നിപ: രണ്ടാംഘട്ട സമ്പർക്ക സാധ്യതയിൽ ആശങ്ക ഒഴിയുന്നു; 42 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ നില മെച്ചപ്പെടുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: 42 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയതോടെ നിപയിൽ ആശങ്ക കുറയുന്നു. ഇതിൽ ഹൈറിസ്ക് കാറ്റഗറിയിലുൾപ്പെട്ട, രോഗ ലക്ഷണങ്ങളോടു കൂടിയ 23 സാമ്പിളുകളും ഉണ്ടായിരുന്നുവെന്നും അവ നെഗറ്റീവ് ആണെന്നത് ആശ്വാസകരമാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

ഇനി കുറച്ചു പേരുടെ ഫലം കൂടി വരാനുണ്ട്. 19 ടീമുകളുടെ പ്രവർത്തനം ഫീൽഡിൽ നടക്കുന്നുണ്ട്. ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ നില മെച്ചപ്പെടുന്നുണ്ട്. പൊലീസിൻ്റെ സഹായത്തോടെ രോഗികളുമായി സമ്പർക്കത്തിൽ വന്നവരുടെ കോൺടാക്ട് ട്രെയ്സ് ചെയ്യും.

മൊബൈൽ ടവർ ലെക്കേഷൻ നോക്കും. ചികിത്സയിലുള്ള കുഞ്ഞിന്റെ ആരോഗ്യ നില മെച്ചപ്പെടുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജാനകി കാട്ടിൽ പന്നി ചത്ത സംഭവത്തിൽ പരിശോധന നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ചികിത്സയിലുള്ള ഒൻപത് വയസുകാരൻ വെന്റിലേറ്ററിൽ തുടരുകയാണെങ്കിലും ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചു. മറ്റുള്ള 3 പേരുടെയും ആരോഗ്യ നില തൃപ്തികരമാണ്. നിപ സമ്പർക്ക പട്ടികയിൽ നിലവിൽ 1,177 പേരാണ് ഉള്ളത്. 97 പേരെയാണ് സമ്പർക്ക പട്ടികയിൽ ഇന്നലെ ഉൾപ്പെടുത്തിയത്. നിപ പ്രതിരോധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ വനം വകുപ്പിന്റെ പ്രത്യേക സമിതി രൂപീകരിച്ചതായി മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം നാളെ ജില്ലയിലെത്തും.

To advertise here,contact us