

വിവാഹവാഗ്ദാനം നൽകി കോടികൾ തട്ടിയെടുത്ത കേസിൽ കുടുങ്ങി തെലുങ്ക് നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ വെങ്കിട്ട അശ്വിനി റെഡ്ഡി (അഷു റെഡ്ഡി). ലണ്ടന്‍ മലയാളിയായ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ വൈ.വി. ധര്‍മ്മേന്ദ്രയാണ് നടിയുടെ ട്രാപ്പില്‍ കുടുങ്ങിയത്. പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നല്‍കിയും കബളിപ്പിച്ച് നടി 9.35 കോടി രൂപ തട്ടിയെടുത്തതായാണ് പരാതി. നടിയ്ക്കും കുടുംബത്തിനും എതിരെ ഹൈദരാബാദ് സെൻട്രൽ ക്രൈം സ്റ്റേഷനിലാണ് കേസെടുത്തത്. യുകെയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യെനുമല സത്യനാരായണ മൂർത്തിയുടെ പരാതിയിലാണ് നടപടി. തന്‍റെ മകൻ ധർമ്മേന്ദ്രയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് നടി വൻ തുക കൈക്കലാക്കിയെന്നാണ് പരാതിയിൽ പറയുന്നത്.
2018 ലാണ് അഷു റെഡ്ഡിയും ധര്‍മേന്ദ്രയും പരിചയപ്പെടുന്നത്. ഈ സമയം ധര്‍മേന്ദ്ര വിവാഹ മോചനത്തിലൂടെ കടന്നു പോവുകയായിരുന്നു. ഇത് അറിഞ്ഞു കൊണ്ടു തന്നെ അഷു റെഡ്ഡി ധര്‍മേന്ദ്രയ്ക്ക് വിവാഹ വാഗ്ദാനം നല്‍കുകയും തുടര്‍ന്ന് പല ആവശ്യങ്ങള്‍ പറഞ്ഞ് അദ്ദേഹത്തില്‍ നിന്നും പണം കൈപ്പറ്റിയിരുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്. പണത്തിന് പുറമെ കാറും സ്വര്‍ണവും മറ്റ് വസ്തുക്കളും നടി ധര്‍മ്മേന്ദ്രയില്‍ നിന്നും വാങ്ങിയെന്നും പരാതിയില്‍ പറയുന്നു.
ധര്‍മ്മേന്ദ്ര വിവാഹവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചപ്പോള്‍ അഷു എതിര്‍ത്തു. തര്‍ക്കം പരിഹരിക്കാനായി നടി ഹേമയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ 70 ലക്ഷം രൂപ തിരികെ നല്‍കാമെന്ന് അഷു റെഡ്ഡി സമ്മതിക്കുകയും ബ്ലാങ്ക് ചെക്കുകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇവ തിരികെ വാങ്ങുകയും നശിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.
നടിയുടെ കുടുംബം ഇടപ്പെടുകയും വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തതായും പരാതിയിൽ പറയുന്നു. 2020 മുതല്‍ 2025 വരെ ഇരുവര്‍ക്കുമിടയില്‍ വീണ്ടും സാമ്പത്തിക ഇടപാടുകളുണ്ടായി. നടിയ്ക്കായി ഫ്‌ളാറ്റ് വാങ്ങാന്‍ ധര്‍മ്മേന്ദ്ര 1.8 കോടി രൂപ അഡ്വാന്‍സ് ആയി നല്‍കി. അഞ്ച് കിലോ സ്വര്‍ണം വാങ്ങി നല്‍കി. നടിയുടെ സഹോദരി ദിവ്യ റെഡ്ഡിയും 50 ലക്ഷം രൂപ കൈപ്പറ്റിയതായാണ് പരാതിയില്‍ പറയുന്നത്. നടി വീണ്ടും വിവാഹത്തില്‍ നിന്നും പിന്മാറിയെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കള്ളക്കേസ് നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
Content Highlights: Telugu actress Ashwini Reddy and her family are facing allegations of extorting Rs 9.35 crore from a man by allegedly promising marriage. According to the complaint, the accused reportedly took the money under the assurance of marriage but failed to fulfill the promise. The case has now led to legal proceedings, attracting significant public and media attention.