

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പല മേഖലകളിലെയും ആശുപത്രികളില്‍ താലിബാന്‍ സര്‍ക്കാര്‍ ബുര്‍ഖ നിര്‍ബന്ധമാക്കിയതായി ചാരിറ്റബിള്‍ ട്രസ്റ്റ് മെഡെസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സിനെ (എംഎസ്എഫ്) ഉദ്ദരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ആശുപത്രിയിലാണ് ഇത്തരത്തില്‍ ഒരു നിയമം അവസാനമായി നടപ്പിലാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആശുപത്രിയില്‍ എത്തുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരും രോഗികളും ബൂര്‍ഖ ധരിക്കണമെന്നാണ് താലിബാന്‍ ഉത്തരവ്. നവംബര്‍ അഞ്ച് മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അടിയന്തര ചികിത്സ ആവശ്യമുള്ള സ്ത്രീകളെ പോലും ബുര്‍ഖ ധരിക്കാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കില്ലെന്നും നിയമം നടപ്പിലാക്കിയതിന് ശേഷം അടിയന്തര ചികിത്സകള്‍ 28% കുറഞ്ഞതായും എംഎസ്എഫ് വ്യക്തമാക്കിയതായി ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. ചില ആശുപത്രികളുടെ കവാടത്തില്‍ താലിബാന്‍ ഗാര്‍ഡുകളെ നിയോഗിച്ചിട്ടുണ്ടെന്നും അവര്‍ ബുര്‍ഖ ധരിക്കാത്ത സ്ത്രീകളെ അകത്തേക്ക് കടത്തി വിടുന്നില്ലെന്നും എംഎസ്എഫ് ചൂണ്ടിക്കാണിക്കുന്നുണ്ട്. സംഭവത്തിൽ പ്രതിഷേധവുമായി നിരവധി സംഘടനകളും മറ്റും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, ആരോപണങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് താലിബാന്‍. ആശുപത്രിയില്‍ ബുര്‍ഖ ധരിക്കുന്നതുമായി ബന്ധപ്പെട്ട് പടരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നാണ് താലിബാന്റെ അവകാശവാദം. അഫ്ഗാനിസ്ഥാനിലെ ചില മേഖലകളില്‍ മാത്രമാണ് ബുര്‍ഖ ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങളുള്ളത് എന്നും എല്ലായിടത്തും ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല എന്നുമാണ് താലിബാന്റെ നിലപാട്. അതാത് സ്ഥലങ്ങളിലെ പ്രാദേശിക ഭരണകൂടങ്ങളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് എന്നും താലിബാന്‍ കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിൽ താലിബാൻ ഭരണം ആരംഭിച്ചത് മുതൽ സ്ത്രീകൾക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. താലിബാന്‍ സ്ത്രീകളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളെ വിമര്‍ശിച്ചുകൊണ്ട് ഐക്യരാഷ്ട്ര സഭ പോലും രംഗത്തെത്തിയിട്ടും നിലപാടില്‍ നിന്ന് വ്യതിചലിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല.
Content Highlight; Taliban mandate burka for women seeking hospital treatment in Afghanistan