
വാഷിംഗ്ടൺ: ഇന്ത്യ അടക്കമുള്ള വിദേശരാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരുടെ നിയമനങ്ങൾ നിർത്തണമെന്ന് ഗൂഗിൾ, മൈക്രോസോഫ്റ്റ് അടക്കമുള്ള അമേരിക്കയിലെ വൻകിട ടെക് കമ്പനികൾക്ക് നിർദ്ദേശം നൽകി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ കമ്പനികൾ ഇപ്പോൾ ചൈനയിൽ ഫാക്ടറികൾ നിർമ്മിക്കുന്നതിനോ ഇന്ത്യൻ ടെക് തൊഴിലാളികൾക്ക് ജോലി നൽകുന്നതിനോ പകരം വീട്ടിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നായിരുന്നു ട്രംപിൻ്റെ നിർദ്ദേശം. ബുധനാഴ്ച വാഷിംഗ്ടണിൽ നടന്ന ഒരു എഐ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
ടെക് വ്യവസായത്തിന്റെ ആഗോളവാദ സമീപനത്തെയും ട്രംപ് വിമർശിച്ചു. ഈ സമീപനം പല അമേരിക്കക്കാരെയും അവഗണിക്കുന്നതായി തോന്നിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ചില മുൻനിര ടെക് കമ്പനികളും അമേരിക്കയിലെ സ്വാതന്ത്ര്യം ഉപയോഗിച്ച് ലാഭം നേടിയിട്ടുണ്ടെന്നും എന്നാൽ അവർ രാജ്യത്തിന് പുറത്ത് വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ട്രംപ് ചൂണ്ടിക്കാണിച്ചു. പ്രസിഡന്റ് ട്രംപിന്റെ കീഴിൽ ആ ദിവസങ്ങൾ കഴിഞ്ഞുവെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കയ്ക്ക് വേണ്ടി നമുക്ക് എല്ലാ പിന്തുണയും നൽകേണ്ടതുണ്ട്. നിങ്ങൾ അമേരിക്കയെ ഒന്നാമതെത്തിക്കണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾ അത് ചെയ്യണം അതാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും ട്രംപ് വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട മൂന്ന് പുതിയ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ട്രംപ് ഇതേ ഉച്ചകോടിയിൽ ഒപ്പുവച്ചു. അമേരിക്കയിൽ എഐ വികസനം വർദ്ധിപ്പിക്കുന്നതിനും അതിൻ്റെ പുരോഗതിയെ മന്ദഗതിയിലാക്കുന്ന തടസ്സങ്ങൾ കുറയ്ക്കുന്നതിനുമുള്ള ഒരു ദേശീയ തന്ത്രമാണ് ഇതിൽ പ്രധാനം. ഡാറ്റാ സെന്ററുകളുടെ നിർമ്മാണം വേഗത്തിലാക്കുകയും കമ്പനികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നത് എളുപ്പമാക്കുകയും ചെയ്യുക എന്നതാണ് വിന്നിംഗ് ദി റേസ് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ ലക്ഷ്യം.
Content Highlights: No more tech hiring in India, Donald Trump tells Google, Microsoft and others to focus on Americans