
ബ്രസീലിയ: ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ വീട്ടുതടങ്കലില്‍. ബ്രസീല്‍ സുപ്രീംകോടതിയുടെ ഉത്തരവിലാണ് നടപടി. സോഷ്യല്‍ മീഡിയ നിരോധനം ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. 2022ലെ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷവും അധികാരത്തില്‍ തുടരാന്‍ അട്ടിമറി നടത്തിയെന്ന ആരോപണത്തില്‍ വിചാരണ നേരിടുന്നതിനിടയിലാണ് വീട്ടുതടങ്കല്‍.
ബോള്‍സോനാരോ തന്റെ മേല്‍ ചുമത്തിയ ജുഡീഷ്യല്‍ നിയന്ത്രണ ഉത്തരവുകള്‍ പാലിച്ചില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അലക്‌സാണ്ടര്‍ ഡി മൊറായിസ് പറഞ്ഞു. നിരോധനം ലംഘിച്ച് തന്റെ മൂന്ന് മക്കളുടെ സോഷ്യല്‍ മീഡിയ ചാനലുകളിലൂടെ ബോള്‍സോനാരോ കണ്ടന്റുകള്‍ പ്രചരിപ്പിച്ചുവെന്നും കോടതി ഉത്തരവില്‍ പറയുന്നു.
അഭിഭാഷകരും കോടതിയുമായി ബന്ധപ്പെട്ടവരല്ലാതെ മറ്റുള്ളവര്‍ ബൊള്‍സോനാരോയെ സന്ദര്‍ശിക്കരുതെന്നും നേരിട്ടോ മൂന്നാം കക്ഷി മുഖേനയോ മാത്രമേ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടുള്ളുവെന്നും ഉത്തരവില്‍ പറയുന്നു. പ്രസിഡന്റ് ലുല ഡ സില്‍വയെയും അലക്‌സാണ്ടര്‍ ഡി മൊറായിസ് ഉള്‍പ്പെടെയുള്ളവരെ വധിക്കാന്‍ അടക്കം പദ്ധതിയിട്ട ക്രിമിനല്‍ സംഘടനയുടെ തലവനാണ് ബോള്‍സോനാരോയെന്ന് പ്രോസിക്യൂട്ടര്‍ ആരോപിച്ചു.
അതേസമയം ബോള്‍സൊനാരോയുമായി അടുത്ത വൃത്തങ്ങള്‍ വീട്ടുതടങ്കല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മൊബൈല്‍ ഉപയോഗത്തിനുള്ള നിയന്ത്രണവും അവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അടുത്ത ബന്ധമുള്ള നേതാവാണ് ബോള്‍സോനാരോ. അടുത്തിടെ ട്രംപ് ബ്രസീലിയന്‍ സാധനങ്ങള്‍ക്ക് പുതിയ നികുതി ചുമത്തിയിരുന്നു. നേരത്തെ ബോള്‍സോനാരോയ്‌ക്കെതിരെ നിയമനടപടികളെ വേട്ടയെന്ന് ട്രംപ് ആരോപിച്ചിരുന്നു.
Content Highlights: Brazil s former president Jair Bolsonaro under house arrest on Supreme Court order