

അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന 2026 ഫിഫ ലോകകപ്പിലെ മരണഗ്രൂപ്പെന്ന വിശേഷണമുള്ള ഗ്രൂപ്പാണ് 'ഗ്രൂപ്പ് എൽ'. യൂറോപ്യൻ വമ്പന്മാരായ ഇംഗ്ലണ്ട് ക്രൊയേഷ്യ അടങ്ങുന്ന ഈ ഗ്രൂപ്പിൽ, ആഫ്രിക്കൻ വമ്പന്മാരായ ഘാനയും ലാറ്റിനമേരിക്കയിൽ നിന്നുള്ള പനാമയുമാണ് ഉൾപ്പെട്ടിട്ടുള്ള മറ്റ് ടീമുകൾ. യൂറോപ്യൻ വമ്പന്മാർ ഇന്ന് നേർക്കുനേർ വരുമ്പോൾ മത്സരത്തിൽ തീപാറും എന്ന ഉറപ്പാണ്. ഡാലസ് സ്‌റ്റേഡിയത്തിലാണ് ഇംഗ്ലണ്ട് - ക്രൊയേഷ്യ മത്സരം അരങ്ങേറുന്നത്. വ്യാഴ്ച (ജൂൺ 18) പുലർച്ചെ 1:30നാണ് പോരാട്ടം.
തോമസ് ടുഷേൽ പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ട് നിര പരിശോധിക്കുകയാണെങ്കിൽ, ടീം യുവതാരങ്ങളാൽ സമ്പന്നമാണ് എന്ന തന്നെ പറയാം. തങ്ങളുടെ നായകൻ ഹാരി കെയ്‌നിനെ തന്നെ മുൻ നിർത്തി ഗോളടിച്ചുകൂട്ടാനാണ് ഇംഗ്ലണ്ട് പദ്ധതിയിടുന്നത്. ബുണ്ടസ് ലീഗിൽ മിന്നുന്ന പ്രകടനമാണ് കെയ്‌ൻ കാഴ്ച്ചവയ്ക്കുന്നത്. ജൂഡ് ബെല്ലിങ്ങ്ഹാം, ആന്റണി ഗോർഡൻ, ഡെക്ലെൻ റൈസ്, കോബി മൈനൂ, എസ്സേ, ബുക്കായോ സാക്ക, മാർക്കസ് റാഷ്‌ഫോർഡ്, ജോർദാൻ ഹെൻഡേഴ്‌സൺ, നിക്കോ ഒറെയ്ലി, റീസ് ജെയിംസ്, പിക്‌ഫോർഡ് തുടങ്ങി മികച്ച സ്ക്വാഡുമായാണ് ഇംഗ്ലണ്ട് അമേരിക്കയിലേക്ക് വിമാനം കയറിയത്. ഫിൽ ഫോഡൻ, കോൾ പാൾമർ, ട്രെൻഡ് അലക്സാണ്ടർ അർണോൾഡ്, ഹാരി മഗ്വയർ തുടങ്ങീ മികച്ച കളിക്കാരെ സ്‌ക്വാഡിൽ ഉൾപ്പെടുത്താത്തിരുന്നതിന് ടുഷേലിനെതിരെ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു.
അതേസമയം, നാല്പതാം വയസിലും മധ്യനിരയിലെ വിസ്മയമാകാൻ ഉറച്ചാണ് ലൂക്ക മോഡ്രിചിന്റെ വരവ്. പോരാടാൻ തന്നെയാണ് മോഡ്രിച്ചും സംഘവും 2026 ലോകകപ്പിനായി വിമാനം കയറിയിട്ടുള്ളത്. ജോസ്കോ ഗ്വാഡിയോൾ, കോവാസിച്, ക്രമാരിച്, ഇവാൻ പെരിസിച് തുടങ്ങി പരിചയസമ്പന്നരായ കളിക്കാർക്കൊപ്പം യുവനിരയും കൂടിചേരുന്നതോടെ ക്രൊയേഷ്യ ഇത്തവണയും അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നുറപ്പ്.
Content highlights: 2026 FIFA World Cup England vs Croatia matchday