അഞ്ച് മത്സരം; മെച്ചപ്പെടുത്തിയത് 43 സ്ഥാനങ്ങൾ; കരിയർ ബെസ്റ്റ് റാങ്കിങ്ങിൽ സഞ്ജു

ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗിലും കുതിച്ച് മലയാളി താരം സഞ്ജു സാംസണ്‍.

അഞ്ച് മത്സരം; മെച്ചപ്പെടുത്തിയത് 43 സ്ഥാനങ്ങൾ; കരിയർ ബെസ്റ്റ് റാങ്കിങ്ങിൽ സഞ്ജു
dot image

ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗിലും കുതിച്ച് മലയാളി താരം സഞ്ജു സാംസണ്‍. ലോകകപ്പിന് പിന്നാലെ ഐസിസി പുറത്തിറക്കിയ റാങ്കിംഗില്‍ 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സഞ്ജു കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ 22-ാം സ്ഥാനത്തെത്തി.

ലോകകപ്പിന് തൊട്ടു മുമ്പ് ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയില്‍ നിരാശപ്പെടുത്തിയതോടെ ബാറ്റിംഗ് റാങ്കിംഗില്‍ സഞ്ജു 65-ാം സ്ഥാനത്തേക്ക് വീണിരുന്നു. എന്നാല്‍ ലോകകപ്പിലെ മികച്ച പ്രകടനത്തോടെ 43 സ്ഥാനങ്ങളാണ് സഞ്ജു ഉയര്‍ന്നത്.

ലോകകപ്പില്‍ നിരാശപ്പെടുത്തിയെങ്കിലും ഫൈനലിലെ വെടിക്കെട്ട് അർധസെഞ്ച്വറിയോടെ ഇന്ത്യൻ ഓപ്പണര്‍ അഭിഷേക് ശര്‍മ 875 റേറ്റിംഗ് പോയന്‍റുമായി ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിർത്തി. ലോകകപ്പില്‍ 317 റൺസുമായി ഇന്ത്യൻ റണ്‍വേട്ടക്കാരില്‍ രണ്ടാമനായ ഇഷാൻ കിഷൻ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രണ്ടാം റാങ്കിലെത്തിയതാണ് മറ്റൊരു പ്രധാന മാറ്റം.

ലോകകപ്പില്‍ തിളങ്ങിയ ഇന്ത്യൻ ഓൾ റൗണ്ടര്‍ ശിവം ദുബെ ബാറ്റിംഗ് റാങ്കിംഗില്‍ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 27-ാം സ്ഥാനത്തെത്തിയപ്പോള്‍ തിലക് വര്‍മ ഒരു സ്ഥാനം നഷ്ടമായി ഏഴാം സ്ഥാനത്തും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് രണ്ട് സ്ഥാനം നഷ്ടമാക്കി ഒമ്പതാം സ്ഥാനത്തുമാണ്. അഭിഷേകും കിഷനും തിലകും സൂര്യയുമടക്കം നാലു ഇന്ത്യൻ താരങ്ങളാണ് ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തിലുള്ളത്.

ലോകകപ്പ് സൂപ്പര്‍ 8 മുതല്‍ നിരാശപ്പെടുത്തിയ ഇന്ത്യയുടെ മിസ്റ്ററി സ്പിന്നർ വരുണ്‍ ചക്രവര്‍ത്തിക്ക് ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നഷ്ടമായി. അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ ആണ് വരുണിനെ പിന്നിലാക്കി 753 റേറ്റിംഗ് പോയന്‍റുമായി ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. 740 റേറ്റിംഗ് പോയന്‍റുള്ള വരുൺ രണ്ടാം സ്ഥാനത്താണ്. ലോകകപ്പിലെ മിന്നും പ്രകടനത്തോടെ ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുംറ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം റാങ്കിലെത്തി.

ഓൾറൗണ്ടർമാരുടെ പട്ടികയിൽ സിംബാബ്‌വെ നായകൻ സിക്കന്ദർ റാസ ഒന്നാം സ്ഥാനത്തും ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ രണ്ടാം സ്ഥാനത്തും തുടരുന്നു. ഇരുവരും തങ്ങളുടെ കരിയറിലെ ഏറ്റവും ഉയർന്ന റേറ്റിംഗ് പോയിന്‍റും ഈ ആഴ്ച സ്വന്തമാക്കി.

Content Highlights:; sanju samson icc t20 ranking jump after worldcup

dot image
To advertise here,contact us
dot image