'ബോർഡ് ഓഫ് പീസ്' സംഘടന രൂപീകരിച്ച് ട്രംപ്, മുഖം തിരിച്ച് ഇന്ത്യ; പാകിസ്താനും UAEയുമടക്കം 19 രാജ്യങ്ങൾ അംഗങ്ങൾ

നിലവിലെ ലോകക്രമത്തിന് ഈ സംഘടന ഭീഷണിയാണെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്

'ബോർഡ് ഓഫ് പീസ്' സംഘടന രൂപീകരിച്ച് ട്രംപ്, മുഖം തിരിച്ച് ഇന്ത്യ; പാകിസ്താനും UAEയുമടക്കം 19 രാജ്യങ്ങൾ അംഗങ്ങൾ
dot image

വാഷിങ്ടണ്‍: ലോക സമാധാനത്തിന് വേണ്ടിയെന്ന വാദവുമായി പുതിയ അന്താരാഷ്ട്ര സംഘടന രൂപീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബോര്‍ഡ് ഓഫ് പീസ് എന്ന പേരിലുള്ള പുതിയ സംഘടന നിലവില്‍ വന്നതായി വൈറ്റ് ഹൗസ് അറിയിച്ചു. ട്രംപായിരിക്കും ബോര്‍ഡിന്റെ സ്ഥിരം മേധാവി. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസില്‍ ചേര്‍ന്ന ലോക എക്കണോമിക് ഫോറത്തിലാണ് ട്രംപ് പുതിയ സംഘടനയില്‍ ഒപ്പുവെച്ചത്.

ഗാസയില്‍ സമാധാനത്തിനായി പ്രവര്‍ത്തിക്കുമെന്ന് അവകാശപ്പെട്ടാണ് സംഘടന രൂപം കൊണ്ടത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ സംഘടനയോട് മുഖം തിരിച്ചിരിക്കുകയാണ്. ഇന്ത്യ, ചൈന, റഷ്യ, ഫ്രാന്‍സ്, യുകെ തുടങ്ങി അമേരിക്ക ഒഴികെ ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിലെ ഒരു സ്ഥിര അംഗവും ജി7ലെ ഒരു അംഗവും ഇതില്‍ അംഗത്വമെടുത്തിട്ടില്ല.

കഴിഞ്ഞ ആഴ്ച ഇന്ത്യ അടക്കം 60 രാജ്യങ്ങളെ സംഘടനയുടെ ഭാഗമാകാന്‍ വേണ്ടി ട്രംപ് ക്ഷണിച്ചിരുന്നു. എന്നാല്‍ 19 രാജ്യങ്ങള്‍ മാത്രമേ ബോര്‍ഡ് ഓഫ് പീസില്‍ അംഗത്വമെടുത്തിട്ടുള്ളു. പാകിസ്താന്‍, യുഎഇ, ഖത്തര്‍, സൗദി, ഇന്തോനേഷ്യ, അര്‍ജന്റീന, തുര്‍ക്കി, ബഹ്‌റൈന്‍, അര്‍മേനിയ, അസര്‍ബൈജാന്‍, ബള്‍ഗേറിയ, ഹംഗറി, കസാഖിസ്ഥാന്‍, കൊസോവോ, ഉസ്ബക്കിസ്ഥാന്‍, പരാഗ്വേ, ജോര്‍ദാന്‍, മൊറോക്കോ, മംഗോളിയ എന്നീ രാജ്യങ്ങളാണ് സംഘടനയില്‍ അംഗത്വമെടുത്തത്.

ഒരു ബില്യണ്‍ ഡോളറാണ് അംഗത്വത്തിന് നല്‍കേണ്ടത്. സംഘടനയ്‌ക്കെതിരെ ഗുരുതര വിമര്‍ശനങ്ങളാണ് വരുന്നത്. നിലവിലെ ലോകക്രമത്തിന് ഈ സംഘടന ഭീഷണിയാണെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭയും രംഗത്തെത്തിയിട്ടുണ്ട്.

ക്ഷണം നിരസിച്ച ഫ്രാന്‍സിന് ഭീഷണിയുമായി ട്രംപ് രംഗത്തെത്തിയിരുന്നു. ഫ്രാന്‍സില്‍ നിന്നുള്ള വൈനിനും ഷാംപെയിനിനും 200 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. അതേസമയം ഫോറത്തില്‍ വെച്ച് ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചെന്ന് ട്രംപ് വീണ്ടും ആവര്‍ത്തിച്ചു. കോടിക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിച്ചതിന് തന്നെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ് പ്രശംസിച്ചെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Content Highlights: US president Donald Trump has officially signed newly created international body called the Board of Peace at the world economic forum in Davos

dot image
To advertise here,contact us
dot image