

2026 ടി20 ലോകകപ്പിന്‍റെ സൂപ്പർ 8 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാവുകയാണ്. അതിനിടെ നാളെ ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ പരിശീലകന്‍ ഷുക്രി കൊണാര്‍ഡ്. നീലക്കടലിന് നടുവില്‍ മത്സരത്തിന് ഇറങ്ങുമ്പോൾ ഞങ്ങളെക്കാൾ കൂടുതല്‍ സമ്മര്‍ദ്ദം ഇന്ത്യക്കായിരിക്കുമെന്നും അത് തങ്ങൾക്ക് അനുകൂലമാകുമെന്നും ദക്ഷിണാഫ്രിക്കൻ പരിശീലകൻ കോൺറാഡ് പറഞ്ഞു. ഞായറാഴ്ച വൈകിട്ട് 7:30 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്ത്യയെപ്പോലൊരു ടീം എപ്പോഴും ആരാധകരുടെ സൂക്ഷമ നിരീക്ഷണത്തിലാണ്. സെമി ഫൈനലിലും ഫൈനലിലും എത്തണമെന്ന വലിയ പ്രതീക്ഷകൾ അവർക്ക് മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്. ആ സമ്മർദ്ദത്തിൽ അവർ അടിപതറുന്ന സാഹചര്യം സൃഷ്ടിക്കാനാണ് അഹമ്മദാബാദില്‍ ഞങ്ങൾ ശ്രമിക്കുക' അദ്ദേഹം വ്യക്തമാക്കി.
ലക്ഷകണക്കിന് ആരാധകർ തിങ്ങിനിറയുന്ന സ്റ്റേഡിയത്തിലെ ഗാലറി ഇന്ത്യക്കായി ആർപ്പുവിളിക്കുന്നത് ദക്ഷിണാഫ്രിക്കയ്ക്ക് വെല്ലുവിളിയാകില്ലേ എന്ന ചോദ്യത്തിന് സമ്മർദ്ദം ഇരു ടീമുകൾക്കും ഒരുപോലെയാണെന്നയിരുന്നു മറുപടി. അവരുടെ ടീമില്‍ മൂന്ന് ഡക്ക് അടിച്ച താരം ഞങ്ങളെക്കാള്‍ കടുത്ത സമ്മര്‍ദ്ദത്തിലാകും നാളെ ഇറങ്ങുകയെന്നും ടീമിലെ സ്ഥാനം സംരക്ഷിക്കണമെങ്കില്‍ അവന് മികച്ച പ്രകടനം കൂടിയെ തീരുമെന്നും കോൺറാഡ് കൂട്ടിച്ചേർത്തു. അതുപോലൊരു മികച്ച ടീമിനെതിരെ കളിക്കുമ്പോൾ ഞങ്ങൾക്കും സമ്മർദ്ദമുണ്ട്, എങ്കിലും ഇന്ത്യൻ ടീം അനുഭവിക്കുന്ന സമ്മർദ്ദത്തെക്കുറിച്ച് അധികമാരും ചിന്തിക്കുന്നിലെന്നും അദ്ദേഹം ചൂണ്ടികാട്ടി. കഴിഞ്ഞ വർഷം ഇന്ത്യയിൽ പര്യടനം നടത്തിയ അനുഭവം തങ്ങൾക്കുണ്ടെന്നും അഹമ്മദാബാദിലെ സാഹചര്യങ്ങൾ പരിചിതമാണെന്നും കൊണാര്‍ഡ് പറഞ്ഞുവയ്ക്കുന്നു.
ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളിലും തോൽവി അറിയാതെയാണ് ഇന്ത്യ സൂപ്പർ 8-ലേക്ക് എത്തുന്നത്. എന്നാൽ സൂപ്പർ 8-ൽ ഇന്ത്യയ്ക്ക് നേരിടാനുള്ളത് ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെ എന്നീ കരുത്തരെയും. ഇന്ത്യയുടെ ജൈത്രയാഹ്രിക്ക് സമാനമായി തങ്ങളുടെ ഗ്രൂപ്പുകളിൽ നാല് മത്സരങ്ങളും ജയിച്ച് അപരാജിതരായി തന്നെയാണ് അവരും എത്തിയിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലായി മോശം ഫോമിലുള്ള ഓപ്പണർ അഭിഷേക് ശർമയുടെ പ്രകടനം ഇന്ത്യയ്ക്ക് തിരിച്ചടി നൽകുന്നുണ്ട്. ലോകകപ്പില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും റൺസൊന്നും നേടാനാകാതെയായിരുന്നു അഭിഷേക് ഡഗ്‌ഔട്ടിലേക്ക് മടങ്ങിയത്.
Content highlights: 'India has more pressure than South Africa'; SA Coach Shukri Conrad