
ആലപ്പുഴ: 71-ാമത് നെഹ്‌റു ട്രോഫി വള്ളം കളിയുടെ ഓളത്തിൽ പുന്നമടക്കായൽ. വള്ളംകളിയുടെ ആവേശ പോരിന് പുന്നമട അണിഞ്ഞൊരുങ്ങി. കായലും കരയും ആവേശത്തിന്റെ അലകടലാവാനിനി മണിക്കൂറുകൾ മാത്രം. ഓളപ്പരപ്പിലെ പുതിയ രാജാവിനെ കാത്തിരിക്കുകയാണ് വള്ളംകളി പ്രേമികൾ. രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മത്സര വള്ളങ്ങളുടെ എണ്ണത്തിൽ കുറവുണ്ട്. കഴിഞ്ഞ വർഷം 74 വള്ളങ്ങളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ ഇത്തവണ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 71 വള്ളങ്ങളാണ്. നെഹ്റു ട്രോഫി വെള്ളിക്കപ്പ് നേടാൻ ചുണ്ടനുകൾ അങ്കം വെട്ടുമ്പോൾ കരുത്തുകാട്ടാൻ ക്ലബ്ബുകളും തയ്യാറെടുത്തു കഴിഞ്ഞു.
ഫലപ്രഖ്യാപനത്തെക്കുറിച്ചുള്ള പരാതികൾ ഒഴിവാക്കാൻ ഇത്തവണ വെർച്വൽ ലൈനോടുകൂടിയ ഫിനിഷിങ്ങ് സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വെർച്വൽ ലൈനിൽ ആദ്യം സ്പർശിക്കുന്ന വള്ളമാകും വിജയി. ഓളപ്പരപ്പിലെ പുതിയ രാജാവിനെ കാത്തിരിക്കുകയാണ് വള്ളംകളി പ്രേമികൾ.
Content Highlights: nehru trophy vallamkali today