

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാള്‍ സ്വദേശിനിയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കഠിന പരിശ്രമങ്ങൾക്ക് അവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ കഴിഞ്ഞില്ലയെന്നും ഇരുപത്തിരണ്ടുകാരി ദുര്‍ഗ കാമിയുടെ ജീവൻ രക്ഷിക്കുന്നതിനും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനും എറണാകുളം ജനറൽ ആശുപത്രി ടീം സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്തുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായ ദുര്‍ഗയ്ക്ക് ജീവൻരക്ഷ മെഷീനുകളുടെ പിന്തുണ കഴിഞ്ഞ ദിവസം മാറ്റുകയും അവൾ സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തിരുന്നു. ഫിസിയോതെറാപ്പിയും ആരംഭിച്ചിരുന്നു. ഇത് വലിയ പ്രതീക്ഷയായിരുന്നു നൽകിയതെന്നും വീണ ജോർജ് പറഞ്ഞു. നാളെ വരുമ്പോൾ വായിക്കാൻ പുസ്തകങ്ങൾ കൊണ്ട് വരണമെന്നാണ് അവൾ ഡോക്ടർസിനോട് അവസാനം പറഞ്ഞതെന്ന് ഡോ. ജോർജ് വാളൂരാൻ വിഷമത്തോടെ പറഞ്ഞുവെന്നും ശസ്ത്രക്രിയ കഴിഞ്ഞു കുറച്ചു ദിവസങ്ങൾക്കു ശേഷം ഐസിയുവിന് പുറത്തു നിന്ന് അവളെ കണ്ടതാണ് ഇപ്പോൾ മനസ്സിലെന്നും മന്ത്രി പറഞ്ഞു. പെൺകുട്ടിയുടെ സഹോദരന്റെയും മറ്റു പ്രിയപ്പെട്ടവരുടെയും
ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും വീണ ജോർജ് വ്യക്തമാക്കി.
വീണ ജോർജിൻ്റെ പോസ്റ്റിൻ്റെ പൂർണ്ണ രൂപം
കഠിന പരിശ്രമങ്ങൾക്ക് അവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ കഴിഞ്ഞില്ല . ഏറെ ദുഃഖകരമായ കാര്യമാണ് ഇപ്പോൾ എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർഷാ വിളിച്ചു അറിയിച്ചത്. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായ ഇരുപത്തിയൊന്ന് വയസുള്ള നേപ്പാൾ സ്വദേശിനി മരണമടഞ്ഞു. ജീവൻരക്ഷ മെഷീനുകളുടെ പിന്തുണ കഴിഞ്ഞ ദിവസം മാറ്റുകയും അവൾ സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തിരുന്നു. ഫിസിയോതെറാപ്പിയും ആരംഭിച്ചിരുന്നു. ഇത് വലിയ പ്രതീക്ഷയായിരുന്നു നൽകിയത്. നാളെ വരുമ്പോൾ വായിക്കാൻ പുസ്തകങ്ങൾ കൊണ്ട് വരണമെന്നാണ് അവൾ ഡോക്ടർസിനോട് അവസാനം പറഞ്ഞതെന്ന് ഡോ ജോർജ് വാളൂരാൻ വിഷമത്തോടെ പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞു കുറച്ചു ദിവസങ്ങൾക്കു ശേഷം icuവിന് പുറത്തു നിന്ന് അവളെ കണ്ടതാണ് ഇപ്പോൾ മനസ്സിൽ. അവളുടെ ജീവൻ രക്ഷിക്കുന്നതിനും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനും എറണാകുളം ജനറൽ ആശുപത്രി ടീം സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്തിരുന്നു. പെൺകുട്ടിയുടെ സഹോദരന്റെയും മറ്റു പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു.
Content Highlight : Health Minister Veena George expressed grief after the death of a Nepal woman who underwent a heart transplant