

സൗഹൃദമത്സരത്തില്‍ സെനഗലിനെ തോല്‍പ്പിച്ച് ബ്രസീല്‍. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു കാനറിപ്പടയുടെ വിജയം. ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ യുവതാരം എസ്റ്റേവോയും കാസമിറോയുമാണ് ബ്രസീലിന് വേണ്ടി ഗോളുകൾ കണ്ടെത്തിയത്.
മത്സരത്തിന്റെ ആദ്യപകുതിയിലാണ് ഇരുഗോളുകളും പിറന്നത്. 26-ാം മിനിറ്റില്‍ അറ്റാക്കര്‍ എസ്റ്റേവോയും 35-ാം മിനിറ്റില്‍ മധ്യനിരതാരം കാസമിറോയുമാണ് സെനഗലിന്റെ വലകുലുക്കിയത്. ബ്രസീല്‍ ആധിപത്യം പുലര്‍ത്തിയ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ഗോള്‍ കണ്ടെത്താന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല.
തുടക്കം മുതൽ ആക്രമിച്ച് കളിച്ചാണ് ബ്രസീൽ അനായാസമായി ഗോൾ നേടിയത്. വിനീഷ്യസ് ജൂനിയർ അടക്കം പ്രമുഖ താരങ്ങളെല്ലാം ആദ്യഇലവനിൽ ഉണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ജപ്പാനെതിരെ ഞെട്ടിക്കുന്ന പരാജയം വഴങ്ങിയ ബ്രസീലിന് ഇത് ആശ്വാസവിജയമായിരിക്കുകയാണ്.
Content Highlights: Brazil beats Senegal in a friendly, with goals from Estevao and Casemiro