പോരിനിടെ അഭിനന്ദനം; കാർണിയെ ഫോണിൽ വിളിച്ച് ട്രംപ്, ഭാവിയിൽ നിർണായക കൂടിക്കാഴ്ച ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്

കാനഡയും അമേരിക്കയും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇരു നേതാക്കളും സംസാരിച്ചു

dot image

വാഷിങ്ടൺ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുവരും തമ്മിൽ ഭാവിയിൽ കൂടിക്കാഴ്ച തീരുമാനിച്ചതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് രാജ്യങ്ങളുടെയും പുരോഗതിക്കായും പരമാധികാര രാഷ്ട്രങ്ങൾ എന്ന നിലയിലും കാനഡയും അമേരിക്കയും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇരു നേതാക്കളും സംസാരിച്ചതായും റിപ്പോർട്ടുകളുണ്ട്.

കാനഡയും അമേരിക്കയും തമ്മിലുളള തർക്കങ്ങൾ നിലനിൽക്കെയാണ് നിർണായക തീരുമാനം. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ മാര്‍ക്ക് കാര്‍ണി പ്രതികരിച്ചിരുന്നു. അമേരിക്കയുമായുളള വ്യാപാര യുദ്ധത്തിൽ നമ്മൾ വിജയിക്കും. വരാൻ പോകുന്ന കുറച്ച് ദിവസങ്ങളും മാസങ്ങളും കനേഡിയൻ ജനതയ്ക്ക് വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും ചില ത്യാഗങ്ങൾ ആവശ്യമായി വരുമെന്നുമായിരുന്നു കാർണിയുടെ പ്രതികരണം. ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധവും, കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന ട്രംപിന്റെ ആഹ്വാനത്തിനെയും കാർണി എതിർത്തിരുന്നു.

കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത സമയത്തും ട്രംപിനെതിരെ നിലക്കൊളളുമെന്നാണ് കാർണി പറഞ്ഞിരുന്നത്. ട്രംപ് വ്യാപാര യുദ്ധം തുടരുന്നിടത്തോളം കാലം യുഎസ് നിർമ്മിത ഉൽപ്പന്നങ്ങൾക്ക് കാനഡ പ്രതികാര തീരുവ ഏർപ്പെടുത്തുമെന്നും, അമേരിക്കക്കാർ കാനഡയോട് ബഹുമാനം കാണിക്കുന്നത് വരെ സർക്കാർ താരിഫുകൾ തുടരുമെന്നും കാർണി അറിയിച്ചിരുന്നു. കനേഡിയൻ, മെക്സിക്കൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്തിയ ട്രംപിന്റെ നടപടി വലിയ വിവാദങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെയായിരുന്നു കാർണിയുടെ പ്രതികരണം. ട്രംപ് കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന് ആഹ്വാനം ചെയ്തതും വലിയ വിവാദമായിരുന്നു. കാനഡയെ യുഎസിന്റെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം തന്റെ ഔദ്യോ​ഗിക സോഷ്യൽ മീഡിയ അക്കൗഡിലൂടെയായിരുന്നു ട്രംപ് പങ്കുവെച്ചിരുന്നത്. ഇതിന് പിന്നാലെ ട്രംപിൻ്റെ പോസ്റ്റിൻ്റെ ഉള്ളടക്കത്തെ എതിർത്ത് ലിബറൽ പാർട്ടിയും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ രംഗത്തു വന്നിരുന്നു.

ഇന്നലെയാണ് കാനഡയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിൽ മാർക്ക് കാർണി വിജയിച്ചത്. ഡൊണാൾഡ് ട്രംപിന് എതിരെയുളള നടപടികൾക്കിടയിലാണ് ലിബറൽ പാർട്ടിയുടെ വിജയമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിലുളള പാര്‍ലമെന്റ് പിരിച്ചുവിടാനും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനും കാര്‍ണി തന്നെയാണ് കാനഡ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നത്. കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊയിലീവ്രെ 2,000-ത്തിലധികം വോട്ടുകൾക്ക് പിന്നിലായിരുന്നു. കാനഡ ഒരു ന്യൂനപക്ഷ സർക്കാരിനെ തിരഞ്ഞെടുത്തു എന്നാണ് പരാജയത്തിന് പിന്നാലെ പൊയിലീവ്രെ പ്രതികരിച്ചത്.

Content Highlights: Donald Trump congratulates Canada PM Mark Carney

dot image
To advertise here,contact us
dot image