

ദോഹയിലെ വെസ്റ്റ് എന്‍ഡ് പാര്‍ക്ക് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന എസിസി പുരുഷ ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാര്‍സ് 2026 ഗ്രൂപ്പ് ബി പോരാട്ടത്തില്‍ ഇന്ത്യ എ ക്യാപ്റ്റന്‍ തിലക് വര്‍മ്മയുടെ പോരാട്ടവീര്യം നിറഞ്ഞ സെഞ്ചുറി വിഫലമാക്കി പാകിസ്താന് എ 48 റണ്‍സിന് വിജയിച്ചു. 314 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ എ 49.1 ഓവറില്‍ 265 റണ്‍സിന് ഓള്‍ഔട്ടായി. 149 പന്തില്‍ 100 റണ്‍സെടുത്ത തിലക് വര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അഭിഷേക് ശര്‍മ്മയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയും (42 പന്തില്‍ 70), ഷഹബാസ് അഹമ്മദിന്റെ (49 പന്തില്‍ 56) മികച്ച പ്രകടനവും ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും, കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി പാകിസ്ഥാന് ബൗളര്‍മാര്‍ വിജയം ഉറപ്പിച്ചു. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ ഹസന് നവാസ് 82 പന്തില്‍ 79 റണ്‍സ് നേടിയതിനൊപ്പം 45 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളും വീഴ്ത്തി. അലി റാസ മൂന്ന് വിക്കറ്റും, മുഹമ്മദ് ഇമ്രാന് രണ്‍ധാവ രണ്ടും, അഹമ്മദ് ഡാനിയല്‍ ഒരു വിക്കറ്റും നേടി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന് എ മാസ് സദാഖത്ത് (63 പന്തില്‍ 59), ഹസന് നവാസ് (82 പന്തില്‍ 79), ഫര്ഹാന് യൂസഫ് (48 പന്തില്‍ 56) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 49.2 ഓവറില്‍ 313 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ഷാമില്‍ ഹുസൈനും സദാഖത്തും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 66 റണ്‍സ് കൂട്ടിച്ചേര്‍ത്ത് പാകിസ്ഥാന് മികച്ച തുടക്കമാണ് നല്‍കിയത്. എട്ടാം ഓവറില്‍ നാല് ബൗണ്ടറികളും രണ്ട് സിക്സറുകളും ഉള്‍പ്പെടെ 23 പന്തില്‍ 33 റണ്‍സെടുത്ത ഷാമിലിനെ പുറത്താക്കി ആയുഷ് ബദോനിയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. തൊട്ടുപിന്നാലെ വിക്കറ്റ് കീപ്പര്‍ റൊഹൈല്‍ നസീറിനെ (3 പന്തില്‍ 0) ഹര്‍ഷിത് റാണ പുറത്താക്കിയതോടെ പാകിസ്ഥാന് 67/2 എന്ന നിലയിലായി. തുടര്‍ന്ന് സദാഖത്തും ഹസനും ചേര്‍ന്ന് 54 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു. ആറ് ഫോറുകളും ഒരു സിക്സറുമടക്കം 59 റണ്‍സെടുത്ത സദാഖത്തിനെ സൂര്യാന്‍ഷ് ഷെഡ്ജ് പുറത്താക്കി.
തുടര്‍ന്ന് ക്യാപ്റ്റന്‍ അബ്ദുള്‍ സമദിനെ കൂട്ടുപിടിച്ച് ഹസന് നവാസ് നാലാം വിക്കറ്റില്‍ 65 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഈ കൂട്ടുകെട്ടിനിടെ ഹസന് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. 35 പന്തില്‍ 28 റണ്‍സെടുത്ത സമദിനെ റിങ്കു സിംഗ് റണ്ണൗട്ടാക്കിയതോടെ 186-ല്‍ പാകിസ്ഥാന് നാലാം വിക്കറ്റ് നഷ്ടമായി. 