

ലണ്ടൻ: കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ പാരാഗ്ലൈഡർ ഇടിച്ച് 15 കാരിക്ക് ഗുരുതര പരിക്ക്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൗണ്ടി ഡർഹാമിലെ ചെസ്റ്റർ-ലെ-സ്ട്രീറ്റിലെ ലില്ലി നിക്കോളിന് ഗുരുതരമായി പരിക്കേറ്റത്. തെക്കുപടിഞ്ഞാറൻ തുർക്കിയിലെ റിസോർട്ട് പട്ടണമായ ഒലുഡെനിസിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു ലില്ലി.
ഒരു റിസോർട്ടിലെ ലോബിയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി പാരഗ്ലൈഡ് വന്ന് ലില്ലിയുടെ മേൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ പെൺകുട്ടിയുടെ താടിയെല്ലിന് ഗുരുതര പരിക്കേറ്റു. നാക്ക് മുറിഞ്ഞിട്ടുണ്ട്. നട്ടെല്ലിൽ നാല് പൊട്ടലുകളാണുള്ളത്. കുട്ടിക്ക് ഒന്നിലധികം സർജറികൾ ആവശ്യമാണെന്ന് അമ്മ ലിൻഡ്സെ ലോഗൻ പറഞ്ഞു.
അമ്മയും സഹോദരിമാരുമാണ് സംഭവസമയത്ത് ലില്ലിക്കൊപ്പം ഉണ്ടായിരുന്നത്. റിസോർട്ടിലെ റെസ്റ്റോറൻറിൽ പിസ്സ കഴിക്കുമ്പോഴാണ് ഒരു പാരാഗ്ലൈഡർ അപ്രതീക്ഷിതമായി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ മകൾ തെറിച്ച് നിലത്തേക്ക് വീണു. പിന്നാലെ അവൾ ബോധരഹിതയായി.
ലില്ലി മരിച്ചുപോയെന്നാണ് താൻ കരുതിയതെന്ന് അമ്മ പറഞ്ഞു. ലില്ലിയ്ക്ക് തലച്ചോറിൽ രക്തസ്രാവമുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കുകളില്ലെന്നും ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. ലില്ലിയുടെ സഹോദരി 19കാരി മേഗനെ പാരാഗ്ലൈഡർ തട്ടിയെങ്കിലും കാര്യമായ പരിക്കില്ല.
Content Highlights: Teen hit by paraglider on family holiday