ദുബായിൽ ബാച്ചിലേഴ്സിനും കുടുംബങ്ങൾക്കും ഒരുമിച്ച് താമസിക്കാം; പുതിയ പാർപ്പിട നിയമം വരുന്നു!

വാടക അടയ്ക്കുന്നതിലും കെട്ടിടത്തിന്റെ ബില്ലുകളിലും പുതിയ നിയമം കൃത്യമായ വ്യക്തത വരുത്തുന്നുണ്ട്

ദുബായിൽ ബാച്ചിലേഴ്സിനും കുടുംബങ്ങൾക്കും ഒരുമിച്ച് താമസിക്കാം; പുതിയ പാർപ്പിട നിയമം വരുന്നു!
dot image

ദുബായിൽ ഇനി മുതൽ കുടുംബങ്ങൾക്കും ബാച്ചിലേഴ്സിനും (പുരുഷന്മാർക്കും സ്ത്രീകൾക്കും) നിയമാനുസൃതമായി ഒരുമിച്ച് താമസിക്കാം. ദുബായിൽ താമസസ്ഥലം പങ്കിടുന്നതിൽ പുതിയ നിയമം ഓഗസ്റ്റ് അവസാനത്തോടെ പ്രാബല്യത്തിൽ വരുന്നതോടെയാണിത്. വാടക സാധാരണയായി പ്രതിമാസ ഗഡുക്കളായി മുൻകൂറായി നൽകണമെന്നാണ് നിയമത്തിൽ പറയുന്നത്. എന്നാൽ ഉടമസ്ഥനും താമസക്കാരനും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ഇതിൽ മാറ്റങ്ങൾ വരുത്താനും സാധിക്കും.

പുതിയ നിയമപ്രകാരം പരമ്പരാഗതമായി തൊഴിലാളികൾ മാത്രം താമസിക്കുന്ന രീതിക്ക് മാറ്റം വരികയും ആറ് വ്യത്യസ്ത വിഭാഗങ്ങളിലുള്ളവർക്ക് പങ്കാളിത്ത പാർപ്പിട സൗകര്യം നിയമപരമായി ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യും. കുടുംബങ്ങൾ, ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾ, ഒറ്റയ്ക്ക് താമസിക്കുന്ന പുരുഷന്മാർ, വിദ്യാർത്ഥിനികൾ, വിദ്യാർത്ഥികൾ, സർക്കാർ-സ്വകാര്യ മേഖലകളിലെ ജീവനക്കാർ എന്നിവരാണ് ഇവർ. ഒരു കെട്ടിടത്തിനുള്ളിൽ തങ്ങൾക്ക് അനുവദിച്ചിട്ടുള്ള പ്രത്യേക മുറിയിലോ സ്ഥലത്തോ താമസിക്കുമ്പോൾ തന്നെ അടുക്കള, ഡൈനിംഗ് ഏരിയ, ബാത്ത്റൂം തുടങ്ങിയ പൊതു സൗകര്യങ്ങൾ പരസ്പരം പങ്കിടാൻ താമസക്കാർക്ക് അനുവാദമുണ്ടായിരിക്കും.

വാടക അടയ്ക്കുന്നതിലും കെട്ടിടത്തിന്റെ ബില്ലുകളിലും പുതിയ നിയമം കൃത്യമായ വ്യക്തത വരുത്തുന്നുണ്ട്. ഡിഫോൾട്ട് വ്യവസ്ഥ അനുസരിച്ച് വെള്ളം, വൈദ്യുതി ചാർജുകൾ വാടകയിൽ ഉൾപ്പെടും. കരാറിൽ മറ്റ് നിർദ്ദേശങ്ങൾ ഇല്ലെങ്കിൽ വാടക തുകയിൽ തന്നെ ഇവയും അടങ്ങും. കൂടാതെ പൊതു സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനുള്ള തുകയും ഇതിൽ ഉൾപ്പെടുന്നു. എല്ലാ വാടക കരാറുകളും തിരുത്തലുകളും പ്രത്യേക 'ഷെയർഡ് അക്കൊമഡേഷൻ രജിസ്ട്രി'യിൽ രജിസ്റ്റർ ചെയ്തിരിക്കണം.

തങ്ങൾക്ക് ലഭിച്ച താമസസ്ഥലം മറ്റൊരാൾക്ക് മറിച്ചു നൽകുന്നതിനും മറ്റ് വ്യക്തികളെ അവിടെ സ്ഥിരമായി താമസിപ്പിക്കുന്നതിനും കർശന നിരോധനമുണ്ട്. എന്നാൽ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ സന്ദർശനം നടത്തുന്നതിന് തടസ്സമില്ല. അതേസമയം, സന്ദർശനവും ഒരാൾ സ്ഥിരമായി അവിടെ താമസിക്കുന്നതും തമ്മിലുള്ള വ്യത്യാസം പരിശോധിക്കപ്പെടും.

അനധികൃത പാർപ്പിടങ്ങൾ, അമിതമായ ജനസാന്ദ്രത മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്നിവ തടയുന്നതിനും കെട്ടിട ഉടമകളുടെയും താമസക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് ദുബായ് മുൻസിപ്പാലിറ്റി പുതിയ നിയമം നടപ്പിലാക്കുന്നത്. മുൻസിപ്പാലിറ്റിയുടെ പ്രത്യേക പെർമിറ്റുള്ള കെട്ടിടങ്ങൾക്ക് മാത്രമേ പങ്കാളിത്ത പാർപ്പിടമായി പ്രവർത്തിക്കാൻ അനുമതിയുണ്ടാകൂ.

Content Highlights: Dubai is preparing new housing regulations that could allow bachelors and families to live together in designated residential areas. The proposed changes are aimed at creating clearer and more flexible accommodation rules.

dot image
To advertise here,contact us
dot image