39-ാം ഓവറില്‍ അഞ്ച് ബൗണ്ടറികളും നാല് സിക്സറുകളും സഹിതം 82 പന്തില്‍ 79 റണ്‍സെടുത്ത ഹസനെ ഷെഡ്ജ് പുറത്താക്കിയതോടെ പാകിസ്ഥാന് 230/5 എന്ന നിലയിലായി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഫര്ഹാന് യൂസഫ്, 14 പന്തില്‍ ഒരു ബൗണ്ടറിയും രണ്ട് സിക്സറുകളുമടക്കം 23 റണ്‍സെടുത്ത മുഹമ്മദ് ഇമ്രാന് രണ്‍ധാവയ്ക്കൊപ്പം നിര്‍ണ്ണായക റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്കോര്‍ 264-ല്‍ നില്‍ക്കെ രണ്‍ധാവയെയും, 46-ാം ഓവറില്‍ സാദ് മസൂദിനെയും (9) വിപ്രാജ് നിഗം പുറത്താക്കി. ആക്രമിച്ചു കളിച്ച ഫര്ഹാന് അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ 48 പന്തില്‍ 56 റണ്‍സെടുത്ത് പ്രിന്‍സ് യാദവിന് വിക്കറ്റ് നല്കി മടങ്ങി. നാല് ഫോറുകളും രണ്ട് സിക്സറുകളുമടങ്ങുന്നതായിരുന്നു ഫര്‍ഹാന്റെ ഇന്നിംഗ്സ്. അഹമ്മദ് ഡാനിയലിനെ (8) ഹര്‍ഷിത് റാണയും, അലി റാസയെ (2) പ്രിന്‍സ് യാദവും പുറത്താക്കിയതോടെ 49.2 ഓവറില്‍ 313 റണ്‍സിന് പാകിസ്ഥാന് ഇന്നിംഗ്സ് അവസാനിച്ചു. ഇന്ത്യ എയ്ക്ക് വേണ്ടി സൂര്യാന്‍ഷ് ഷെഡ്ജ്, വിപ്രാജ് നിഗം, ഹര്‍ഷിത് റാണ, പ്രിന്‍സ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ആയുഷ് ബദോനി ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എയ്ക്ക് നാലാം ഓവറില്‍ തന്നെ 13 പന്തില്‍ 11 റണ്‍സെടുത്ത വൈഭവ് സൂര്യവംശിയെ നഷ്ടമായി. മുഹമ്മദ് ഇമ്രാന് രണ്ധാവയ്ക്കായിരുന്നു വിക്കറ്റ്. എന്നാല്‍ മറുവശത്ത് ആഞ്ഞടിച്ച അഭിഷേക് ശര്‍മ്മ ആറ് ഫോറുകളും ആറ് സിക്സറുകളുമടക്കം 42 പന്തില്‍ 70 റണ്‍സെടുത്ത് റണ്‍റേറ്റ് ഉയര്‍ത്തി. അതിനിടെ ആയുഷ് ബദോനിയെ (4 പന്തില്‍ 0) അലി റാസ പുറത്താക്കിയതോടെ ഇന്ത്യ 26/2 എന്ന നിലയിലായി. മൂന്നാം വിക്കറ്റില്‍ തിലക് വര്‍മ്മയ്ക്കൊപ്പം 67 റണ്‍സ് കൂട്ടിച്ചേര്‍ത്ത അഭിഷേകിനെ 16-ാം ഓവറില്‍ ഹസന് നവാസ് പുറത്താക്കിയതോടെ ഇന്ത്യ 93/3 എന്ന നിലയിലായി.
പാകിസ്ഥാന് ബൗളര്‍മാര്‍ കളിയില്‍ പിടിമുറുക്കിയതോടെ തുടക്കത്തില്‍ താളം കണ്ടെത്താന്‍ തിലക് വര്‍മ്മ പ്രയാസപ്പെട്ടു. കുമാര്‍ കുശാഗ്രയെ (2) സുഫിയാന് മുഖീമും, റിങ്കു സിംഗ് (6), സൂര്യാന്‍ഷ് ഷെഡ്ജ് (3) എന്നിവരെ ഹസന് നവാസും അടുത്തടുത്ത ഇടവേളകളില്‍ പുറത്താക്കിയതോടെ 26-ാം ഓവറില്‍ ഇന്ത്യ 129/6 എന്ന പരിതാപകരമായ അവസ്ഥയിലായി. തുടര്‍ന്ന് തിലക് വര്‍മ്മയ്ക്കൊപ്പം ചേര്‍ന്ന ഷഹബാസ് അഹമ്മദ് ഏഴാം വിക്കറ്റില്‍ 112 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യക്ക് വിജയപ്രതീക്ഷ നല്കി. 41 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഷഹബാസ് ഒരു ഫോറും നാല് സിക്സറുകളുമടക്കം 49 പന്തില്‍ 56 റണ്‍സെടുത്തു.
44-ാം ഓവറില്‍ ഷഹബാസിനെ പുറത്താക്കിയ അലി റാസ തൊട്ടടുത്ത പന്തില്‍ വിപ്രാജ് നിഗത്തെയും (0) ബൗള്‍ഡാക്കി ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ത്തു. പിന്നാലെ ഹര്‍ഷിത് റാണയെ (0) രണ്‍ധാവ പുറത്താക്കിയതോടെ ഇന്ത്യ 244/9 എന്ന നിലയിലായി. 49-ാം ഓവറില്‍ 148 പന്തില്‍ ഏഴ് ഫോറുകളും ഒരു സിക്സറുമടക്കം തിലക് വര്‍മ്മ തന്റെ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ അഹമ്മദ് ഡാനിയലിന്റെ പന്തില്‍ റൊഹൈല്‍ നസീറിന് ക്യാച്ച് നല്കി തിലക് (149 പന്തില്‍ 100) പുറത്തായതോടെ 49.1 ഓവറില്‍ 265 റണ്‍സിന് ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. പാകിസ്ഥാന് വേണ്ടി ഹസന് നവാസും അലി റാസയും മൂന്ന് വിക്കറ്റ് വീതവും മുഹമ്മദ് ഇമ്രാന് രണ്‍ധാവ രണ്ട് വിക്കറ്റും വീഴ്ത്തി. ഈ വിജയത്തോടെ പാകിസ്ഥാന് എ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ഓള്‍റൗണ്ട് പ്രകടനം നടത്തിയ ഹസന് നവാസാണ് കളിയിലെ താരം.
content highlights: Tilak Varma's Century Goes in Vain as India A Lose to Pakistan A by 48 Runs in Rising Stars Asia Cup