അൽ-ഒഖ്ദൂദിനെ 9-0ത്തിന് തകർത്ത് അൽ നസർ; ക്ലബ് ചരിത്രത്തിലെ ഏറ്റവും വലിയ ജയം

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് അൽ നസർ സംഘം കളത്തിലിറങ്ങിയത്

dot image

സൗദി പ്രോ ലീ​ഗ് ഫുട്ബോളിൽ ചരിത്ര വിജയം കുറിച്ച് അൽ നസർ. അൽ ഒഖ്ദൂദിനെ എതിരില്ലാത്ത ഒമ്പത് ​ഗോളുകൾക്കാണ് അൽ നസർ തകർത്തെറിഞ്ഞത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് അൽ നസർ സംഘം കളത്തിലിറങ്ങിയത്. എന്നിട്ടും സാദിയോ മാനേയുടെ നാല് ​ഗോൾ അൽ നസറിന് ചരിത്രത്തിലെ ഏക്കാലത്തെയും വലിയ വിജയത്തിന് വഴിയൊരുക്കി.

മത്സരത്തിന്റെ 16-ാം മിനിറ്റിൽ തന്നെ അൽ നസറിന്റെ ​ഗോൾവേട്ടയ്ക്ക് തുടക്കമായി. അയ്മാൻ യഹ്യയാണ് ആദ്യം വലചലിപ്പിച്ചത്. 20, 52 മിനിറ്റുകളിൽ ജോൺ ഡുറാൻ ​​ഗോളുകൾ നേടി. മാർസലോ ബ്രോസോവിച്ച് 27-ാം മിനിറ്റിലാണ് അൽ നസറിനായി വലകുലുക്കിയത്. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ സാദിയോ മാനെ ആദ്യ ​ഗോൾ നേടി. ആദ്യ പകുതി അവസാനിക്കുമ്പോൾ അൽ നസർ എതിരില്ലാത്ത നാല് ​ഗോളുകൾക്ക് മുന്നിലായിരുന്നു.

രണ്ടാം പകുതിയിൽ 59, 64, 74 മിനിറ്റുകളിൽ മാനെ വീണ്ടും ​ഗോളുകൾ നേടി. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ 94-ാം മിനിറ്റിൽ മുഹമ്മദ് മാരൻ കൂടി ​ഗോൾ നേടിയതോടെ അൽ നസറിന്റെ ​ഗോൾനേട്ടം ഒമ്പതായി ഉയർന്നു. വിജയത്തോടെ സൗദി പ്രോ ലീ​ഗ് പോയിന്റ് ടേബിളിൽ അൽ നസർ മൂന്നാം സ്ഥാനത്തായി. 31 മത്സരങ്ങളിൽ നിന്ന് 63 പോയിന്റുകളാണ് അൽ നസർ നേടിയിരിക്കുന്നത്. 31 മത്സരങ്ങളിൽ 74 പോയിന്റ് നേടിയ അൽ ഇത്തിഹാദ് ആണ് പോയിന്റ് പട്ടികയിൽ ഒന്നാമൻ.

Content Highlights: Al Nassr smashes Al Akhdoud in Saudi Pro League to break club record for biggest win

dot image
To advertise here,contact us
dot image