

ഇസ്ലാമാബാദ്: പാകിസ്താനില്‍ ചാവേറാക്രമണം. സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്ലാമാബാദ് ജുഡീഷ്യല്‍ കോംപ്ലക്‌സിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. കോംപ്ലക്‌സിന് സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്.
ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് ആക്രമണമുണ്ടായതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവസ്ഥലത്ത് നിന്നും ആറ് കിലോമീറ്റര്‍ അകലെ വരെ സ്‌ഫോടന ശബ്ദം കേട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്‌ഫോടനത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി.
സംഭവത്തില്‍ അഫ്ഗാനിസ്ഥാനെ കുറ്റപ്പെടുത്തി പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് രംഗത്തെത്തി. ജില്ലാ കോടതി ആക്രമിക്കാന്‍ ചാവേറാക്രമണത്തിലൂടെ ശ്രമിച്ചെങ്കിലും കോടതിക്കുള്ളിലേക്ക് ഇവര്‍ക്ക് കടക്കാന്‍ സാധിച്ചില്ലെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി മുഹ്‌സിന്‍ നഖ്‌വി അറിയിച്ചു. ചാവേറാക്രമണം നടത്തിയയാളെ തിരിച്ചറിയുകയാണ് പ്രധാനമെന്നും പിന്നിലുള്ള എല്ലാവരെയും നിയമത്തിന് മുന്നിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചാവേറാക്രമണത്തെ അപലപിച്ച് പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും രംഗത്തെത്തി.
Content Highlights: attack in Pakistan 12 killed