'ചില സാമ്രാജ്യങ്ങളെ ഉലച്ചു'; അദാനിയെ പ്രതിരോധത്തിലാക്കിയ ഹിൻഡൻബർഗ് റിസർച്ച് പ്രവർത്തനം നിർത്തുന്നു

വ്യവസായ ഭീമന്മാർ അടക്കമുള്ളവരുടെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് നിരവധി ശ്രദ്ധേയമായ റിപ്പോർട്ടുകൾ കമ്പനി പ്രസിദ്ധീകരിച്ചിട്ടുണ്ട്

'ചില സാമ്രാജ്യങ്ങളെ ഉലച്ചു'; അദാനിയെ പ്രതിരോധത്തിലാക്കിയ ഹിൻഡൻബർഗ് റിസർച്ച് പ്രവർത്തനം നിർത്തുന്നു
dot image

കാലിഫോർണിയ: അദാനി ഗ്രൂപ്പിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയ ഹിൻഡൻബർഗ് റിസർച്ച് പ്രവർത്തനം നിർത്തുന്നു. സ്ഥാപകനായ നേറ്റ് ആൻഡേഴ്സൺ തന്നെയാണ് സ്ഥാപനം പ്രവർത്തനം നിർത്തുകയാണെന്നും അടച്ചുപൂട്ടുകയാണെന്നും വെളിപ്പെടുത്തി രംഗത്തുവന്നത്.

ആടിയുലയേണ്ടിയിരുന്ന ചില സാമ്രാജ്യങ്ങളെ ഉലച്ചുകൊണ്ടാണ് മടക്കമെന്നും ആശയങ്ങളും പ്രോജക്ടുകളും എല്ലാം പൂർത്തിയാക്കിയെന്നും പറഞ്ഞുകൊണ്ടാണ് ആൻഡേഴ്സൺ സ്ഥാപനം പൂട്ടുകയാണെന്ന കാര്യം തുറന്നുപറഞ്ഞത്. ഈ തീരുമാനം താൻ മുൻപേ എടുത്തതാണെന്നും ഹിൻഡൻബർഗ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലഘട്ടമായിരിക്കുമെന്നും ആൻഡേഴ്സൺ പറഞ്ഞു.

2017ലാണ് ഹിൻഡൻബർഗ് പ്രവർത്തനം ആരംഭിച്ചത്. വ്യവസായ ഭീമന്മാർ അടക്കമുള്ളവരുടെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് നിരവധി ശ്രദ്ധേയമായ റിപ്പോർട്ടുകൾ കമ്പനി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2020ൽ നിക്കോള എന്ന വാഹന കമ്പനിയെക്കുറിച്ചുളള ചില നിർണായക വിവരങ്ങൾ ഹിൻഡൻബർഗ് പുറത്തുവിട്ടിരുന്നു. അടുത്തിടെ കാർവാന എന്ന അമേരിക്കൻ കമ്പനിയെക്കുറിച്ചും ഹിൻഡൻബർഗ് ഇത്തരത്തിൽ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.

അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളായിരുന്നു ഹിൻഡൻബർഗിനെ ഏറെ പ്രശസ്തമാക്കിയത്. അദാനി ഗ്രൂപ്പിൻ്റെ ചെയർമാൻ ഗൗതം അദാനി കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ കടലാസ് കമ്പനി വഴി 100 ബില്യൺ ഡോളറിലധികം കൂട്ടിച്ചേർത്ത് ഓഹരിയിൽ കൃത്രിമം കാണിച്ചുവെന്ന് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ശേഷം സെബി ചെയർപേഴ്സൺ മാധബി ബുച്ചിനെതിരെയും വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. വിനോദ് അദാനിയുടെ ഉടമസ്ഥതയിലുള്ള ഓഫ്ഷോർ കമ്പനികളിലാണ് മാധബി ബുച്ചിനും ഭർത്താവിനും നിക്ഷേപമുണ്ട് എന്നായിരുന്നു വെളിപ്പെടുത്തൽ. അദാനി ഗ്രൂപ്പിന്റെ കള്ളപ്പണം വെളുപ്പിക്കൽ നടക്കുന്നുവെന്ന് ഹിൻഡൻബർഗിന്റെ ആരോപണം നേരിടുന്ന കമ്പനികളായിരുന്നു ഇവ എന്നതിനാൽ ഈ വെളിപ്പെടുത്തലും ഏറെ വിവാദമായിരുന്നു.

Content Highlights: Hindenburg research shuts down

dot image
To advertise here,contact us
dot image