

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ ഗ്രാഫ് താഴേക്കെന്ന് പുതിയ സർവ്വേ റിപ്പോർട്ട്. ദി ന്യൂയോർക്ക് ടൈംസും സിയേന യൂണിവേഴ്‌സിറ്റിയും ചേർന്ന് നടത്തിയ സർവ്വേ റിപ്പോർട്ടാണ് പുറത്തുവന്നത്. ട്രംപ് തെറ്റായ വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ഭൂരിപക്ഷം വോട്ടർമാരും അഭിപ്രായപ്പെട്ടതായി സർവ്വേ ചൂണ്ടികാണിക്കുന്നു.
സാമ്പത്തികവും സാമൂഹികവുമായ കാര്യങ്ങളിൽ ട്രംപിന്റെ നിലപാടുകൾ അമേരിക്കക്കാരെ കൂടുതൽ ബുദ്ധിമുട്ടിക്കുകയാണ് ചെയ്തതെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. പ്രതിരോധം, കുടിയേറ്റം, റഷ്യ-യുക്രൈൻ യുദ്ധം, വെനസ്വേലയിലെ കടന്നുകയറ്റം തുടങ്ങിയ കാര്യങ്ങളിലെ ട്രംപിന്റെ നയത്തെ ഭൂരിഭാഗം അമേരിക്കക്കാരും പിന്തുണക്കുന്നില്ല എന്നാണ് സർവ്വേ വ്യക്തമാക്കുന്നത്. ട്രംപിന്റെ നയങ്ങൾ ജീവിതം കൂടുതൽ ബുദ്ധിമുട്ടിലാക്കിയെന്നും സർവ്വേ ഫലം വ്യക്തമാക്കുന്നു.
ട്രംപിന്റെ ആദ്യ ഭരണം തന്നെ ഒരു പരാജയമായിരുന്നു എന്ന് 58% ആളുകൾ സർവ്വേയിലൂടെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ട്രംപിന്റെ നിലപാടുകൾ രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമാക്കിയെന്ന് 49% പേർ പറയുന്നു. എന്നാൽ 32% വോട്ടർമാർ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു എന്ന അഭിപ്രായക്കാരാണ്.
നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധന തടയാൻ ട്രംപ് കാര്യമായി ഒന്നും ചെയ്തില്ല എന്ന നിലപാട് 64% വോട്ടർമാർക്കുണ്ട്. മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ എന്ന മുദ്രാവാക്യം ഉയർത്തുന്ന 42% റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾക്കും ഇതേ അഭിപ്രായം തന്നെയാണെന്ന് സർവ്വേ വെളിപ്പെടുത്തുന്നുണ്ട്. ട്രംപിന്റെ പ്രധാന സാമ്പത്തിക നയങ്ങളിലൊന്നായ താരിഫ് നടപടിയെ 54% വോട്ടർമാരും എതിർക്കുന്നുണ്ട്.
ചുരുക്കത്തിൽ, ട്രംപ് പ്രസിഡന്റ് പദത്തിൽ മടങ്ങിയെത്തിയതിന് ശേഷം രാജ്യത്തിന് പുരോഗതി ഉണ്ടായി എന്ന് അമേരിക്കയിലെ മൂന്നിൽ ഒരാൾ പോലും വിശ്വസിക്കുന്നില്ലെന്ന് സാരം.
Content Highlights: A new survey report conducted jointly by The New York Times and Siena College has been released, indicating that President Donald Trump’s approval ratings are on a downward trend. According to the survey, a majority of voters believe that Trump is focusing on the wrong issues.