'ചെപ്പോക്ക് മുഴുവൻ സഞ്ജുവിനൊപ്പമുണ്ടാകും, മറക്കരുത്'; സിംബാബ്‌വെക്കെതിരെ കളിപ്പിക്കണമെന്ന് മുൻതാരം

ഫെബ്രുവരി 26നാണ് ചെന്നൈയില്‍ ഇന്ത്യ-സിംബാബ്‍വെ സൂപ്പർ 8 പോരാട്ടം നടക്കുക

'ചെപ്പോക്ക് മുഴുവൻ സഞ്ജുവിനൊപ്പമുണ്ടാകും, മറക്കരുത്'; സിംബാബ്‌വെക്കെതിരെ കളിപ്പിക്കണമെന്ന് മുൻതാരം
dot image

2026 ടി20 ലോകകപ്പിൽ സിംബാബ്‍വെയ്ക്കെതിരായ സൂപ്പർ 8 മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണെ കളിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയുടെ മുൻ ഇന്ത്യൻ താരം എസ് ബദ്രിനാഥ്. തിലക് വർമയെ പുറത്തിരുത്തി സഞ്ജുവിനെ ഇലവനിലേക്ക് തിരികെ കൊണ്ടുവരണമെന്നാണ് ബദ്രിനാഥിന്റെ നിർദേശം. സിംബാബ്‍വെയ്ക്കെതിരായ പോരാട്ടം ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലായതുകൊണ്ടുതന്നെ സാഹചര്യങ്ങൾ സഞ്ജുവിന് കൃത്യമായി ഉപയോഗിക്കാൻ സാധിക്കുമെന്നും ബദ്രിനാഥ് പറഞ്ഞു.

‘തിലകിന് പകരം സഞ്ജു ടീമിലെത്തണം. ചെന്നൈയിലെ കാണികളെല്ലാം സഞ്ജുവിനൊപ്പമായിരിക്കുമെന്ന യാഥാർഥ്യം നമ്മൾ മറക്കരുത്‘, ബദ്രിനാഥ് പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിലെ അടുത്ത സീസണില്‍ ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി കളിക്കാനൊരുങ്ങുന്ന താരമാണ് സഞ്ജു സാംസണ്‍. ഈ സാഹചര്യത്തിലാണ് ചെപ്പോക്ക് സ്റ്റേഡിയത്തിലെത്തുന്ന കാണികളുടെ പിന്തുണ സഞ്ജുവിന് ഉണ്ടാവുമെന്ന് ബദ്രിനാഥ് പറഞ്ഞത്.

‘കുറച്ചുനാളായി ഇന്ത്യയുടെ ടോപ് ത്രീ പരാജയപ്പെടുകയാണ്. പവർപ്ലേയിൽ ഇന്ത്യ ഓഫ്-സ്പിന്നിനെ എങ്ങനെ നേരിടും? ഇതാണ് സഞ്ജു സാംസണെ കൊണ്ടുവരാൻ ശരിയായ സമയം. അഭിഷേക് ശർമ ഇപ്പോഴും ഒരു അവസരം അർഹിക്കുന്നു. ഇഷാൻ കിഷനും അഭിഷേക് ശർമയും ഇന്നിങ്സ് ഓപ്പൺ ചെയ്യട്ടെ.അദ്ദേഹം ഒരു എക്സ് ഫാക്ടർ താരമാണ്‘, ബദ്രിനാഥ് യൂട്യൂബ് വി‍ഡിയോയിൽ പ്രതികരിച്ചു.

ഫെബ്രുവരി 26നാണ് ചെന്നൈയിലെ ചെപ്പോക്കില്‍ ഇന്ത്യ-സിംബാബ്‍വെ സൂപ്പർ 8 പോരാട്ടം നടക്കുക. സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യ വമ്പൻ തോൽവി വഴങ്ങിയതോടെ ബാറ്റിങ് ക്രമത്തിൽ മാറ്റങ്ങളുണ്ടാകണമെന്ന ആവശ്യം ശക്തമാണ്. തിലകും അഭിഷേകും മോശം ഫോമിലായതിനാൽ സിംബാബ്‍വെയ്ക്കെതിരായ നിർണായകപോരാട്ടത്തിൽ സഞ്ജുവിന് അവസരമൊരുങ്ങുമെന്നാണ് പ്രതീക്ഷ.

ലോകകപ്പിൽ നമീബിയയ്ക്കെതിരായ മത്സരത്തിൽ മാത്രമാണ് സഞ്ജു കളിക്കാനിറങ്ങിയത്. എട്ടു പന്തുകളിൽ 22 റൺസടിച്ച് മികച്ച തുടക്കം ലഭിച്ചെങ്കിലും, വലിയ ഇന്നിങ്സിലെത്താൻ സഞ്ജുവിന് സാധിച്ചിരുന്നില്ല.

Content Highlights: T20 World Cup 2026: S Badrinath has urged the selectors to pick Sanju Samson over Tilak Varma in IND vs ZIM

dot image
To advertise here,contact us
dot image