ഭീകരത നഗരങ്ങളെ ആക്രമിച്ചേക്കാം,എന്നാൽ ഒരിക്കലും അതിന് നമ്മുടെ ആത്മാവിനെ ഇളക്കാനാകില്ല;അനുശോചനവുമായി നെതന്യാഹു

ഇന്ത്യയ്ക്കൊപ്പം ഇസ്രയേൽ ശക്തമായി കൂടെയുണ്ടാകുമെന്ന് നെതന്യാഹു

ഭീകരത നഗരങ്ങളെ ആക്രമിച്ചേക്കാം,എന്നാൽ ഒരിക്കലും അതിന് നമ്മുടെ ആത്മാവിനെ ഇളക്കാനാകില്ല;അനുശോചനവുമായി നെതന്യാഹു
dot image

തെൽഅവീവ്: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ഭീകരാക്രമണത്തിൽ അനുശോചനമറിയിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഇന്ത്യക്കൊപ്പം ഇസ്രയേൽ ശക്തമായി കൂടെയുണ്ടാകുമെന്നും നെതന്യാഹുവിന്റെ ഓഫീസ് എക്‌സിൽ കുറിച്ചു. പ്രിയ സുഹൃത്ത് നരേന്ദ്രമോദി, ധീരരായ ഇന്ത്യൻ ജനത എന്നിങ്ങനെ അഭിസംബോധന ചെയ്തുകൊണ്ടാണ് എക്‌സ് കുറിപ്പ്. നെതന്യാഹു, ഭാര്യ സാറ, ഇസ്രയേൽ ജനത എന്നിവരുടെ പേരിലാണ് അനുശോചന സന്ദേശം.

'ഇന്ത്യയും ഇസ്രയേലും അഖണ്ഡമായ സത്യത്തിൽ അടിയുറച്ച് നിലകൊള്ളുന്ന പുരാതന രാഷ്ട്രമാണ്. ഭീകരത നമ്മുടെ നഗരങ്ങളെ ആക്രമിച്ചേക്കാം, പക്ഷേ അതിന് ഒരിക്കലും നമ്മുടെ ആത്മാവിനെ ഇളക്കാനാകില്ല. നമ്മുടെ രാഷ്ട്രങ്ങളുടെ വെളിച്ചം നമ്മുടെ ശത്രുക്കളുടെ ഇരുട്ടിനെ മറികടക്കും' നെതന്യാഹു കുറിച്ചു. ഇസ്രയേൽ വിദേശകാര്യമന്ത്രിയും ഇന്ത്യയിലെ ഇസ്രായേൽ അംബാസഡറും നേരത്തെ അനുശോചനം അറിയിച്ചിരുന്നു.

തിങ്കളാഴ്ച വൈകിട്ട് 6.52 ഓടെയായിരുന്നു ചെങ്കോട്ടയ്ക്ക് സമീപം രാജ്യത്തെ നടുക്കിയ സ്ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ ഇതുവരെ 13 പേരുടെ മരണം സ്ഥിരീകരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഫരീദാബാദില്‍ വന്‍ അളവില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവവുമായി ചെങ്കോട്ട സ്ഫോടനത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നായിരുന്നു പൊലീസ് ആദ്യം അന്വേഷിച്ചത്. തുടര്‍ന്ന് പുറത്തുവന്ന വിവരങ്ങളെല്ലാം ഫരീദാബാദ് സംഭവവുമായി ബന്ധപ്പെട്ടതായിരുന്നു. ഫരീദാബാദ് റെയ്ഡില്‍ അറസ്റ്റിലായ ഡോക്ടര്‍മാരുമായി ബന്ധമുള്ള ഡോ. ഉമറാണ് സ്ഫോടനം നടന്ന കാര്‍ ഓടിച്ചിരുന്നത്.

ജമ്മു കശ്മീര്‍ പൊലീസ് ഉമറിന്റെ പിതാവ്, മാതാവ്, സഹോദരങ്ങള്‍ അടക്കം ആറ് പേരെ കസ്റ്റഡിയില്‍ എടുക്കുകയും വിശദമായ ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുകയുമായിരുന്നു. ഉമറിന്റെ മാതാവിന്റെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. മരിച്ചത് ഉമര്‍ തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടന്നുവരികയാണ്. അതേസമയം, സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ 10 അംഗ സംഘത്തെയണ് എന്‍ഐഎ നിയോഗിച്ചിട്ടുള്ളത്. എന്‍ഐഎ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വിജയ് സാഖറെയ്ക്കാണ് അന്വേഷണ സംഘത്തിന്റെ ചുമതല.

Content Highlights: Red Fort Incident; Benjamin Netanyahu expressed condolences

dot image
To advertise here,contact us
dot image