Mamdani making History: ന്യൂയോർക്കിലെ ആദ്യ കമ്മ്യൂണിസ്റ്റ് മുസ്‌ലിം മേയറായി മംദാനി

മംദാനി സ്ഥാനാര്‍ത്ഥിയായത് മുതല്‍ വിജയിക്കരുതെന്ന ഒറ്റ ലക്ഷ്യത്തില്‍ എല്ലാ പരിധികളും ലംഘിച്ചായിരുന്നു ട്രംപിന്റെ ഇടപെടല്‍

Mamdani making History: ന്യൂയോർക്കിലെ ആദ്യ കമ്മ്യൂണിസ്റ്റ് മുസ്‌ലിം മേയറായി മംദാനി
dot image

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിദ്വേഷ പരാമര്‍ശങ്ങളെയെല്ലാം തള്ളികൊണ്ട് ന്യൂയോര്‍ക്കിലെ ജനങ്ങള്‍ സൊഹ്‌റാന്‍ മംദാനിയെ മേയറായി തെരഞ്ഞെടുത്തിരിക്കുന്നു. മംദാനി സ്ഥാനാര്‍ത്ഥിയായത് മുതല്‍ വിജയിക്കരുതെന്ന ഒറ്റ ലക്ഷ്യത്തില്‍ എല്ലാ പരിധികളും ലംഘിച്ചായിരുന്നു ട്രംപിന്റെ ഇടപെടല്‍. എന്നാല്‍ ട്രംപിന്റെ വിദ്വേഷത്തിന്റെ മുനയൊടിച്ച് മംദാനി ജയിച്ച് വന്നതിനെ ജനാധിപത്യ-മതേതര വിശ്വാസികള്‍ ആഹ്ലാദത്തോടെയും ആശ്വാസത്തോടെയുമാണ് കാണുന്നത്. കാരണം അത്തരത്തിലുള്ള വിദ്വേഷ പ്രചാരണമാണ് ട്രംപും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കര്‍ട്ടിസ് സ്ലിവയും മംദാനിക്കെതിരെ തൊടുത്തുവിട്ടത്.

ഈ ശരങ്ങളെല്ലാം ഏറ്റ് മംദാനി നടന്നു കയറിയത് ചരിത്രത്തിലേക്ക് കൂടിയായിരുന്നു. ന്യൂയോര്‍ക്കിന്റെ മേയറാകുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് മംദാനി. മാത്രവുമല്ല, ന്യൂയോര്‍ക്കിന്റെ ചരിത്രത്തില്‍ ഈ പദവിയിലെത്തുന്ന ആദ്യ മുസ്‌ലിം, കമ്മ്യൂണിസ്റ്റ് മേയറാണ് 34കാരനായ സൊഹ്‌റാന്‍ മംദാനി. 111ാമത് മേയറായി, ഏറ്റവും പ്രായം കുറഞ്ഞ മേയറായി, മംദാനി ന്യൂയോര്‍ക്കിന്റെ അധികാരത്തിലേറുമ്പോള്‍ മുസ്‌ലിമായതിന്റെ പേരില്‍, കമ്മ്യൂണിസ്റ്റായതിന്റെ പേരില്‍ വേട്ടയാടപ്പെട്ട അമേരിക്കയിലെ മനുഷ്യര്‍ക്ക് പ്രതീക്ഷയാണ്.

