ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ നായകനാകാന്‍ സഞ്ജു സാംസണ്‍; ശ്രേയസിനൊപ്പം പരിഗണിച്ച് ബിസിസിഐ

സൂര്യകുമാര്‍ യാദവിന് പകരം സഞ്ജു സാംസണിനെയും ശ്രേയസ് അയ്യരെയുമാണ് പരിഗണിക്കുന്നതെങ്കിലും സാധ്യത കൂടുതല്‍ മലയാളി താരത്തിന്

ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ നായകനാകാന്‍ സഞ്ജു സാംസണ്‍;  ശ്രേയസിനൊപ്പം പരിഗണിച്ച് ബിസിസിഐ
dot image

ക്രിക്കറ്റ് പ്രേമികളുടെ ആകാംക്ഷ ഇനി സഞ്ജു സാംസണ്‍ എന്ന ഒറ്റപ്പേരിലാണ്. ഇന്ത്യന്‍ നായകനാകുമോ സഞ്ജു എന്നാണ് ചോദ്യം? അതിന് കാരണവുമുണ്ട്. ഇന്ത്യയുടെ ടി20 ക്രിക്കറ്റില്‍ പുതിയ ക്യാപ്റ്റനായുള്ള തിരച്ചിലിലാണ് ബിസിസിഐ. സെലക്ഷന്‍ കമ്മിറ്റിക്ക് മുന്നില്‍ ഏറെയും സഞ്ജുവിന്റെ പേരാണ്. ശ്രേയസ് അയ്യരുടെ പേര് പരിഗണിക്കുന്നതിനൊപ്പമാണ് സഞ്ജുവിന്റെ പേരുകൂടി എത്തുന്നത്. ശ്രേയസ് അയ്യരെ ട്വന്റി 20 ക്യാപ്റ്റനാക്കാന്‍ സിലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.


രാജസ്ഥാന്‍ റോയല്‍സില്‍ നിന്നാണ് സഞ്ജു സാംസണ്‍ ചെന്നൈയിലെത്തിയത്. ചെന്നൈയില്‍ പക്ഷെ ക്യാപ്റ്റനല്ലെങ്കിലും മികച്ച പ്രകടനമാണ് താരത്തിന്റേത്. രണ്ടു സെഞ്ചുറിയോടെയാണ് താരം തിളങ്ങി നില്‍ക്കുന്നത്. ടീം പ്ലെയര്‍ എന്ന നിലയിലും സഢ്ജുവിന് മികച്ച മാര്‍ക്കുണ്ട്. നിലവില്‍ ഐപിഎല്‍ ടീമിന്റെ ക്യാപ്റ്റനല്ല സഞ്ജുവെങ്കിലും മുന്‍പരിചയമുണ്ടെന്നത് താരത്തിന് അനുകൂല ഘടകമാണ്. രാജസ്ഥാനെ മുന്നില്‍നിന്ന് നയിച്ചതിന്റെ പരിചയ സമ്പത്തുതന്നെയാണ് ചൂണ്ടിക്കാട്ടുന്നതും. 2015 ജൂലൈ 19ന് സിംബാംബ്‌വെയ്‌ക്കെതിരെ നടന്ന മല്‍സരത്തിലാണ് ടി20യില്‍ സഞ്ജുവിന്റെ അരങ്ങേറ്റം. പരുക്കേറ്റ അമ്പാട്ടി റായുഡുവിന് പകരക്കാരനായിട്ടാണ് സഞ്ജു അന്ന് കളിച്ചത്. മത്സരത്തില്‍ 24 പന്തില്‍ നിന്ന് 19 റണ്‍സെടുത്തു. 62 മല്‍സരങ്ങളില്‍ നിന്നായി മൂന്ന് സെഞ്ചുറിയും ആറ് അര്‍ധ സെഞ്ചുറിയുമടക്കം 1399 റണ്‍സും താരം നേടി. ഇത്തവണത്തെ ലോകകപ്പിലെ താരവും സഞ്ജുവായിരുന്നു. അഹമ്മദാബാദില്‍ നടന്ന ഫൈനലില്‍ 89 റണ്‍സ് നേടി ടീമിനെ വിജയത്തിലെത്തിച്ചത് സഞ്ജുവിന്റെ പ്രകടനമായിരുന്നു. ഇംഗ്ലണ്ടിനെതിരെ അതേലോകകപ്പില്‍ 89 റണ്‍സും നേടി. വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താകാതെ നേടിയ 97 റണ്‍സും സഞ്ജുവിന്റെ കരിയറില്‍ പൊന്‍തൂവലായി.


