

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്റര്‍ കാശിയെ തോല്‍പ്പിച്ച് പഞ്ചാബ് എഫ്‌സി. മറുപടിയില്ലാത്ത മൂന്നുഗോളിനാണ് പഞ്ചാബ് ഇന്റര്‍ കാശിയെ തകര്‍ത്തത്. പഞ്ചാബിനുവേണ്ടി സമിര്‍ സെല്‍കോവിച്, എഫങ് സുന്‍ഗുസി, ബെഡെ അമരാചി എന്നിവര്‍ ഗോളടിച്ചു.
ലുധിയാനയില്‍ നടന്ന കളിയുടെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ പഞ്ചാബിന് ആദ്യ ഗോളടിക്കാന്‍ 37 മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. സമിര്‍ സെല്‍കോവിചിന്റെ ഗോളോടെ ആദ്യപകുതി പഞ്ചാബ് വരുതിയിലാക്കി. സമനില ഗോളിനായി ഇന്റര്‍ കാശിയുടെ പോരാട്ടം ഫലംകണ്ടില്ല.
രണ്ടാം പകുതിയില്‍ എഫങ് സുന്‍ഗുസി ലക്ഷ്യം കണ്ടതോടെ ഇന്റര്‍ കാശി പതറി. 72-ാം മിനിറ്റില്‍ ബെഡെ അമരാചി സ്‌കോര്‍ ബോര്‍ഡ് മൂന്നിലേക്കെത്തിച്ചു. ആശ്വാസ ഗോളിനായുള്ള ഇന്റര്‍ കാശിയുടെ ശ്രമങ്ങളെ പഞ്ചാബ് പ്രതിരോധിച്ചു.
സീസണില്‍ പഞ്ചാബിന്റെ നാലാം ജയമാണിത്. എട്ടുകളിയില്‍ രണ്ടെണ്ണം തോറ്റു. രണ്ടുകളി സമനിലയായി. 14 പോയിന്റോടെ ഏഴാം സ്ഥാനത്താണ് ടീം. ബെംഗളൂരു എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ്, മുഹമ്മദന്‍ എന്നീ ടീമുകളെയാണ് പഞ്ചാബ് നേരത്തെ തോല്‍പ്പിച്ചിരുന്നത്. ഒമ്പത് കളിയില്‍ മൂന്നെണ്ണം ജയിക്കുകയും നാലെണ്ണം തോല്‍ക്കുകയും ചെയ്ത ഇന്റര്‍ കാശി രണ്ടുമത്സരങ്ങളില്‍ സമനില വഴങ്ങിയിരുന്നു. 11 പോയിന്റോടെ എട്ടാമതാണ് ഇന്റര്‍ കാശി. കേരള ബ്ലാസ്‌റ്റേഴ്‌സ്, ചെന്നൈയിന്‍ എഫ്‌സി, മുഹമ്മദന്‍ ടീമുകള്‍ക്കെതിരേയാണ് ഇന്റര്‍ കാശി ജയിച്ചത്.
സ്‌പോര്‍ട്ടിങ് ഡല്‍ഹിക്കെതിരേ മേയ് രണ്ടിന് ഹൈദരാബാദിലാണ് പഞ്ചാബിന്റെ അടുത്ത മത്സരം. ഇതേദിവസം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ ലക്‌നൗവിലാണ് ഇന്റര്‍ കാശിയുടെ അടുത്ത കളി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോയിന്റ് പട്ടികയില്‍ മോഹന്‍ ബഗാനാണ് ഒന്നാം സ്ഥാനത്ത്. ഒമ്പത് കളിയില്‍ ആറിലും ജയിച്ച ടീമിന് 20 പോയിന്റാണുള്ളത്. രണ്ടാമതുള്ള മുംബൈ സിറ്റിക്ക് ഒമ്പത് മത്സരങ്ങളില്‍ അഞ്ചുജയമുണ്ട്. 18 പോയിന്റോടെയാണ് ടീം രണ്ടാം സ്ഥാനത്തുള്ളത്.
content highlight: Fourth win for Punjab FC