

ഏകദിന ക്രിക്കറ്റിന്റെ സംരക്ഷണത്തിനായി ഏകദിന ക്രിക്കറ്റ് സൂപ്പർ ലീഗ് തിരിച്ചുകൊണ്ടുവരാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. 2027 ഏകദിന ലോകകപ്പിന് ശേഷമായിരിക്കും സൂപ്പർ ലീഗ് നടക്കുക. മുമ്പ് 2020 ജൂലൈ മുതൽ ഏകദിന സൂപ്പർ ലീഗ് നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
സൂപ്പർ ലീഗ് നടത്തിയാൽ ഏകദിന ക്രിക്കറ്റിന് പുതുജീവൻ നൽകാൻ സാധിച്ചേക്കുമെന്നാണ് ഐസിസി നിരീക്ഷണം. ഏകദിന ക്രിക്കറ്റിനോടുള്ള ആളുകളുടെ താൽപ്പര്യം കുറഞ്ഞതല്ല, ശരിയായ ഘടനയിൽ പരമ്പരകൾ നടത്താത്തതാണ് പ്രശ്നമെന്ന് ഐസിസിയിലെ അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.
13 ടീമുകൾ ഉൾപ്പെടുന്നതാണ് ഏകദിന സൂപ്പർ ലീഗ്. ഐസിസി റാങ്കിങ്ങിലെ ആദ്യ 12 ടീമുകളും ഒരു അസോസിയേറ്റ് രാജ്യവും ഉൾപ്പെടുന്നതാണ് സൂപ്പർ ലീഗ്. 2028ൽ ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഫോർമാറ്റ് എങ്ങനെയാണെന്ന് ചർച്ചകൾ ആരംഭിച്ചിട്ടില്ല.
2019ലെ ഏകദിന ലോകകപ്പിന് ശേഷം സൂപ്പർ ലീഗ് നടന്നിരുന്നു. ഐസിസി റാങ്കിങ്ങിലെ ആദ്യ 12 ടീമുകൾക്കൊപ്പം നെതർലാൻഡ്സും ലീഗിൽ മത്സരിച്ചു. ഓരോ ടീമുകൾക്കും മൂന്ന് ഏകദിന മത്സരങ്ങൾ ഉൾപ്പെടുന്ന എട്ട് പരമ്പരകൾ ലഭിക്കും. നാല് പരമ്പരകൾ സ്വന്തം സ്റ്റേഡിയങ്ങളിലും നാല് പരമ്പരകൾ എതിരാളികളുടെ സ്റ്റേഡിയങ്ങളിലും നടക്കും.
പോയിന്റ് ടേബിളിൽ ആദ്യ ഏഴ് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്ക് അടുത്ത തവണത്തെ ലോകകപ്പിന് യോഗ്യത ലഭിക്കും. മറ്റ് ടീമുകൾ യോഗ്യതാ മത്സരങ്ങൾ കളിക്കണം. എന്നാൽ കഠിനമായ മത്സരക്രമങ്ങൾ ചെറിയ ടീമുകൾക്കിടെയിൽ നിരാശ ഉണ്ടാക്കിയതാണ് ഏകദിന സൂപ്പർ ലീഗ് ഉപേക്ഷിക്കാൻ കാരണം. കൂടുതൽ കരുത്താർന്ന ഒരു മത്സരക്രമം അടുത്ത സൂപ്പർ ലീഗിൽ സൃഷ്ടിക്കുകയാണ് ഐസിസിക്ക് മുന്നിലുള്ള വെല്ലുവിളി.
Content Highlights: ODI Super League revival on the cards