താരങ്ങളെ അച്ചടക്കം പഠിപ്പിക്കാന്‍ ബിസിസിഐ; ഹോട്ടലില്‍ സന്ദര്‍ശകരെ അനുവദിക്കില്ല

ബിസിസിഐ സെക്രട്ടറിയാണ് ഓരോ ടീമിനും കത്ത് അയച്ചത്

താരങ്ങളെ അച്ചടക്കം പഠിപ്പിക്കാന്‍ ബിസിസിഐ; ഹോട്ടലില്‍ സന്ദര്‍ശകരെ അനുവദിക്കില്ല
dot image

അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ വിവാദങ്ങള്‍ നിറഞ്ഞതോടെ വടിയെടുത്ത് ബിസിസിഐ. ഓരോ ടീമും അച്ചടക്കം പാലിക്കണമെന്നും താരങ്ങള്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യപ്പെട്ടാണ് ബിസിസിഐ കത്തയച്ചത്. ഓരോ ഫ്രാഞ്ചൈസിക്കും കത്ത് അയച്ചതായി ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. പെരുമാറ്റച്ചട്ടം, ടീം അച്ചടക്കം, സുരക്ഷാ പ്രോട്ടോക്കോള്‍ എന്നിവ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. ഈ ഐപിഎല്‍ സീസണില്‍ ഒട്ടേറെ നിയമലംഘനങ്ങള്‍ കണ്ടതിന് പിന്നാലെയാണ് നടപടി. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് ഓരോ ഫ്രാഞ്ചൈസിക്കും കത്തയച്ചത്.

കത്തില്‍ താരങ്ങളുടെയോ സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെയോ പേര് പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ ഗുരുതമായ അച്ചടക്ക ലംഘനങ്ങളെയും പ്രോട്ടോക്കോള്‍ ലംഘനത്തെയും പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്.

ഹോട്ടല്‍ മുറിയില്‍ അനധികൃത സന്ദര്‍ശകരെ വിലക്കണമെന്ന് നിര്‍ദേശമുണ്ട്. ഇ-സിഗരറ്റ് ഉപയോഗം, വിലക്കുള്ള മേഖലയില്‍ മൊബൈല്‍ ഉപയോഗം, അനുമതിയില്ലാതെ ഹോട്ടലുകളില്‍നിന്ന് പുറത്തുപോകല്‍ എന്നിവയെല്ലാം വിലക്കുന്നുണ്ട്. കളിക്കാരുടെ റൂമിലേക്ക് പ്രവേശിക്കാന്‍ ടീം മാനേജരുടെ അനുമതി വേണമെന്നും കത്തിലുണ്ട്. കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങി എല്ലാവര്‍ക്കും ഇത് ബാധകമാണ്.

നേരത്തെ ഹോട്ടലുകളിലേക്ക് താരങ്ങളുടെ ബന്ധുക്കളും കാമുകിമാരും എത്തുന്നതെല്ലാം ബിസിസിഐയെ ചൊടിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ നടപടിയുണ്ടാകുമെന്ന കാര്യവും ബിസിസിഐ വ്യക്തമാക്കിയിരുന്നു. മൊബൈല്‍ ഉപയോഗം വാതിവെപ്പ് ഉള്‍പ്പടെയുള്ള ഗുരുതര പ്രതിസന്ധിയുണ്ടാക്കുമെന്നും ബിസിസിഐ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഇപ്പോള്‍ കത്തയച്ചത്.

content highlights: BCCI to teach players discipline; visitors will not be allowed in hotels

dot image
To advertise here,contact us
dot image