ലോകകപ്പിലെ സഞ്ജുവിന്റെ പ്രകടനത്തെ പ്രശംസിച്ച് മുതിര്‍ന്ന താരങ്ങള്‍ രംഗത്തെത്തിയിരുന്നു. 'അവസാന മൂന്ന് മത്സരങ്ങളില്‍ സഞ്ജു തന്റെ പ്രകടനങ്ങള്‍ കൊണ്ടുവന്നതില്‍ കാണാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. പ്രത്യേകിച്ചും ഇന്ത്യയ്ക്ക് വേണ്ടി വളരെ പ്രധാനപ്പെട്ട മത്സരങ്ങളില്‍ സഞ്ജു മികച്ച പ്രകടനം നടത്തി. വളരെക്കാലമായി സഞ്ജു ടീമിന് അകത്തും പുറത്തുമാണ് ഉള്ളത്. അവന് ചില സമയങ്ങളില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അവനെ പോലൊരാള്‍ കഠിനാധ്വാനം ചെയ്യുന്നത് കാണുന്നത് വളരെ സന്തോഷകരമാണ്', രാഹുല്‍ ദ്രാവിഡ് പറഞ്ഞു. ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സഞ്ജു സാംസണെ വാനോളം പുകഴ്ത്തി ഇന്ത്യയുടെ മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കറും രംഗത്തെത്തി. സഞ്ജുവിന്റെ ഷോട്ടുകള്‍ ഇതിഹാസതാരങ്ങളായ വിവിയന്‍ റിച്ചാര്‍ഡ്സിനെയും മഹേള ജയവര്‍ധനയെയും ഓര്‍മിപ്പിക്കുന്നതാണെന്ന് ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറെ സഞ്ജു നേരിട്ട രീതി തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഗവാസ്‌കര്‍ പറഞ്ഞു. മുന്‍പത്തെ മത്സരങ്ങളില്‍ ആര്‍ച്ചര്‍ക്ക് മുന്നില്‍ പതറിയ സഞ്ജു, ഇത്തവണ മികച്ച രീതിയിലാണ് ബാറ്റുവീശിയത്. ആര്‍ച്ചര്‍ക്കെതിരെ മാത്രം വെറും 14 പന്തില്‍ നിന്ന് 38 റണ്‍സാണ് അടിച്ചെടുത്തത്. ഇതിലെ പുള്‍ ഷോട്ടുകള്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിനെ ഓര്‍മ്മിപ്പിച്ചപ്പോള്‍, ബാറ്റിങ്ങിലെ ക്ലാസിക് ശൈലി ശ്രീലങ്കന്‍ താരം മഹേള ജയവര്‍ധനെയെയും ഓര്‍മിപ്പിച്ചെന്നും ഗവാസ്‌കര്‍ പറഞ്ഞു. തുടക്കത്തില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കില്ലെന്ന് കരുതിയിരുന്ന സഞ്ജുവിന്, അഭിഷേക് ശര്‍മ്മയുടെ ഫോമില്ലായ്മയും റിങ്കു സിംഗിന്റെ അഭാവവുമാണ് വഴിതുറന്നത്. ലഭിച്ച അവസരം പരമാവധി മുതലെടുത്ത സഞ്ജു, ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തുകൊണ്ട് ചരിത്രത്തിന്റെ ഭാഗമായി മാറുകയായിരുന്നു. വരും വര്‍ഷങ്ങളില്‍ ക്രിക്കറ്റ് ലോകം ഓര്‍മ്മിക്കുന്ന 'മൂന്ന് മുത്തുമണികള്‍' പോലുള്ള ഇന്നിംഗ്സുകളാണ് സഞ്ജു കാഴ്ചവെച്ചതെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ഐപിഎലിലെ സഞ്ജുവിന്റെ പ്രകടനം വലിയ പ്രശംസകള്‍ക്കിടയാക്കിയിരുന്നു.'