

തായ്‌പേയ് സിറ്റി: തായ്‌വാനിൽ സ്വവർഗ ദമ്പതികൾക്ക് വാടക ഗർഭധാരണത്തിലൂടെ നാലുമക്കൾ ജനിച്ചതിന് പിന്നാലെ സമൂഹമാധ്യമത്തിൽ രൂക്ഷ വിമർശനം. സ്ത്രീയുടെ ഗർഭപാത്രം ദുരുപയോഗം ചെയ്ത് നടത്തിയ സ്വാർത്ഥമായ നടപടിയെന്നും പണം കൊടുത്ത് വാങ്ങിയ കുഞ്ഞുങ്ങളെന്നുമടക്കം നിരവധി കമന്റുകളാണ് ദമ്പതികളെ വിമർശിച്ച് കൊണ്ട് സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടത്. വാടക ഗർഭധാരണത്തിനായി മെക്‌സിക്കോയാണ് ദമ്പതികൾ തെരഞ്ഞെടുത്തതെന്ന് സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ലിയുവും പങ്കാളി ലിന്നും 2022ലാണ് വിവാഹിതരായത്.
വിവാഹിതരായപ്പോൾ മുതൽ കുട്ടികൾ വേണമെന്ന ആഗ്രഹമുണ്ടായിരുന്നതായി ദമ്പതികൾ പറയുന്നു. ഉക്രൈൻ, കൊളംമ്പിയ എന്നിവിടങ്ങളിൽ ഇവർ ഇതുമായി ബന്ധപ്പെട്ട് സന്ദർശിച്ചിരുന്നു. ഏറ്റവും ഒടുവിലാണ് മെക്‌സിക്കോയിൽ വാടക ഗർഭധാരണം നടത്താൻ തീരുമാനിച്ചത്. മെക്‌സിക്കോയിൽ വാടക ഗർഭധാരണം സംബന്ധിച്ച് പ്രത്യേക നിയന്ത്രങ്ങളൊന്നും തന്നെയില്ല. രാജ്യത്ത് ചിലയിടങ്ങിൽ ഇത് നിയമപരമാണ് താനും. ഇതോടെയാണ് മെക്‌സിക്കോ തന്നെ തെരഞ്ഞെടുക്കാൻ ദമ്പതികൾ തീരുമാനിച്ചത്. വാടക ഗർഭധാരണത്തിലൂടെ നാലു കുട്ടികൾ ജനിച്ചതിനെ നാലുമടങ്ങ് സന്തോഷമെന്നാണ് ദമ്പതികൾ സമൂഹമാധ്യമത്തില്‍ കുറിച്ചത്.
ഇതിന് പിന്നാലെ നിരവധി പേർ ആശംസയുമായി എത്തി. എന്നാൽ മറ്റൊരു വിഭാഗം കടുത്ത വിമർശനമാണ് ഉയർത്തിയത്. ഒരു ദാതാവിൽ നിന്നുള്ള അണ്ഡം ഉപയോഗിച്ച് രണ്ട് സ്ത്രീകളിലാണ് ഗർഭധാരണം നടത്തിയതെന്നാണ് ദമ്പതികൾ പറയുന്നത്. മെക്ക്‌സിക്കോയിൽ കാര്യങ്ങൾ കൃത്യവും നിയമപരവുമായി നടക്കുമെന്ന് ഉറപ്പായതിനാലാണ് അവിടം തന്നെ തെരഞ്ഞെടുത്തതെന്നും കമന്റുകൾക്ക് ഇവർ മറുപടി നൽകുന്നുണ്ട്. നാലു കുഞ്ഞുങ്ങള്‍ക്കും രക്ഷിതാക്കളുടെ സ്ഥാനത്ത് രണ്ട് പിതാക്കന്മാരുടെയും പേരാണ് ജനന സർട്ടിഫിക്കറ്റിലുള്ളത്.
അതേസമയം തായ്‌വാനിൽ വാടകഗർഭധാരണം നിരോധിച്ചിട്ടുണ്ട്. അതിനാൽ നിയമപരമായ പല നൂലാമാലകൾ നേരിടേണ്ടി വരും. മെക്‌സിക്കോയിൽ വാടക ഗർഭധാരണത്തിനായി എത്ര രൂപ ചെലവാക്കി എന്ന കാര്യത്തിൽ ദമ്പതികൾ വ്യക്തത വരുത്തിയിട്ടില്ല. ഇന്ത്യൻ രൂപയിൽ ഏകദേശം 58,26,697 രൂപയ്ക്കും 62,74,905 രൂപയ്ക്കും ഇടയിലാകും ചെലവെന്നാണ് കരുതുന്നത്. 2019ലാണ് തായ്‌വാൻ സ്വവർഗ വിവാഹം നിയമപരമാക്കിയത്. ഏഷ്യയിൽ ഈ നിയമം നടപ്പിലാക്കുന്ന ആദ്യരാജ്യമാണ് തായ്‌വാൻ.
Content Highlights: Same sex couple from Taiwan faces criticism after welcoming quadruplets