
ഇത്തവണ ഒളിമ്പിക്സില് ഫെന്സിങ് താരം നദ ഹഫീസ് ഉള്ളിലൊരു ജീവന്റെ തുടിപ്പുമായാണ് മത്സരത്തിനിറങ്ങിയത്. കായിക ലോകത്തെ അമ്പരപ്പിച്ച്, താരം താന് ഏഴുമാസം ഗര്ഭിണിയാണെന്ന് വെളിപ്പെടുത്തുകയായിരുന്നു. വനിതാ ഫെന്സിങ് സാബ്റെ ഇനത്തില് പ്രീക്വാര്ട്ടറിലെത്തി കരിയറിലെ മികച്ച നേട്ടം കൈവരിച്ചാണ് ഈജിപ്തിന്റെ വനിതാ താരത്തിന്റെ ഈ മനോഹരമായ വെളിപ്പെടുത്തല്.
26 കാരിയായ നദ ലോക പത്താം നമ്പര് താരം അമേരിക്കയുടെ എലിസബേത്ത് തര്ട്ടകോവിസ്കിയെ തോല്പിച്ചാണ് പ്രീക്വാര്ട്ടര് കടന്നത്. എന്നാല് അടുത്ത പടിയില് ദക്ഷിണ കൊറിയന് താരത്തോട് നദ പരാജയപ്പെട്ടു. തന്റെ ജീവിതത്തിലെ ഏറ്റവും പ്രത്യേകത നിറഞ്ഞ ഒളിമ്പിക്സായിരുന്നു ഇതെന്ന് താരം പറഞ്ഞു.
'മത്സരവേദിയില് എന്നെയും എതിരാളിയെയും മാത്രമാണ് നിങ്ങള് കണ്ടത്. എന്നാല് ശരിക്കും ഞങ്ങള് 3 പേരുണ്ടായിരുന്നു. ഞാനും എതിരാളിയും പിന്നെ ലോകത്തേക്ക് എത്താത്ത എന്റെ കുഞ്ഞും. ജീവിതവും സ്പോര്ട്സും ഒന്നിച്ചുകൊണ്ടുപോകുന്നതിനായി പോരാടുന്നത് സാഹസികമായി തോന്നുന്നു'- നദ ഇന്സ്റ്റഗ്രാമില് കുറിച്ചു.