

2026 ഇന്ത്യൻ പ്രീമിയർ ലീഗിലെ മോശം പ്രകടനത്തിന് പിന്നാലെ ഹർദിക് പാണ്ഡ്യയേയും സംഘത്തെയും വിമർശിച്ച് ഇന്ത്യൻ മുൻ ഇതിഹാസ ഓപണർ വിരേന്ദർ സെവാഗ്. മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ചിടത്തോളം അവരുടെ ബൗളിംഗ് നിരയിൽ വളരെ ശക്തരായ താരങ്ങളുണ്ട്. എന്നാൽ കളിക്കളത്തിലേക്ക് എത്തുമ്പോൾ താരങ്ങളുടെ പ്രകടനം ഏറെ നിരാശപ്പെടുത്തുന്നതാണ്. മുംബൈ കടലാസിൽ മാത്രമാണ് പുലികളെന്നാണ് സെവാഗ് തുറന്നടിച്ചിരിക്കുന്നത്.
'കടലാസിൽ മുംബൈ ഇന്ത്യൻസ് വളരെ ശക്തമായ ടീമാണ്. ജസ്പ്രീത് ബുംറ, ട്രെന്റ് ബോൾട്ട്, ഹാർദിക് പാണ്ഡ്യ, അള്ളാ മുഹമ്മദ് ഗസൻഫർ എന്നിങ്ങനെയുള്ള പ്രശസ്തരായ ബൗളർമാർ നിങ്ങൾക്കുണ്ട്. എന്നിട്ടും കളിക്കളത്തിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ്. എല്ലാവരും പുകഴ്ത്തിയിരുന്ന അശ്വനി കുമാറിന് ഹൈദരാബാദിനെതിരെ തിളങ്ങാനായില്ല. ഇത്തരത്തിൽ മുംബൈ മുന്നോട്ട് പോവുകയാണെങ്കിൽ പ്ലേ ഓഫ് മറക്കണം', വിരേന്ദർ സെവാഗ് തുറന്നടിച്ചു.
ഹാർദിക് പാണ്ഡ്യയെ മാറ്റി ഇഷാൻ കിഷനെ നായകനാക്കാൻ മാനേജ്‌മെന്റ് ആലോചിക്കുന്നതായും വാർത്തകൾ പുറത്തുവരുന്നുണ്ട്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ പവർപ്ലേയിൽ 92 റൺസ് വഴങ്ങിയതും, ട്രാവിസ് ഹെഡിന്റെ എഡ്ജിനായി അപ്പീൽ ചെയ്യാതിരുന്നതും മുംബൈ ക്യാമ്പിലെ അച്ചടക്കമില്ലായ്മയാണ് തുറന്നുകാട്ടുന്നത്. ഇന്ത്യൻ മുൻ താരം രവിചന്ദ്രൻ അശ്വിൻ നേരത്തെ തന്നെ ഹാർദിക്കിന്റെ ക്യാപ്റ്റൻസിയെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയിരുന്നു.
Content highlight: Virender Sehwag criticizes Mumbai Indians performance in IPL 2026