സഞ്ജു സാംസണ്‍ ഒരു ലോകോത്തര ബാറ്ററാണെന്നും അവന്റെ ബാറ്റിംഗ് അത്രയേറെ മനോഹരമാണെന്നും മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് പറഞ്ഞിരുന്നു. 'ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ആരും ഇതിനുമുമ്പ് രണ്ട് സെഞ്ചുറി സ്വന്തമാക്കിയിട്ടില്ല. സ്‌റ്റൈലിഷ് സാംസണ്‍ അത് സാധ്യമാക്കിയിരിക്കുന്നു. അതും തന്റെ ആദ്യ സീസണില്‍ ടൂര്‍ണമെന്റ് പകുതി മാത്രം പിന്നിടുമ്പോള്‍', ആരാശ് ചോപ്രയു തന്റെ സമൂഹമാദ്ധ്യത്തിലൂടെ കുറിച്ചു. 'സഞ്ജു ഇപ്പോള്‍ തന്റെ കരിയറിന്റെ ഔന്നത്യത്തിലാണ്. ഇതിലും മനോഹരമായി ബാറ്റ് ചെയ്യാന്‍ മറ്റാര്‍ക്കും കഴിയില്ല', ഇതായിരുന്നു ഇര്‍ഫാന്‍ പത്താന്റെ വാക്കുകള്‍. എന്നാല്‍, വളരെ പക്വതയാര്‍ന്ന ഇന്നിംഗ്സാണ് സഞ്ജു കളിച്ചത് എന്നായിരുന്നു ശിഖര്‍ ധവാന്‍ കുറിച്ചത്. കൃത്യമായ സമയത്ത് വേഗം കൂട്ടി ഇന്നിംഗ്സിനെ മനോഹരമായി മുന്നോട്ട് കൊണ്ടുപോയി അതിന് അര്‍ഹമായ ഫലം നല്‍കി. തികച്ചും അദ്ദേഹത്തിന് അര്‍ഹിച്ച സെഞ്ചുറിയായിരുന്നു അത്, ധവാന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഒപ്പം പരിഗണിക്കപ്പെടുന്ന ശ്രേയസ് അയ്യരും മികച്ച ഫോമിലാണ്. ഐപിഎലില്‍ ക്യാപ്റ്റനെന്ന നിലയിലും വ്യക്തിഗത പ്രകടനത്തിലും ശ്രേയസിന്റെ പ്രകടനവും സെലക്ഷന്‍ കമ്മിറ്റിക്ക് മുന്നിലുണ്ട്. പക്ഷേ ഇന്ത്യന്‍ ടീമില്‍ 2023 ഡിസംബര്‍ മൂന്നിനാണ് അവസാനമായി ശ്രേയസ് അയ്യര്‍ കളിച്ചത് എന്നതാണ് തിരിച്ചടി. സൂര്യകുമാര്‍ യാദവിന് ടി20 ക്രിക്കറ്റില്‍ ക്യാപ്റ്റനായി തുടരാന്‍ ആഗ്രഹമുണ്ടെങ്കിലും പ്രായവും ഫോമില്ലായ്മയും കണക്കിലെടുത്ത് അയല്‍ലന്‍ഡ് പര്യടനം മുതല്‍ പുതിയ ക്യാപ്റ്റനെ കൊണ്ടുവരാനാണ് ബിസിസിഐ ശ്രമിക്കുന്നത്. വലിയ മാറ്റങ്ങളോടെയാകും അയര്‍ലന്‍ഡ്-ഇംഗ്ലണ്ട് പര്യടനത്തിന് ഇന്ത്യന്‍ ടീം എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുതുമുഖ താരങ്ങള്‍ ടീമില്‍ ഇടംപിടിക്കുമോയെന്നും ആകാംക്ഷയുണ്ട്. ഐപിഎലിലെ ഈ സീസണില്‍ മികച്ച പ്രകടനം നടത്തുന്ന ഒട്ടേറെപ്പേരാണുള്ളത്. ഇവരില്‍ ആരെല്ലാം ടീമിലെത്തുമെന്നതാണ് ആകാംക്ഷ.

content highlights: Sanju Samson to lead India in T20 cricket; BCCI considers him alongside Shreyas

dot image
To advertise here,contact us
dot image