

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ അഞ്ചുവട്ടം ജേതാക്കളായ മുംബൈക്ക് നാളെ നിര്‍ണായക ദിനം. പോയിന്റ് ടേബിളില്‍ അവസാനക്കാരായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളി. രാത്രി 7.30ന് വാംഖഡെ സ്റ്റേഡിയത്തിലാണ് കളി. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരം തോറ്റാണ് മുംബൈ എത്തുന്നത്. പ്ലേ ഓഫിന് സാധ്യത കുറവാണെങ്കിലും നേരിയ പ്രതീക്ഷ നിലനിര്‍ത്താന്‍ ലഖ്‌നൗവിനെതിരെ ജയം അനിവാര്യമാണ്.
അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ എട്ടുവിക്കറ്റിനാണ് മുംബൈ തോറ്റിരുന്നത്. മത്സരശേഷം, മുംബൈ തങ്ങളുടെ മികച്ച പോരാട്ടം കാഴ്ചവെക്കുന്നില്ലെന്ന് മുഖ്യപരിശീലകന്‍ മഹേല ജയവര്‍ധന പറഞ്ഞിരുന്നു. വലിയ സ്‌കോര്‍ ലക്ഷ്യമിട്ട് തന്നെയാണ് ചെപ്പോക്കില്‍ കളിക്കാനിറങ്ങിയതെന്നും 180 മുതല്‍ 190 വരെയുള്ള സ്‌കോറാണ് ടീം പ്രതീക്ഷിച്ചതെന്നും ജയവര്‍ധന പറഞ്ഞു. എന്നാല്‍ നിര്‍ണായക വിക്കറ്റുകള്‍ നഷ്ടമായതാണ് ടീമിന് തിരിച്ചടിയായത്. ഇത് സ്‌കോറിങ്ങിന്റെ വേഗം കുറച്ചു. മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമം നടത്തിയെങ്കിലും സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ടോസ് നേടി ആദ്യം ബാറ്റുചെയ്ത മുംബൈയെ ചെന്നൈ ബൗളര്‍മാര്‍ ചേര്‍ന്നാണ് വരിഞ്ഞുമുറുക്കിയത്. അന്‍ഷുല്‍ കംബോജും നൂര്‍ അഹമ്മദും ഉള്‍പ്പെട്ട സംഘമാണ് മുംബൈക്ക് തലവേദനയായത്. മുംബൈ ഉയര്‍ത്തിയ 160 റണ്‍സെന്ന ലക്ഷ്യം 11 പന്തുകള്‍ ശേഷിക്കെ രണ്ടുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ചെന്നൈ അടിച്ചെടുത്തു. റുതുരാജ് ഗെയ്ക്വാദും കാര്‍ത്തിക് ശര്‍മയുമാണ് ടീമിന്റെ നട്ടെല്ലായത്.
'മികച്ച ബാറ്റര്‍മാരുടെയും ബൗളര്‍മാരുടെയും പരിചയ സമ്പന്നമായ സംഘം മുംബൈക്കുണ്ട്. ഇത് അനുകൂല ഘടകമാണെങ്കിലും പലപ്പോഴും ഉദ്ദേശിച്ച രീതിയില്‍ ഗ്രൗണ്ടില്‍ മികവ് കാണിക്കാനാകുന്നില്ല. കളിക്കുന്ന പിച്ചിനെ ആശ്രയിച്ചായിരിക്കും ചില ദിവസങ്ങള്‍. നന്നായി കളിക്കണം എന്നാണ് എപ്പോഴും ചിന്തിക്കുന്നത്. അതിന് പറ്റുന്ന സാഹചര്യമല്ല പലപ്പോഴും ഉണ്ടാകുന്നത്. എങ്കിലും മികച്ച ശ്രമങ്ങള്‍ നടത്തി മത്സരത്തിലേക്ക് തിരിച്ചെത്താന്‍ സാധിക്കേണ്ടതുണ്ട്' -ജയവര്‍ധന പറയുന്നു. ബുംറയുടെ ഫോമില്ലായ്മയാണ് കടുത്ത വെല്ലുവിളി. ഈ സീസണില്‍ ഇതുവരെ താരം മൂന്നുവിക്കറ്റ് മാത്രമാണ് നേടിയത്. മുംബൈക്ക് ഇനി അഞ്ചുമത്സരങ്ങളാണ് ശേഷിക്കുന്നത്. പ്ലേ ഓഫിലെത്താനായില്ലെങ്കിലും എല്ലാ മത്സരങ്ങളിലും ജയിക്കാനുള്ള തയ്യാറെടുപ്പിലാണ് മുംബൈ. തിങ്കളാഴ്ച ലഖ്‌നൗവിനെതിരായ മത്സരം തോറ്റാല്‍ പട്ടികയില്‍ ഏറ്റവും അവസാനക്കാരായി മാറും മുംബൈ. ഈ നാണക്കേടില്‍നിന്ന് രക്ഷപ്പെടാനുള്ള വഴി കൂടിയാണ് മുംബൈ തേടുന്നത്.
content highlights: Crucial for Mumbai, Lucknow ahead; Victory keeps the math alive, defeat means exit!