
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിലെ അസോസിയേറ്റ് പാര്‍ട്ടിയാക്കാന്‍ തീരുമാനം. ഹൈക്കമാന്‍ഡ് അനുമതി ലഭിച്ചാല്‍ പ്രഖ്യാപനമുണ്ടാകും. തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നത് പിന്നീട് തീരുമാനിക്കുമെന്നാണ് സൂചന. ഘടകകക്ഷിയായി പരിഗണിക്കാതെ സഹകക്ഷിയായി പരിഗണിക്കുന്ന രീതിയാണ് അസോസിയേറ്റ് പാര്‍ട്ടിയെന്നത്.
അസോസിയേറ്റ് പാര്‍ട്ടി മുന്നണിക്കകത്ത് നില്‍ക്കുന്ന പാര്‍ട്ടിയായിരിക്കില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ചുമതലപ്പെടുത്തിയത്. നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വറുമായി ചര്‍ച്ച നടത്തണം, ഹൈക്കമാന്‍ഡുമായി ആശയവിനിമയം നടത്തണമെന്നതായിരുന്നു യോഗത്തിലെ തീരുമാനം.
ക്ഷണിതാവ്, അസോസിയേറ്റ് പാര്‍ട്ടി എന്നീ രണ്ട് നിലയിലാണ് യുഡിഎഫില്‍ പാര്‍ട്ടികളെ ഉള്‍പ്പെടുത്തുന്നത്. നിലവില്‍ ആര്‍എംപി മാത്രമായിരുന്നു യുഡിഎഫിനുള്ളിലുള്ള അസോസിയേറ്റ് പാര്‍ട്ടി. നിയമസഭയില്‍ സ്വതന്ത്രമായ നിലപാടെടുക്കാന്‍ അസോസിയേറ്റ് പാര്‍ട്ടിക്ക് സാധിക്കും. അധികം വൈകാതെ തന്നെ തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടക കക്ഷിയാക്കി മാറ്റാനുള്ള നീക്കവും നടക്കുന്നുണ്ടെന്നാണ് സൂചന. തൃണമൂല്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തുന്നതില്‍ ഘടക കക്ഷികള്‍ക്ക് എതിര്‍പ്പില്ലെന്നാണ് ലഭിക്കുന്ന വിവരം.
Content Highlights: Trinamool Congress will be made an associate party in UDF