
പാരിസ്: പാരിസ് ഒളിംപിക്‌സിലെ പുരുഷ ഹോക്കിയില്‍ അര്‍ജന്റീനയ്‌ക്കെതിരെ ഇന്ത്യ സമനില നേടി. പൂള്‍ ബിയിലെ നിര്‍ണായക മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു. 22-ാം മിനിറ്റില്‍ ഒരു ഗോളിന് പിറകിലായ ഇന്ത്യ അവസാന മിനിറ്റുകളില്‍ ക്യാപ്റ്റന്‍ ഹര്‍മൻപ്രീത് സിങ്ങിന്റെ ഗോളിലൂടെ സമനില കണ്ടെത്തുകയായിരുന്നു.
കരുത്തരായ അര്‍ജന്റീനയ്‌ക്കെതിരെ ഇന്ത്യന്‍ ടീം വിയര്‍ക്കുന്നതാണ് കണ്ടത്. 22-ാം മിനിറ്റില്‍ ലൂകാസ് മാര്‍ട്ടിനസിന്റെ ഗോളിലൂടെ അര്‍ജന്റീന മുന്നിലെത്തി. ആദ്യ പകുതിയില്‍ നാല് പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചെങ്കിലും ഗോള്‍ കണ്ടെത്താന്‍ ഇന്ത്യയ്ക്കായില്ല. രണ്ടാം പകുതിയില്‍ അര്‍ജന്റീനയ്ക്ക് ലഭിച്ച പെനാല്‍റ്റി നഷ്ടപ്പെടുത്തിയത് ഇന്ത്യയ്ക്ക് രക്ഷയായി.
അവസാന ക്വാര്‍ട്ടറിന്റെ അവസാന മിനിറ്റുകളില്‍ തുടരെ ലഭിച്ച പെനാല്‍റ്റികളാണ് ഇന്ത്യയ്ക്ക് നിര്‍ണായകമായത്. മത്സരം അവസാനിക്കാന്‍ രണ്ട് മിനിറ്റുകള്‍ മാത്രം അവശേഷിക്കെ പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് ഇന്ത്യയ്ക്ക് സമനില സമ്മാനിച്ചു.
ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ വിജയത്തോടെയായിരുന്നു ഇന്ത്യ തുടങ്ങിയത്. ശനിയാഴ്ച നടന്ന മത്സരത്തില്‍ 3-2ന്റെ വിജയമാണ് ഹര്‍മന്‍പ്രീതും സംഘവും സ്വന്തമാക്കിയത്. ന്യൂസിലന്‍ഡിനെതിരെയും പെനാല്‍റ്റിയിലൂടെ ഹര്‍മന്‍പ്രീതാണ് ഇന്ത്യയുടെ വിജയഗോള്‍ നേടിയത്. എന്നാല്‍ ആദ്യമത്സരത്തില്‍ ഓസ്‌ട്രേലിയയോട് ഏകപക്ഷീയമായ ഒരുഗോളിന്റെ പരാജയം വഴങ്ങിയാണ് അര്‍ജന്റീന ഇന്ത്യയ്‌ക്കെതിരെ ഇറങ്ങിയത്.