'രണ്ട് ആണവ രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധം നിർത്തിച്ചു'; മോദിയുടെ ഫോൺകോളിന് ശേഷവും ഇന്ത്യ-പാക് സംഘർഷത്തിൽ ട്രംപ്

താന്‍ പാകിസ്താനെ സ്‌നേഹിക്കുന്നുവെന്നും മോദി അതിശയകരമായ മനുഷ്യനാണെന്നും ട്രംപ് പറഞ്ഞു

dot image

വാഷിങ്ടണ്‍: ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന് വീണ്ടും വാദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഫോണ്‍ കോളിന് ശേഷമാണ് വീണ്ടും ഇതേ വാദവുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. മോദിയെ അതിശയകരമായ മനുഷ്യന്‍ എന്ന് വിശേഷിപ്പിച്ച ട്രംപ് ഇരു രാജ്യങ്ങളുമായി വ്യാപാര കരാറുണ്ടാകുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.

' ഞാന്‍ യുദ്ധം നിര്‍ത്തിച്ചു. ഞാന്‍ പാകിസ്താനെ സ്‌നേഹിക്കുന്നു. മോദി അതിശയകരമായ മനുഷ്യനാണെന്ന് ഞാന്‍ കരുതുന്നു. കഴിഞ്ഞ രാത്രി അദ്ദേഹത്തോട് സംസാരിച്ചിരുന്നു. ഞങ്ങള്‍ ഒരു കരാറുണ്ടാക്കാന്‍ പോകുകയാണ്. ഞാനാണ് പാകിസ്താനും ഇന്ത്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചത്', ട്രംപ് പറഞ്ഞു. രണ്ട് പ്രധാനപ്പെട്ട ആണവ രാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധം താന്‍ നിര്‍ത്തിയെന്നും ഇതിനെ കുറിച്ച് ഒരു കഥയെഴുതണമെന്ന് താന്‍ കരുതുന്നില്ലെന്നും ട്രംപ് പറഞ്ഞു.

Donald Trump
ഡോണൾഡ് ട്രംപ്

എന്നാല്‍ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ അമേരിക്കയ്ക്ക് യാതൊരു പങ്കും ഇല്ലെന്നാണ് മോദി ട്രംപിനെ അറിയിച്ചത്. പാകിസ്താന്‍ അഭ്യര്‍ത്ഥിച്ചതുകൊണ്ടാണ് സൈനിക നടപടി അവസാനിപ്പിച്ചതെന്നും കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ ഒരു മധ്യസ്ഥ ശ്രമവും ആഗ്രഹിക്കുന്നില്ലെന്നും മോദി ട്രംപിനോട് പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനെപ്പറ്റിയുള്ള പൂര്‍ണ വിവരങ്ങള്‍ ട്രംപിനെ അറിയിക്കുകയും ചെയ്തു. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയ കാര്യം അറിയിച്ചത്. ട്രംപിന്റെ അവകാശവാദവും കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനവും ഇന്ത്യ തള്ളുകയായിരുന്നു. പിന്നാലെയാണ് ഇന്ന് ട്രംപ് വീണ്ടും പഴയ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം പാക് സൈനിക മേധാവി അസിം മുനീര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ട്രംപിനൊപ്പം ഉച്ചഭക്ഷണത്തിനാണ് അസിം മുനീറിനെ വൈറ്റ് ഹൗസ് ക്ഷണിച്ചിരിക്കുന്നത്. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെയാണ് അതിനിര്‍ണായകമായ ഈ കൂടിക്കാഴ്ച. നേരത്തെ അമേരിക്കന്‍ സൈന്യത്തിന്റെ 250-ാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് മുനീറിനെ അമേരിക്ക ക്ഷണിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ പാക് സൈനിക മേധാവിയ്ക്ക് അവസരമൊരുങ്ങുന്നത്.

Content Highlights: Donald Trump again claim he stopped India Pakistan conflict

dot image
To advertise here,contact us
dot image