
ധാക്ക: ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ സംബന്ധിച്ച് വീണ്ടും വിവാദ പരാമർശവുമായി ബംഗ്ലാദേശ്. ബംഗ്ലാദേശ് ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസ് സർക്കാരിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനാണ് വിവാദ പരാമർശവുമായി രംഗത്തെത്തിയിരിക്കുന്നത്.
പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്താനെ ആക്രമിച്ചാൽ, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ബംഗ്ലാദേശ് കൈവശപ്പെടുത്തണം എന്നായിരുന്നു വിരമിച്ച മേജർ ജനറൽ ഫസ്‌ലുർ റഹ്മാന്‍റെ വിവാദ പരാമർശം. ഇതിനായി ചൈനയുടെ സഹായം ആവശ്യപ്പെടണമെന്നും റഹ്‌മാൻ പറഞ്ഞു. ഷെയ്ക് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം ഇന്ത്യയുമായി ബംഗ്ലാദേശ് കൂടുതൽ അകലുകയാണ്. ഇതിനിടെയാണ് ഈ പരാമർശം ഉണ്ടാകുന്നത്.
നേരത്തെ ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനിസും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് നടത്തിയ ഒരു പരാമർശം വിവാദമായിരുന്നു. ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കരയാൽ മാത്രം ചുറ്റപ്പെട്ടതാണെന്നും കടൽ സുരക്ഷയിൽ ബംഗ്ലാദേശ് നിർണായകമാണെന്നും ചൈന ഈ സാഹചര്യം പ്രയോജനപ്പെടുത്തണം എന്നുമായിരുന്നു യൂനുസ് പറഞ്ഞത്.
ഈ പരാമർശത്തോട് ഇന്ത്യ കനത്ത രീതിയിലാണ് പ്രതികരിച്ചത്. ബംഗ്ലാദേശിന് അനുവദിച്ചിരുന്ന ട്രാൻസ്ഷിപ്മെന്റ് സൗകര്യം ഇന്ത്യ റദ്ദാകുകയാണ് ചെയ്‌തത്. മറ്റ് രാജ്യങ്ങളിലേക്ക് ചരക്ക് കയറ്റിയയക്കാൻ ബംഗ്ലാദേശിന് വേണ്ടി ഇന്ത്യൻ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവ തുറന്നുകൊടുത്തിരുന്നു. ഇതാണ് റദ്ദാക്കിയത്.
Content Highlights: Bangladesh again about Indian north east states