

ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ഹൈദെരാബാദിനോടേറ്റ തോൽവിക്ക് പിന്നാലെ രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിനെതിരെ രൂക്ഷവിമർശനം. മത്സരത്തിൽ രവീന്ദ്ര ജഡേജയെ പന്തെറിയിക്കാതിരുന്ന തീരുമാനത്തിനെതിരെയാണ് കൂടുതൽ വിമർശനങ്ങൾ ഉയർന്നത്. എന്നാൽ, അതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആർആർ ക്യാപ്റ്റൻ റിയാൻ പരാഗ്.
'ഞങ്ങൾ വളരെ നന്നായി തുടങ്ങിയെന്ന് എനിക്ക് തോന്നി. ഒരുപക്ഷെ ചില കാര്യങ്ങളിൽ മാറ്റം വരുത്താമായിരുന്നു. ജഡു ഭായ്, എനിക്കറിയില്ല അത് ആ നിമിഷത്തെ തീരുമാനമായിരുന്നു. ഇഷാൻ നല്ല രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്നു. അതുകൊണ്ട് തന്നെ ആ റിസ്ക് എടുക്കാൻ ഞാൻ ആഗ്രഹിച്ചില്ല. ബിഷ്ണോയുടെ ഓവറുകളിൽ എനിക്ക് വിശ്വാസമായിരുന്നു.' പരാഗ് വ്യക്തമാക്കി.
പന്തെറിയാനയിലെങ്കിലും ബാറ്റിങ്ങിൽ ജഡേജ മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്. 32 പന്തിൽ 45 റൺസായിരുന്നു താരം നേടിയത്. ജഡേജക്കൊപ്പം ചേർന്ന ഫെരൈരെ കോടി തകർത്ത് അടിച്ചതോടെ ആർആറിനെ വലിയ നാണക്കേടിൽ നിന്ന് കരകയറ്റി. 44 പന്തിൽ നിന്ന് 69 റൺസായിരുന്നു താരം കൂട്ടിച്ചേർത്തത്. ഹൈദെരാബാദിനെതിരെ 57 റൺസിനായിരുന്നു രാജസ്ഥാൻ മത്സരത്തിൽ പരാജയപ്പെട്ടത്. ടീമിന്റെ തോൽവി അറിയാതെയുള്ള കുതിപ്പിന്റെ കൂടി അവസാനമായിരുന്നു ഈ തോൽവി.
Content highlight: Riyan Parag on Jadeja bowling decision