

ഒരു കംബാക്ക് ആഗ്രഹിച്ച് നടക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ക്ക് വീണ്ടും നിരാശയുടെ വാര്‍ത്ത. സൂപ്പര്‍താരം മുന്‍ ക്യാപ്റ്റന്‍ കൂടിയായ എംഎസ് ധോണി കളിക്കളത്തിലേക്കെത്താന്‍ ഇനിയും വൈകുമെന്നാണ് ടീം വൃത്തങ്ങള്‍ പറയുന്നത്. കാലിനേറ്റ പരിക്കാണ് ധോണിക്ക് തിരിച്ചടിയുണ്ടാക്കുന്നത്. പരിക്ക് ഭേദപ്പെട്ട് വരുന്നതേയുള്ളൂവെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് മുഖ്യപരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ് പറഞ്ഞു.
പരിക്ക് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. കാലിനേറ്റ പരിക്ക് സങ്കീര്‍ണവുമാണ്. സുഖംപ്രാപിച്ച് വരുന്ന ധോണി കാലിന്റെ ചലനശേഷി പൂര്‍ണമായി വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. പൂര്‍ണ ശ്രദ്ധ അതില്‍മാത്രമാണെന്നും പരിക്ക് ഭേദമാകാതെ കളിക്കുന്നത് സീസണ്‍ നഷ്ടപ്പെടാനിടയാക്കുമെന്നും സ്റ്റീഫന്‍ ഫ്‌ളെമിങ് പറയുന്നു. ഇതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരും നിരാശയിലായി. അടുത്ത ഏതാനും മത്സരങ്ങള്‍ക്കൂടി ധോണി ഉണ്ടാകില്ലെന്നാണ് വിവരം. കഴിഞ്ഞ ഏതാനും മത്സരങ്ങളില്‍ തിരിച്ചുവരവുണ്ടാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരായ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ കളിക്കാനിറങ്ങുമെന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചത്. എന്നാല്‍ വാംഖഡെ സ്റ്റേഡിയത്തില്‍ താരം കളിച്ചില്ല. പിന്നീട് ചെപ്പോക്കിലെ ഗുജറാത്തിനെതിരായ മത്സരത്തില്‍ കളിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും കളിക്കാനായില്ല.
മാര്‍ച്ച് മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘത്തില്‍ പരിശീലനവുമായി ബന്ധപ്പെട്ട് സജീവമാണ് ധോണി. നെറ്റ്‌സില്‍ ധോണിയുടെ പരിശീലനം വ്യാപകമായി പ്രചരിക്കാറുണ്ട്. എന്നാല്‍ എട്ടുമത്സരങ്ങളിലായി ഇതുവരെ താരം കളിച്ചിട്ടില്ല. ധോണിയുടെ തിരിച്ചുവരവിന് വേണ്ടി വലിയ ശ്രമങ്ങളാണ് ടീം നടത്തുന്നത്. തിരിച്ചുവരവിന് സാധ്യതയുണ്ടെന്നും അതിനായുള്ള ശ്രമത്തിലാണ് താരവും ടീം ഫിസിയോയുമെന്നും ഫ്‌ളെമിങ് പറയുന്നു. ടീമിലെ യുവതാരങ്ങളെ കണ്ടെത്തി കളിപ്പിക്കുന്നതിലും ശ്രദ്ദകേന്ദ്രീകരിക്കുകയാണ് ധോണി. നെറ്റ്‌സില്‍ പരിശീലനം വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്നും ഫ്‌ളെമിങ് പറഞ്ഞു. എട്ടുമത്സരങ്ങളില്‍ മൂന്നുജയവും അഞ്ചുതോല്‍വിയുമായി ആറുപോയിന്റോടെ ആറാം സ്ഥാനത്താണ് ചെന്നൈ. മുംബൈ ഇന്ത്യന്‍സിനെതിരെ മേയ് രണ്ടിന് ചെപ്പോക്കിലാണ് ചെന്നൈയുടെ അടുത്ത മത്സരം.
content highlights: Disappointment for Chennai Super Kings! Superstar's return delayed further; will take time to recover from injury