

പന്തെറിയാൻ നേരെ ഓടിയെത്തുന്നത് സ്പിൻ മാന്ത്രികൻ സാക്ഷാൽ മുത്തയ്യ മുരളീധരൻ, വിക്കറ്റിന് പിന്നിൽ സാക്ഷാൽ എം എസ് ധോണി. ചെന്നൈ സൂപ്പർ കിംഗ്സിൽ സഞ്ജുവിന് ഇതിലും മികച്ച തുടക്കം ലഭിക്കാനില്ലെന്നാണ് ആരാധകർ പറയുന്നത്. ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി കളിച്ചിട്ടുള്ള ഇതിഹാസ താരങ്ങളെ ഉൾപ്പെടുത്തി ടീം സംഘടിപ്പിച്ച ‘റോർ 2026’ എന്ന പരിപാടിയിലാണ് മലയാളി താരം സഞ്ജു സാംസണ് മുത്തയ്യ മുരളീധരൻ പന്തെറിഞ്ഞുകൊടുത്തത്.
മുരളീധരൻ എറിഞ്ഞ ആദ്യത്തെ രണ്ട് പന്തുകൾ സഞ്ജു പ്രതിരോധിക്കുകയാണ് ചെയ്തത്. മൂന്നാം പന്തിൽ ക്രീസ് വിട്ടിറങ്ങി സഞ്ജു കൂറ്റനടിക്ക് ശ്രമിച്ചു. എന്നാൽ പന്ത് കണക്ട് ചെയ്തില്ല. ഇതോടെ ധോണിയുടെ കയ്യിൽ പന്തെത്തിയെങ്കിലും സഞ്ജുവിനെ സ്റ്റമ്പ് ചെയ്യാൻ ധോണി നിന്നില്ല. പന്ത് മുത്തയ്യ മുരളീധരന് ഇട്ടുകൊടുക്കുകയാണു ധോണി ചെയ്തത്. അടുത്ത പന്തു സഞ്ജുവിനു മിസ്സായി.
ഒടുവിൽ മുരളീധരനെ സിക്സർ പറത്തിയാണ് സഞ്ജു ആരാധകരെ കയ്യിലെടുത്തത്. സഞ്ജു സിക്സടിച്ചപ്പോൾ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിന്റെ ഗാലറിയിൽ വമ്പൻ ആവേശമാണ് ഉയർന്നത്. മുത്തയ്യ മുരളീധരനെ നേരിടുന്ന സഞ്ജു സാംസണിന്റെ വീഡിയോ സോഷ്യൽ മീഡിയയിലും വൈറലാണ്.
Content Highlights: IPL 2026: With MS Dhoni as keeper, Sanju Samson takes on Muttiah Muralitharan, Video Goes Viral