

ഇന്ത്യയുടെ ഓപ്പണര്‍ അഭിഷേക് ശര്‍മ വെറും 35 പന്തില്‍ സെഞ്ചുറി നേടി ടീമിനെ ആധികാരിക വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെ, താരത്തിന്റെ 'വേള്‍ഡ് ക്ലാസ്' പ്രകടനത്തെ വാനോളം പുകഴ്ത്തി ന്യൂസീലന്‍ഡ് താരം ഡാരില്‍ മിച്ചല്‍. ഇത് അഭിഷേകിന്റെ രാത്രിയായിരുന്നുവെന്നും ആളുകള്‍ ഒട്ടേറെ കാലം ഓര്മ്മിച്ചുവെക്കുന്ന ഇന്നിങ്സാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 199 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 40 പന്തുകള്‍ ബാക്കിനില്‍ക്കെ വെറും 13.2 ഓവറില്‍ മറികടന്നു. 11 സിക്സറുകളും 9 ഫോറുകളും ഉള്‍പ്പെടെ വെറും 38 പന്തില്‍ നിന്ന് 113 റണ്‍സാണ് അഭിഷേക് അടിച്ചു കൂട്ടിയത്. 19 പന്തില്‍ 45 റണ്‍സുമായി 15-കാരന് വൈഭവ് സൂര്യവംശിയും മികച്ച പിന്തുണ നല്‍കിയതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-0 ന്റെ നിര്‍ണ്ണായക ലീഡ് സ്വന്തമാക്കി.
മത്സരശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ, അഭിഷേകിന്റെ അപൂര്‍വ്വ പ്രകടനത്തെ മിച്ചല്‍ അഭിനന്ദിച്ചു. ഇരു ഇന്ത്യന്‍ ബാറ്റര്‍മാരെയും തടയാന്‍ ന്യൂസീലന്‍ഡ് വിവിധ തന്ത്രങ്ങള്‍ പരീക്ഷിച്ചെങ്കിലും അവരുടെ ആക്രമണം തടയാനായില്ലെന്ന് അദ്ദേഹം സമ്മതിച്ചു. 'വളരെ പ്രത്യേകതയുള്ള ഇന്നിംഗ്സ്. ആ ബാറ്റിങ്ങില്‍ ചിലത് വേള്‍ഡ് ക്ലാസ് ആയിരുന്നു, അതുകൊണ്ടാണ് ചെയ്യുന്ന കാര്യത്തില്‍ അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ചവരില്‍ ഒരാളാകുന്നത്. അതിനാല്‍ തൊപ്പി ഊരി അദ്ദേഹത്തെ അഭിനന്ദിക്കുക മാത്രമാണ് വഴി. അത് തീര്‍ച്ചയായും അദ്ദേഹത്തിന്റെ രാത്രിയായിരുന്നു, ആളുകള്‍ ഏറെക്കാലം മറക്കാത്ത ഒന്നായിരിക്കും ഈ ഇന്നിംഗ്സ് എന്ന് എനിക്ക് ഉറപ്പുണ്ട്' -മിച്ചല്‍ പറഞ്ഞു.
അഭിഷേകിനൊപ്പം ഇന്ത്യന്‍ ചേസിങ്ങിന് സ്ഫോടനാത്മകമായ തുടക്കം നല്കിയ 15-കാരന് വൈഭവ് സൂര്യവംശിയെയും മിച്ചല്‍ പ്രശംസിച്ചു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 118 റണ്‍സ് എന്ന നിലയിലേക്ക് ടീമിനെ എത്തിച്ച ഈ ഓപ്പണിംഗ് സഖ്യം ഒന്നാം വിക്കറ്റില്‍ 133 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 'അവന് വളരെ മനോഹരമായി കളിച്ചുവെന്ന് എനിക്ക് തോന്നി. അഭിഷേകിന്റെ ബാറ്റിംഗ് ശൈലിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അവന് കളിച്ചത്. ഇതൊരു മികച്ച പവര്‍പ്ലേ ആയിരുന്നു. അവരുടെ വേഗം കുറയ്ക്കാന്‍ ഞങ്ങള്‍ പല തന്ത്രങ്ങളും പരീക്ഷിച്ചു നോക്കി, എന്നാല്‍ ഇന്ന് രാത്രി ഞങ്ങളുടെ ദിവസമായിരുന്നില്ല' -മിച്ചല്‍ കൂട്ടിച്ചേര്‍ത്തു.
പരമ്പരയില്‍ 0-3 ന് പിന്നിലാണെങ്കിലും, അടുത്ത മത്സരങ്ങള്‍ക്ക് മുന്നോടിയായി ടീം വീണ്ടും ഒരുമിച്ചു കൂടുമെന്ന് മിച്ചല്‍ പറഞ്ഞു. ന്യൂസിലാന്ഡ്കാരുടെ അഭിമാനകരമായ സ്പോര്‍ട്ടിംഗ് ഗ്രൗണ്ടായ ഈഡന് പാര്‍ക്കില്‍ കളിക്കാനുള്ള തന്റെ ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു. പരമ്പരയിലെ നാലാം ടി20 വെള്ളിയാഴ്ച ഓക്ക്ലന്‍ഡില്‍ നടക്കും. 'തന്റെ രാജ്യത്തിനായി കളിക്കുന്നത് എപ്പോഴും വളരെ പ്രത്യേകതയുള്ള കാര്യമാണ്. ധാരാളം മികച്ച ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച, ഓള് ബ്ലാക്സ് മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ഈഡന് പാര്‍ക്കിലേക്ക് പോവുക എന്നത് ന്യൂസീലന്‍ഡുകാര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് അഭിമാനകരമാണ്. അതിനാല്‍ മാറില്‍ ഫേണ്‍ ചിഹ്നവും വഹിച്ച് ഈഡന് പാര്‍ക്കില്‍ പോയി പോരാടാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്' -അദ്ദേഹം പറഞ്ഞു.
content highlights: 'A Very Special Innings': Daryl Mitchell Heaps Praise on Abhishek Sharma