'ശബ്ദം കേട്ടപ്പോൾ ഭൂകമ്പമാണ് എന്നാണ് കരുതിയത്, കിലോമീറ്റർ അപ്പുറത്തേക്ക് പ്രകമ്പനം ഉണ്ടായി'

തുടര്‍ച്ചയായി സ്‌ഫോടനമുണ്ടാകുന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകടസ്ഥലത്തേക്ക് പ്രവേശിക്കാനാകുന്നില്ലെന്ന് വടക്കാഞ്ചേരി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍

'ശബ്ദം കേട്ടപ്പോൾ ഭൂകമ്പമാണ് എന്നാണ് കരുതിയത്, കിലോമീറ്റർ അപ്പുറത്തേക്ക് പ്രകമ്പനം ഉണ്ടായി'
dot image

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനത്തിന്റെ പ്രകമ്പനം കിലോമീറ്ററുകള്‍ അപ്പുറത്തേക്കുപോലും ഉണ്ടായെന്ന് വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ വി എന്‍ സുരേന്ദ്രന്‍. ആളുകള്‍ ശബ്ദം കേട്ടപ്പോള്‍ ഭൂകമ്പമാണ് എന്ന് കരുതിയെന്നും പരിക്കേറ്റ പരിസരത്ത് താമസിക്കുന്നവരെയാണ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയതെന്നും വി എന്‍ സുരേന്ദ്രന്‍ പറഞ്ഞു. തുടര്‍ച്ചയായി സ്‌ഫോടനമുണ്ടാകുന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകടസ്ഥലത്തേക്ക് പ്രവേശിക്കാനാകുന്നില്ലെന്നും ചിതറിത്തെറിച്ച ശരീരാവശിഷ്ടങ്ങള്‍ മാത്രമാണ് പുറത്തെത്തിക്കാന്‍ കഴിയുന്നതെന്നും വി എന്‍ സുരേന്ദ്രന്‍ പറഞ്ഞു.

'തുടര്‍ച്ചയായി സ്‌ഫോടനം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് അപകടം നടന്ന സ്ഥലത്തേക്ക് ആര്‍ക്കും എത്താന്‍ കഴിയാത്ത സ്ഥിതിയാണുളളത്. എത്രപേര്‍ അതിനകത്ത് ഉണ്ടായിരുന്നു എന്നത് വ്യക്തമല്ല. നാല്‍പ്പതിലധികം തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. ഇപ്പോഴും പൊട്ടലിന്റെ ശബ്ദങ്ങള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. തിരുവമ്പാടിയ്ക്ക് വേണ്ടി തയ്യാറാക്കിക്കൊണ്ടിരുന്ന മരുന്നാണ് പൊട്ടിയത്. കനത്ത ചൂടാകാം കാരണമെന്നാണ് പറയപ്പെടുന്നത്. പരിസരത്ത് താമസിക്കുന്നവരെയാണ് കൊണ്ടുപോയത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ശരീരാവശിഷ്ടങ്ങള്‍ മാത്രമാണ് പുറത്തെത്തിക്കാന്‍ കഴിയുന്നത്. ആളുകള്‍ ശബ്ദം കേട്ടപ്പോള്‍ ഭൂകമ്പം എന്നാണ് കരുതിയത്. കിലോമീറ്ററുകള്‍ അപ്പുറത്തേക്ക് പ്രകമ്പനം ഉണ്ടായി'- വി എന്‍ സുരേന്ദ്രന്‍ പറഞ്ഞു.

ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് മുണ്ടത്തിക്കോട് ആദ്യ സ്ഫോടന ശബ്ദം കേട്ടത്. തുടർന്ന് തുടർച്ചയായി സ്ഫോടനമുണ്ടാകുകയായിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവനമ്പാടിയുടെ വെടിക്കെട്ട് പുരയിലാണ് സ്‌ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. ആറ് സ്റ്റേഷനുകളിൽ നിന്നാണ് ഫയർയൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. പാലക്കാട്, തൃശൂർ ജില്ലയിലെ മുഴുവൻ ഉദ്യോഗസ്ഥരോടും രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ നിർദേശം നൽകി.

ചൂട് കൊണ്ടാവാം അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. നാല് വെടിപ്പുരകളാണ് സ്ഥലത്ത് ഉണ്ടായിരുന്നതെന്നും തൊഴിലാളികളെല്ലാം മലയാളികളായിരുന്നെന്നും പ്രദേശവാസി പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്തി വരുന്നതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ എമർജൻസി ഓപ്പറേഷൻസ് സെന്ററിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

Content Highlights: 'When heard the sound, people thought it was earthquake';vadakkaanchery muncipality chairperson

dot image
To advertise here,contact us
dot image