ഒരുദിവസം അവര്‍ ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കുമെന്ന് ട്രംപ്: പാകിസ്താനുമായി കരാര്‍ ഒപ്പിട്ട് അമേരിക്ക

കഴിഞ്ഞ ദിവസം ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവയും അധിക പിഴയും ചുമത്തുമെന്ന് ട്രംപ് അറിയിച്ചിരുന്നു

dot image

വാഷിംഗ്ടണ്‍: പാകിസ്താനുമായി നിര്‍ണായക കരാര്‍ ഒപ്പിട്ട് അമേരിക്ക. പാകിസ്താനിലെ എണ്ണപ്പാടങ്ങള്‍ വികസിപ്പിക്കാന്‍ അവരുമായി കരാര്‍ ഒപ്പിട്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ഏത് കമ്പനിക്കാണ് ഇതിനായി ചുമതല നല്‍കേണ്ടത് എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും ചിലപ്പോള്‍ ഒരുദിവസം പാകിസ്താന്‍ ഇന്ത്യയ്ക്ക് എണ്ണ നല്‍കിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.

'പാകിസ്താനുമായി ഞങ്ങള്‍ ഒരു കരാര്‍ ഒപ്പിട്ടു. പാകിസ്താന്റെ എണ്ണപ്പാടങ്ങള്‍ വികസിപ്പിക്കുന്നതിനായി അമേരിക്ക അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. അതിന് നേതൃത്വം നല്‍കുന്ന കമ്പനിയെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിലാണ് ഞങ്ങള്‍. ഒരുപക്ഷെ ഒരുദിവസം അവര്‍ ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കാന്‍ സാധ്യതയുണ്ട്'- ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

'വൈറ്റ് ഹൗസ് വിവിധ രാജ്യങ്ങളുമായി വ്യാപാര കരാറുണ്ടാക്കുന്ന തിരക്കിലാണ്. പല രാജ്യങ്ങളുടെ നേതാക്കളുമായും ഞാന്‍ സംസാരിച്ചു. അവരെല്ലാം അമേരിക്കയെ സന്തോഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. സൗത്ത് കൊറിയന്‍ വ്യാപാര പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച്ച നടത്തും. അവര്‍ക്ക് നിലവില്‍ 25 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്. അത് കുറയ്ക്കാന്‍ അവര്‍ ഒരു ഓഫര്‍ മുന്നോട്ടുവെച്ചിട്ടുമുണ്ട്. അതുപോലെ മറ്റ് രാജ്യങ്ങളും അവരുടെ താരിഫ് കുറയ്ക്കുന്നതിനായി ഇത്തരം ഓഫറുകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇതെല്ലാം വ്യാപാരകമ്മി കുറയ്ക്കാന്‍ സഹായിക്കും. ഉചിതമായ സമയത്ത് ഇതുസംബന്ധിച്ച പൂര്‍ണമായ റിപ്പോര്‍ട്ട് പുറത്തിറക്കും'- ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം അമേരിക്ക ഇന്ത്യയ്ക്ക് 25 ശതമാനം തീരുവ ചുമത്തിയിരുന്നു. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവയും അധിക പിഴയും ചുമത്തുമെന്നാണ് ട്രംപ് അറിയിച്ചത്. റഷ്യയില്‍ നിന്ന് എണ്ണയും ആയുധവും ഇറക്കുമതി ചെയ്യുന്നതില്‍ അധിക തീരുവയ്ക്ക് പുറമെ പിഴയും ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനങ്ങളാണ് തങ്ങൾ സുഹൃത്തുക്കളാണെന്ന് പറയുമ്പോഴും ഡോണള്‍ഡ് ട്രംപ് എടുക്കുന്നത്.

Content Highlights: One day they will sell oil to India: America signs oil deal with Pakistan

dot image
To advertise here,contact us
dot image