സൂപ്പർ കപ്പ് ഫുട്ബോൾ; മുംബൈ സിറ്റിക്ക് മുന്നിൽ വീണു, ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്

ടൂർണമെൻ്റിൽ ആദ്യമായി ആറ് വിദേശ താരങ്ങളെയും ഉൾപ്പെടുത്തിയാണ് മുഖ്യ പരിശീലകൻ ഡേവിഡ് കാറ്റല ടീമിനെ ഇറക്കിയത്

സൂപ്പർ കപ്പ് ഫുട്ബോൾ; മുംബൈ സിറ്റിക്ക് മുന്നിൽ വീണു, ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്
dot image

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ സൂപ്പർ കപ്പ് യാത്ര അവസാനിച്ചു. ഫാറ്റോർദയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന നിർണായക മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയോട് 0-1ന് പരാജയപ്പെട്ടതോടെയാണ് ബ്ലാസ്റ്റേഴ്‌സ് ടൂർണമെൻ്റിൽ നിന്ന് പുറത്തായത്. കളിയുടെ പകുതി സമയവും പത്തുപേരായി കളിച്ച ബ്ലാസ്റ്റേഴ്‌സ് മികച്ച പോരാട്ടം നടത്തിയെങ്കിലും നിർഭാഗ്യവശാൽ അവസാന നിമിഷം വഴങ്ങിയ സെൽഫ് ഗോൾ സെമിഫൈനൽ സ്ഥാനം നിഷേധിച്ചു.

ടൂർണമെൻ്റിൽ ആദ്യമായി ആറ് വിദേശ താരങ്ങളെയും ഉൾപ്പെടുത്തിയാണ് മുഖ്യ പരിശീലകൻ ഡേവിഡ് കാറ്റല ടീമിനെ ഇറക്കിയത്. നിഹാൽ സുധീഷിന് പകരം ടിയാഗോ ആൽവെസ് ആദ്യ ഇലവനിൽ എത്തി. കളിയുടെ തുടക്കത്തിൽ ഇരു ടീമുകളും അവസരങ്ങൾ സൃഷ്ടിച്ചു. 4-ാം മിനിറ്റിൽ അഡ്രിയാൻ ലൂണയുടെ പാസിൽ ടിയാഗോ ആൽവെസിന് ലഭിച്ച അവസരം ഗോളാകാതെ പോയത് നിർഭാഗ്യകരമായി.

നോഹ സദാവൂയി, തിംഗുജം കൊറോ സിങ് എന്നിവരിലൂടെ ബ്ലാസ്റ്റേഴ്‌സ് ആക്രമണം തുടർന്നു. കോൾഡോ ഒബിയെറ്റ എടുത്ത ഷോട്ട് മുംബൈ ഗോൾകീപ്പർ ഫുർബ ലച്ചൻപ രക്ഷപ്പെടുത്തി. ആദ്യ പകുതി അവസാനിക്കും മുൻപ് സന്ദീപ് സിങ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായി. ഇതോടെ കേരളം പത്തുപേരായി ചുരുങ്ങി.

ഒരു താരത്തിന്റെ കുറവുണ്ടായിട്ടും, രണ്ടാം പകുതിയിൽ കേരളം മികച്ച പ്രതിരോധ അച്ചടക്കം കാണിച്ചു. പ്രതിരോധം ശക്തിപ്പെടുത്താൻ നോഹയ്ക്ക് പകരം ഐബാൻഭ ദോഹ്ലിങ് കളത്തിലിറങ്ങി. ഹുവാൻ റോഡ്രിഗസ് ഹെഡ്ഡറിലൂടെ വീണ്ടും ലക്ഷ്യത്തിനടുത്തെത്തിയെങ്കിലും ലച്ചൻപ തടഞ്ഞു. പല തവണ ഗോളിനടുത്തെത്തിയ മുംബൈയുടെ ശ്രമങ്ങൾ എല്ലാം ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ നോറ പരാജയപ്പെടുത്തി.

സമനില നിലനിർത്തി സെമി ഉറപ്പിക്കാൻ ലക്ഷ്യമിട്ട ബ്ലാസ്റ്റേഴ്‌സ്, ഫ്രെഡി ലാൽവമ്മാമ, നവോറെം, നിഹാൽ സുധീഷ് എന്നിവരെ ഇറക്കി പ്രതിരോധം കൂടുതൽ ശക്തമാക്കി. എന്നാൽ, കളി അവസാനിക്കാറായപ്പോൾ 88-ാം മിനിറ്റിൽ കേരളത്തിന്റെ പ്രതിരോധം തകർന്നു. ബോക്സിനുള്ളിലേക്ക് വന്ന പന്ത് മുഹമ്മദ് സഹീഹിന്റെ ദേഹത്തു തട്ടി നിർഭാഗ്യവശാൽ സ്വന്തം വലയിൽ പ്രവേശിച്ചതോടെ മുംബൈ സിറ്റിക്ക് ലീഡ് ലഭിച്ചു.

അവസാന വിസിൽ വരെ ബ്ലാസ്റ്റേഴ്‌സ് പൊരുതി. ഈ തോൽവിയോടെ ആറ് പോയിന്റുകളുമായി ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിൽ നിന്ന് പുറത്തായി. ആറ് പോയിന്റ് തന്നെയുള്ള മുംബൈ ഹെഡ് ടു ഹെഡിൽ സെമിയിലേക്ക് മുന്നേറി.

Content Highlights: Kerala Blasters’ Super Cup campaign ends after narrow loss to Mumbai City FC

dot image
To advertise here,contact us
dot image