വിതരണങ്ങൾ നടത്തുന്നത്. ഗൾഫ് മേഖലയിൽ നിന്ന് എണ്ണ കയറ്റുമതി ചെയ്യാൻ പ്രായോഗികമായ മറ്റൊരു സമുദ്രമാർഗമില്ലെന്നതാണ് ഹോർമുസിന്റെ ഏറ്റവും വലിയ പ്രസക്തി.
പ്രതിദിനം ശരാശരി 20 ദശലക്ഷത്തിലധികം ബാരൽ എണ്ണ ഈ കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. ഈ പാത ഒരു ദിവസത്തേക്ക് പോലും അടച്ചാൽ എണ്ണവില ബാരലിന് 120 മുതൽ 150 ഡോളർ വരെ ഉയരാനിടയുണ്ടെന്നാണ് വിലയിരുത്തൽ. ചൈന, യൂറോപ്പ്, യു.എസ്. എന്നിവിടങ്ങളിലേക്കുള്ള എണ്ണ വിതരണം തടസപ്പെടുന്നതോടെ ആഗോള വിതരണ ശൃംഖല തകരുകയും വിലകൾ കുതിച്ചുയരുകയും ചെയ്യും.
ഇന്ത്യയ്ക്ക് നേരിടേണ്ടിവരുന്ന ആഘാതങ്ങൾ
ആവശ്യമായ അസംസ്കൃത എണ്ണയുടെ ഏകദേശം 90% ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. രാജ്യാന്തര വില ഉയർന്നാൽ ഇന്ത്യയുടെ ഇറക്കുമതി ചെലവ് ഗണ്യമായി വർധിക്കും. ഇന്ത്യയുടെ എണ്ണ വാങ്ങലിന്റെ ഏകദേശം 40% ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നിവ ഉൾപ്പെടുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ നിന്നാണ്.
ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയുടെ കയറ്റുമതിയുടെ ഏകദേശം 13% നടക്കുന്നു. ഈ മാർഗം തടസപ്പെട്ടാൽ ഇന്ത്യയുടെ വിദേശ വ്യാപാരത്തെയും ഗുരുതരമായി ബാധിക്കും. കയറ്റുമതി വൈകൽ, ഷിപ്പിംഗ് ചെലവ് വർധന, ഇൻഷുറൻസ് പ്രീമിയം ഉയർച്ച എന്നിവ വ്യാപാര മേഖലയ്ക്ക് അധിക ഭാരം സൃഷ്ടിക്കും.
Content Highlights: A possible closure of the Strait of Hormuz is raising concerns about oil supply disruptions affecting Gulf exporters and major importers like India. The strategic waterway carries a significant share of global crude shipments, and any blockade could increase energy costs, disrupt trade routes, and threaten economic stability across the region.