
ന്യൂ ഡൽഹി: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യക്ക് പിന്തുണയുമായി ഇസ്രയേൽ. ഭീകരർക്ക് ഒളിച്ചിരിക്കാനാകില്ലെന്നും സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും ഇസ്രയേൽ അറിയിച്ചു.
ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട, വ്യാപ്തിയേറിയ തിരിച്ചടികളിൽ ഒന്നായി മാറുകയാണ് ഓപ്പറേഷൻ സിന്ദൂർ. ഒരേസമയം, ഒരു രാത്രിയിൽ ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ലക്ഷ്യം വെച്ചത്. കൊടുംഭീകര സംഘടനകളായ ജെയ്ഷെ ഇ മൊഹമ്മദ്, ലഷ്കർ ഇ തൊയ്ബ എന്നിവരുടെ കേന്ദ്രങ്ങളെയാണ് ഇന്ത്യ ലക്ഷ്യമിട്ടത്.
മുരിഡ്കയിലെ ലഷ്കർ ആസ്ഥാനവും ബഹാവൽപൂരിലെ ജയ്ഷെ ആസ്ഥാനവും ഇന്ത്യൻ സൈന്യം തകർത്തുകഴിഞ്ഞു. കശ്മീരിൽ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രികൾക്ക് അടിയന്തര സാഹചര്യം നേരിടാനും നിർദേശമുണ്ട്. തിരിച്ചടിക്ക് പിന്നാലെ വ്യോമ സേനയുടെ സൈനികാഭ്യാസവും തുടങ്ങിയിട്ടുണ്ട്.
ബഹാവൽപൂരിലെ ജയ്ഷെ ആസ്ഥാനം ഇന്ത്യ തകർത്തു. ഇന്ത്യ കൊടുംഭീകരനായി മുദ്രകുത്തിയിട്ടുള മസൂദ് അസർ സ്ഥാപിച്ചതാണ് ജയ്ഷെ ഇ മൊഹമ്മദ്. 2001ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം, പുൽവാമ, പത്താൻകോട്ട് എന്നിവയിൽ മസൂദിന്റെ പങ്ക് വലുതായിരുന്നു. 1994ൽ ഇന്ത്യ പിടികൂടിയ അസറിനെ 1999ൽ കാണ്ഡഹാർ വിമാന റാഞ്ചൽ ഉണ്ടായതോടെ ഇന്ത്യക്ക് വിട്ടുകൊടുക്കേണ്ടിവന്നു.
മുരിഡ്കയിലെ ലഷ്കർ ആസ്ഥാനവും ഇന്ത്യ തകർത്തു. രാജ്യത്തെ ഞെട്ടിച്ച, രാജ്യത്തിന്റെ കണ്ണീരായ മുംബൈ ഭീകരാക്രമണം ഉണ്ടായത് ലഷ്കർ ഇ തൊയ്ബയുടെ നേതൃത്വത്തിലാണ്. പഹൽഗാമിന് പിന്നിൽ എന്ന് ഇന്ത്യ കരുതുന്ന ഹാഫിസ് സയ്ദ് ആണ് ലഷ്കറിന്റെ തലവൻ.
Content Highlights: israel extends support to India at Operation Sindoor