എലപ്പുള്ളി ബ്രൂവറി; ഒയാസിസിന് വെള്ളം നല്‍കാനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം

പുഴകളെ ആശ്രയിക്കുന്ന കര്‍ഷകരെ ബാധിക്കുമെന്ന എതിര്‍പ്പ് മറികടന്നായിരുന്നു പഞ്ചായത്തിന്റെ അനുമതിയെന്ന് കോണ്‍ഗ്രസ്

എലപ്പുള്ളി ബ്രൂവറി; ഒയാസിസിന് വെള്ളം നല്‍കാനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം
dot image

പാലക്കാട്: എലപ്പുള്ളിയില്‍ ഒയാസിസിന് കെട്ടിടം നിര്‍മ്മിക്കാന്‍ വെള്ളം നല്‍കാനുള്ള തീരുമാനത്തില്‍ സിപിഐഎം ഭരിക്കുന്ന പുതുശ്ശേരി പഞ്ചായത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം. പഞ്ചായത്തിന് മുന്നില്‍ കോണ്‍ഗ്രസ് ഉപരോധം തീര്‍ത്തു. കഴിഞ്ഞ ദിവസമാണ് ഒയാസിസ് കമ്പനിക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ വാളയാര്‍-കോരയാര്‍ പുഴകളില്‍ നിന്നും വെള്ളം എടുക്കാന്‍ പുതുശ്ശേരി പഞ്ചായത്ത് അനുമതി നല്‍കിയത്. പുഴകളെ ആശ്രയിക്കുന്ന കര്‍ഷകരെ ബാധിക്കുമെന്ന എതിര്‍പ്പ് മറികടന്നായിരുന്നു പഞ്ചായത്തിന്റെ അനുമതിയെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. പഞ്ചായത്തിനകത്തേക്ക് ജീവനക്കാരെയും ജനപ്രതിനിധികളെയും കയറ്റിവിടില്ലെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.

പുഴകളില്‍ നിന്നും വെള്ളം ശേഖരിക്കാന്‍ കമ്പനിക്ക് നല്‍കിയ അനുമതി റദ്ദാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കോരയാര്‍ പുഴയ്ക്ക് സമീപം താമസിക്കുന്ന ആളുകളെക്കൂടി പങ്കെടുപ്പിച്ചാണ് കോണ്‍ഗ്രസിന്റെ ഉപരോധം.

കോണ്‍ഗ്രസ്, ബിജെപി അംഗങ്ങളുടെ എതിര്‍പ്പ് വോട്ടെടുപ്പിലൂടെ മറികടന്നാണ് പഞ്ചായത്ത് ഭരണസമിതി കമ്പനിക്ക് വെള്ളം നല്‍കാന്‍ തീരുമാനിച്ചത്. കെട്ടിട നിര്‍മ്മാണത്തിന് ആവശ്യമായ മുഴുവന്‍ വെള്ളവും വാളയാര്‍-കോരയാര്‍ പുഴയില്‍ നിന്നും നല്‍കാനായിരുന്നു തീരുമാനം.

കൃഷിക്കും ശുദ്ധജലത്തിനും ഉപയോഗിക്കുന്ന പുഴയില്‍ നിന്ന് കമ്പനി നിര്‍മ്മാണത്തിന് വെള്ളം നല്‍കരുതെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. തര്‍ക്കമായതോടെയാണ് വിഷയം വോട്ടെടുപ്പിലേക്ക് നീങ്ങിയത്. രണ്ട് സ്വതന്ത്രര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ കമ്പനിക്ക് വെള്ളം നല്‍കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു.

എലപ്പുള്ളിയില്‍ ബ്രൂവറി നിര്‍മാണവുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉടലെടുത്തിരുന്നു. പ്രതിപക്ഷമുള്‍പ്പടെ വിഷയത്തില്‍ വ്യാപക പ്രതിഷേധമുയര്‍ത്തി. പ്ലാന്റിനെതിരെ എല്‍ഡിഎഫിലെ ഘടകകക്ഷികളും വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതും കൃഷിയെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന പദ്ധതികള്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നായിരുന്നു ഉയര്‍ന്ന പ്രധാന വിമര്‍ശനം. ജനങ്ങളുടെ താത്പര്യങ്ങള്‍ക്ക് നിരക്കാത്ത പദ്ധതികള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ അത് പരിശോധിക്കുന്നതിനും തിരുത്തുന്നതിനും തയ്യാറാകണമെന്ന് സിപിഐ മുഖപത്രമായ ജനയുഗം ആവശ്യപ്പെട്ടിരുന്നു.

Content Highlights: Congress protests against CPIM ruled Puthussery panchayat over decision to provide water to Oasis

dot image
To advertise here,contact us
dot image