ടെന്നിസ് മത്സരത്തില്‍ ഇന്ത്യന്‍ താരത്തോട് തോറ്റു; പിന്നാലെ കലിപ്പായി പാകിസ്താന്‍ താരം | വീഡിയോ

ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ പാക് താരം അമര്‍ഷം പ്രകടിപ്പിക്കുകയായിരുന്നു

dot image

ടെന്നിസ് മത്സരത്തില്‍ ഇന്ത്യന്‍ താരത്തോട് പരാജയം വഴങ്ങിയതിന് പിന്നാലെ രോഷപ്രകടനവുമായി പാകിസ്താന്‍ താരം. അണ്ടര്‍ 16 ഡേവിസ് കപ്പിലാണ് സംഭവം. മത്സരത്തിന് ശേഷം ഹസ്തദാനം നടത്തുന്നതിനിടെ ഇന്ത്യന്‍ താരത്തോട് പാക് താരം പ്രകോപനപരമായി പെരുമാറുകയായിരുന്നു.

കസാഖിസ്ഥാനില്‍ നടന്ന ജൂനിയര്‍ ഡേവിസ് കപ്പ് ടൂര്‍ണമെന്റിലെ പ്ലേ ഓഫ് മത്സരത്തിലാണ് ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വന്നത്. മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളായ പ്രകാശ് സാരണും താവിഷ് പാഹ്വയും സിംഗിള്‍സ് പോരാട്ടത്തില്‍ പാക് എതിരാളികള്‍ക്കെതിരെ നേരിട്ടുള്ള സെറ്റുകളില്‍ ജയിച്ചിരുന്നു. മത്സരത്തില്‍ 2-0ത്തിനാണ് പാകിസ്താന്‍ പരാജയം വഴങ്ങിയത്.

ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ പാക് താരം അമര്‍ഷം പ്രകടിപ്പിക്കുകയായിരുന്നു. തോല്‍വിയില്‍ നിരാശനായ പാക് താരം മാന്യമായി ഹസ്തദാനം നടത്താന്‍ പോലും തയ്യാറായിരുന്നില്ല. പതിവ് ഹസ്തദാനത്തിനായി നെറ്റിന് അടുത്തെത്തി കൈ നീട്ടിയ ഇന്ത്യന്‍ താരത്തിന്റെ കൈകളില്‍ പാക് താരം ശക്തിയായി അടിക്കുകയായിരുന്നു. ആദ്യ തവണ കൈയില്‍ അടിച്ചുപോയ പാക് താരം വീണ്ടുമെത്തി ഇന്ത്യന്‍ താരത്തിന്റെ കൈയില്‍ അടിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇന്ത്യന്‍ താരത്തിനെ അപമാനിക്കുന്ന തരത്തില്‍ മോശമായി പെരുമാറിയ പാക് താരത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് ഇല്ലാതെയാണ് പാക് താരം എതിരാളികളെ സമീപിച്ചതെന്നാണ് ആരാധകര്‍ കുറ്റപ്പെടുത്തുന്നത്. അതേസമയം പ്രകോപനകരമായി പാക് താരം പെരുമാറിയെങ്കിലും സംയമനം പാലിച്ചുനിന്ന ഇന്ത്യന്‍ താരത്തെ അഭിനന്ദിച്ചും ആരാധകര്‍ രംഗത്തെത്തി.

Content Highlights: Pakistan player's ugly handshake with Indian tennis star in Junior Davis Cup, Video Goes Viral

dot image
To advertise here,contact us
dot image