സൗദിയില്‍ ഗോളടിച്ച് സെഞ്ചുറി തികച്ച് ക്രിസ്റ്റ്യാനോ; അല്‍ നസ്ര്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുതന്നെ

അല്‍ ശബാബിനെതിരെ ഗോളടിച്ചത് 75-ാം മിനുട്ടില്‍

സൗദിയില്‍ ഗോളടിച്ച് സെഞ്ചുറി തികച്ച് ക്രിസ്റ്റ്യാനോ; അല്‍ നസ്ര്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുതന്നെ
dot image

എഴുപത്തിയഞ്ചാം മിനുട്ടിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചരിത്രത്തിലേക്കുള്ള ഗോള്‍ പിറന്നത്. അല്‍ ശബാബിനെതിരെ തായിഫിലെ കിങ് ഫഹദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലായിരുന്നു ഗോള്‍നേട്ടം. ഇതോടെ സൗദി പ്രൊ ലീഗ് ഫുട്‌ബോളില്‍ ഗോളെണ്ണത്തില്‍ സെഞ്ചുറി തികച്ചാണ് റൊണാള്‍ഡോ തന്റെ കരിയറില്‍ മറ്റൊരു ചരിത്രം രേഖപ്പെടുത്തിയത്. മത്സരത്തില്‍ രണ്ടിനെതിരെ നാലുഗോളിന് അല്‍ നസ്ര്‍ ജയിച്ചു. ജാവോ ഫെലിക്‌സ് ഹാട്രിക് നേടി. മൂന്ന്, പത്ത്, 90+8 മിനുട്ടുകളിലാണ് അല്‍ നസ്‌റിനുവേണ്ടി ഫെലിക്‌സിന്റെ ഗോള്‍നേട്ടം.

സീസണില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടുന്ന 25-ാമത്തെ ഗോളാണിത്. സൗദിയിലെത്തിയ ശേഷം പ്രൊ ലീഗില്‍ നൂറാമത്തെ ഗോളും. ഇതൊരു മികച്ച ജയമാണെന്നും നമുക്ക് മുന്നോട്ടുപോകാമെന്നും മത്സരശേഷം ക്രിസ്റ്റിയാനോ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലാലിഗ, ഇറ്റാലിയന്‍ സീരി എ തുടങ്ങി വിവിധ ലീഗുകളില്‍ നൂറോ അല്ലെങ്കില്‍ അതില്‍ക്കൂടുതലോ ഗോളുകള്‍ നേടിട്ടുണ്ട് ക്രിസ്റ്റിയാനോ റൊണാള്‍ഡോ.

അതേസമയം 971 ഗോളടിച്ച ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്റെ കരിയറിലെ ആയിരം ഗോളെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ്. ഏറ്റവും വേഗത്തില്‍ അത് സാധ്യമാകുമെന്നതുതന്നെയാണ് അദ്ദേഹത്തിന്റെ വിശ്വാസം. കരിയറില്‍ ആയിരം ഗോള്‍നേടുമെന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. വെറും 29 ഗോള്‍ മാത്രമാണ് ഇനി ആയിരം ഗോളെന്ന നേട്ടത്തിലേക്ക് ശേഷിക്കുന്നത്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍ നിന്നാണ് റൊണാള്‍ഡോ സൗദി പ്രൊ ലീഗ് ഫുട്ബോളിലേക്കെത്തിയത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ പോര്‍ച്ചുഗലിന്റെ അണ്ടര്‍ 15 മുതലുള്ള വിവിധ ടീമിനൊപ്പമായി 260 മത്സരങ്ങളില്‍നിന്ന് 161 ഗോളടിച്ചു.

content highlights: Cristiano Completes Century of Goals in Saudi; Al Nassr Remains in First Place on Points Table

dot image
To advertise here,contact us
dot image