ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ വന്‍ ഇടിവ്: ഗള്‍ഫ് വിഹിതമില്ല; പിടിച്ച് നിർത്തിയത് ആ 2 രാജ്യങ്ങള്‍

മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 17 ശതമാനം കുറവാണ് ഇറക്കുമതിയില്‍ ഉണ്ടായിരിക്കുന്നത്

ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ വന്‍ ഇടിവ്: ഗള്‍ഫ് വിഹിതമില്ല; പിടിച്ച് നിർത്തിയത് ആ 2 രാജ്യങ്ങള്‍
dot image

മാർച്ച് മാസത്തില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുതിയില്‍ ഇടിവ്. പശ്ചിമേഷ്യൻ മേഖലയിൽ തുടരുന്ന യുദ്ധസാഹചര്യങ്ങളും ഹോർമുസ് കടലിടുക്ക് അടച്ചതോടെ രൂപപ്പെട്ട ആഗോള ഇന്ധന വിതരണ ശൃംഖലയിലെ തടസ്സങ്ങളും ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതിയെ സാരമായി ബാധിക്കുകയായിരുന്നു. ഇന്ത്യയുടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ക്രൂഡ് ഓയിൽ ഇറക്കുമതിയാണ് മാർച്ചില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെ (PPAC) കണക്കുകൾ പ്രകാരം രാജ്യത്തിന്‍റെ മാർച്ചിലെ അസംസ്‌കൃത എണ്ണ ഇറക്കുമതി 18.9 ദശലക്ഷം ടണ്ണായി ചുരുങ്ങി. ഇത് മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 17 ശതമാനം കുറവാണ്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന പാതയായ ഹോർമുസ് കടലിടുക്ക് അടച്ചിട്ടിരിക്കുന്നത് 50 ദിവസത്തിലേറെയായി തുടരുന്നതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ ഏകദേശം 30 ശതമാനവും കടന്നുവരുന്നത് ഈ നിർണ്ണായക പാതയിലൂടെയാണ്.

സൗദി അറേബ്യ, ഇറാഖ്, യുഎഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചരക്കുനീക്കം പൂർണ്ണമായും തടസ്സപ്പെട്ടതോടെ ഇന്ത്യക്ക് ഇന്ധന സ്രോതസ്സുകൾക്കായി മറ്റ് രാജ്യങ്ങളെ അടിയന്തരമായി ആശ്രയിക്കേണ്ടി വന്നു. സെപ്റ്റംബർ 2024-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന ഇറക്കുമതി നിരക്കാണ് കഴിഞ്ഞ മാസത്തിലേത് എന്നത് സാമ്പത്തിക രംഗത്ത് വലിയ ആശങ്കയ്ക്ക് വഴിവെക്കുന്നതായും വിലയിരുത്തപ്പെടുന്നു.

പശ്ചിമേഷ്യൻ പ്രതിസന്ധി സൃഷ്ടിച്ച ഇടിവ് നികത്താൻ ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത് റഷ്യൻ എണ്ണയെയാണ്. അമേരിക്കൻ ഭരണകൂടം റഷ്യൻ എണ്ണ ഇറക്കുമതിക്കായി നൽകിയ 30 ദിവസത്തെ ഉപരോധ ഇളവ് ഇന്ത്യൻ റിഫൈനറികൾക്ക് വലിയ ആശ്വാസമായി. മാർച്ചിൽ മാത്രം ഇന്ത്യ പ്രതിദിനം 1.98 ദശലക്ഷം ബാരൽ റഷ്യൻ എണ്ണയാണ് ഇറക്കുമതി ചെയ്തത്. ഫെബ്രുവരിയിലെ ഇറക്കുമതിയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഇരട്ടിയോളം വരും. മാർച്ച് അഞ്ചിന് ശേഷം ഏകദേശം 60 ദശലക്ഷം ബാരൽ റഷ്യൻ എണ്ണ ഇന്ത്യ വാങ്ങിക്കഴിഞ്ഞു.

ഇന്റർനാഷണൽ എനർജി ഏജൻസിയുടെ (IEA) റിപ്പോർട്ട് പ്രകാരം റഷ്യൻ എണ്ണ സംസ്‌കരിക്കുന്ന ഇന്ത്യൻ റിഫൈനറികളുടെ എണ്ണം ഫെബ്രുവരിയിൽ ഏഴായിരുന്നത് മാർച്ചിൽ പന്ത്രണ്ടായി ഉയർന്നു. റഷ്യക്ക് പുറമെ വെനസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിലും ഇന്ത്യ വർധനവ് വരുത്തിയിട്ടുണ്ട്. വെനസ്വേലയുടെ ആകെ കയറ്റുമതിയുടെ മൂന്നിലൊന്നും ഇപ്പോൾ ഇന്ത്യയിലേക്കാണ് എത്തുന്നത്. ഇതും പശ്ചിമേഷ്യൻ യുദ്ധം മൂലമുണ്ടായ വിതരണ തടസ്സം ഒരു പരിധിവരെ മറികടക്കാൻ ഇന്ത്യയെ സഹായിച്ചു.

എങ്കിലും, ഇറക്കുമതിയിലെ ഈ ഇടിവ് ഇന്ത്യയുടെ എണ്ണ ശേഖരത്തെ (Buffer Stock) ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഏഷ്യ-പസഫിക് മേഖലയിലെ എണ്ണ ശേഖരത്തിലുണ്ടായ 21.3 ദശലക്ഷം ബാരലിന്റെ കുറവിൽ 12 ദശലക്ഷം ബാരലും ഇന്ത്യയിലാണ് സംഭവിച്ചത്. യുദ്ധം നീണ്ടുപോവുകയും ഹോർമുസ് കടലിടുക്ക് കൂടുതൽ കാലം അടഞ്ഞു കിടക്കുകയും ചെയ്താൽ ഇന്ത്യയിലെ ആഭ്യന്തര ഇന്ധനവിലയിൽ വൻ വർധനവിന് ഇത് കാരണമായേക്കാം.

പശ്ചിമേഷ്യൻ രാജ്യങ്ങളുമായുള്ള എണ്ണ ബന്ധം വഷളാകുന്നത് ഒഴിവാക്കാൻ ശ്രമിക്കുമ്പോഴും, സാമ്പത്തിക ലാഭവും ലഭ്യതയും കണക്കിലെടുത്ത് റഷ്യയിലേക്കും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്കും ഇന്ത്യ ഇറക്കുമതി വൈവിധ്യവൽക്കരിക്കുകയാണ്. ട്രംപ് ഭരണകൂടം ഇറാനുമായുള്ള യുദ്ധം തുടരുന്നതും ഗൾഫ് രാജ്യങ്ങളിലെ സുരക്ഷാ ഭീഷണിയും വരും മാസങ്ങളിൽ ഇന്ത്യയുടെ ഊർജ്ജ നയങ്ങളിൽ നിർണ്ണായക മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. നിലവിൽ റഷ്യൻ എണ്ണയുടെ കുറഞ്ഞ വിലയും അമേരിക്കയുടെ താൽക്കാലിക ഇളവുകളും മാത്രമാണ് ഇന്ത്യൻ വിപണിയെ വൻ തകർച്ചയിൽ നിന്ന് താങ്ങിനിർത്തുന്നത്.

Content Highlights: India’s crude oil import pattern is shifting, with Russia and Venezuela increasing their share while supplies from Saudi Arabia and the UAE decline. The change is driven by geopolitical disruptions and supply constraints in West Asia, prompting Indian refiners to diversify sources and secure alternative oil supplies.

dot image
To advertise here,contact us
dot image