Zohran Mamdani
സൊഹ്റാൻ മംദാനി

'ന്യൂയോര്‍ക്കില്‍ മുസ്‌ലിമായിരിക്കുമ്പോള്‍ അപമാനത്തെ പ്രതീക്ഷിക്കണം', എന്ന് രണ്ടാഴ്ച മുമ്പ് മംദാനി പറഞ്ഞിരുന്നു. പ്രതിപക്ഷ ബഹുമാനമില്ലാതെ കര്‍ട്ടിസ് സ്ലിവ മംദാനി ജിഹാദിനെ പിന്തുണക്കുന്നയാളാണെന്ന പ്രചരണം നടത്തിയതിന് പിന്നാലെയായിരുന്നു മംദാനിയുടെ ഈ പ്രതികരണം. സ്ഥാനാര്‍ത്ഥിയായത് മുതല്‍ മുസ്‌ലിം മതവിശ്വാസിയായതിനാല്‍ മാത്രം മംദാനി എതിരാളികളില്‍ നിന്നും കേട്ടത് ഇത്തരത്തിലുള്ള വിദ്വഷത്തിന്റെ വാക്കുകളായിരുന്നു.
മറ്റൊരു സെപ്റ്റംബര്‍ 11 ആക്രമണം നടന്നാല്‍ മംദാനി ആഹ്ലാദിക്കുമെന്നായിരുന്നു ന്യൂയോര്‍ക്കിന്റെ മുന്‍ ഗവര്‍ണറും മറ്റൊരു എതിര്‍ സ്ഥാനാര്‍ത്ഥിയുമായ ആന്‍ഡ്രിയോ ക്യുമോ പറഞ്ഞത്. എതിര്‍ സ്ഥാനാര്‍ത്ഥികളെല്ലാം തന്നെ 'തീവ്രവാദി'യായി ചിത്രീകരിച്ച ഒരു തെരഞ്ഞെടുപ്പിന് ശേഷം ആദ്യ മുസ്‌ലിം മേയറായി മംദാനി വരുന്നത് അമേരിക്കയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

Also Read:

ട്രംപിനോളം മംദാനിയെ വേട്ടയാടിയ മറ്റൊരു നേതാവുണ്ടാകില്ല. അതിന്റെ പ്രധാന കാരണം മംദാനി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെന്നതിനേക്കാളുപരി മംദാനി ഒരു കമ്മ്യൂണിസ്റ്റായതായിരുന്നു. 'നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍' എന്നാണ് മംദാനിയെ ട്രംപ് വിശേഷിപ്പിച്ചിരുന്നത്. രാജ്യത്ത് കമ്മ്യൂണിസ്റ്റിനെ ആവശ്യമില്ലെന്നും കമ്മ്യൂണിസ്റ്റ് നാശം വിതയ്ക്കുമെന്നായിരുന്നു മംദാനിക്കെതിരെ ട്രംപ് നടത്തിയ പ്രചരണം.

അധിനിവേശത്തിനും ഫാസിസത്തിനുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതും ട്രംപിനെ ചൊടിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. ഗുജറാത്ത് മുതല്‍ ഗാസ വരെ ഇടതുപക്ഷ ആശയത്തില്‍ ഉറച്ചുനിന്നുകൊണ്ടാണ് മംദാനി തന്റെ നിലപാടുകള്‍ വ്യക്തമാക്കത്. അന്താരാഷ്ട്ര മനുഷ്യാവകാശം, സാമ്രാജ്യത്വ വിരുദ്ധത, സാമ്പത്തിക പുനര്‍വിതരണം, കുടിയേറ്റക്കാരുടെയും തൊഴിലാളിവര്‍ഗ്ഗത്തിന്റെയും പുനരധിവാസം, LGBTQ+ അവകാശങ്ങള്‍, ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം, ഇന്ത്യയിലെ തീവ്രഹിന്ദുത്വ ദേശീയത, ആഗോള കുടിയേറ്റം, അന്തര്‍ദേശീയ നീതി, കാലാവസ്ഥാ സമത്വം തുടങ്ങിയവയില്‍ പലപ്പോഴായി മംദാനി നിലപാടുകള്‍ അറിയിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗുജറാത്ത് കലാപത്തിനെതിരെയും മംദാനി ശബ്ദിച്ചിരുന്നു. ഇന്ന് മംദാനി ന്യൂയോര്‍ക്കിന്റെ മേയറായി മാറുമ്പോള്‍ ലോകമെമ്പാടുമുള്ള മനുഷ്യ സ്‌നേഹികള്‍ക്ക് അത് ആഘോഷിക്കാനുള്ള വകയായതും ഇതൊക്കെ കൊണ്ടാണ്.

Content Highlights: Zohran Mamdani first Communist and Muslim Mayor in Newyork

dot image
To advertise here,contact us
dot image