

നെതർലാൻഡ്സിനെതിരെയുള്ള മത്സരത്തിലും ഡക്കായതോടെ ഈ ലോകകപ്പിൽ അഭിഷേകിന്റെ വട്ട പൂജ്യം മൂന്നെണ്ണമായി. ഒരു മത്സരത്തിൽ അസുഖ ബാധിതനായി കളിച്ചില്ല എന്നത് കൂടി ചേർത്താൽ ഈ ലോകകപ്പിൽ ഗ്രൂപ്പ് റൗണ്ട് തീരുമ്പോൾ ഒരൊറ്റ റൺസ് പോലും സ്കോർ ബോർഡിൽ ചേർക്കാനായില്ല എന്നത് അവിശ്വസനീയ ഫിഗറാണ്. അവസാനം കളിച്ച എട്ട് മത്സരങ്ങളിൽ അഞ്ചിലും പൂജ്യമാണ് എന്നത് മറ്റൊരു വസ്തുത.
ദക്ഷിണാഫ്രിക്കയുമായുള്ള സൂപ്പർ എട്ട് മത്സരത്തിൽ താരത്തെ പുറത്തിരിത്തുമോ അതോ ഫോം വീണ്ടെടുക്കാൻ സമയം കൊടുക്കുമോ എന്ന ചോദ്യമാണ് ഇനി മുന്നിലുള്ളത്. എപ്പോൾ വേണമെങ്കിലും ഫോമിലേക്ക് ഉയരാൻ കെൽപ്പുള്ള അഭിഷേകിൽ വിശ്വാസം അർപ്പിക്കുന്നതിൽ പ്രശ്നമില്ലെങ്കിലും അവസരം കാത്ത് സഞ്ജു സാംസൺ പുറത്തിരിക്കുന്നു എന്നത് വസ്തുതയാണ്.
ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരയിലെ മോശം പ്രകടനത്തിൽ ലോകകപ്പിലെ ഓപ്പണിങ് സ്ലോട്ട് നഷ്ടമായെങ്കിലും നമീബിയക്കെതിരായ മത്സരത്തിൽ അഭിഷേക് അസുഖ ബാധിതനായി പുറത്തിരുന്നപ്പോൾ കിട്ടിയ അവസരത്തിൽ എട്ട് പന്തിൽ നിന്ന് 22 റൺസ് നേടി സഞ്ജു തിരിച്ചുവരവിന്റെ സൂചന നൽകിയിരുന്നു.
എന്നാലിതാ അഭിഷേകിനെ മാറ്റി സഞ്ജുവിനെ കൊണ്ടുവരേണ്ടതുണ്ടോ എന്ന വാദത്തോട് പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. അദ്ദേഹം അതിനോട് യോജിക്കുന്നത് പോലുമില്ല. അഭിഷേക് ക്രീസില്‍ ഉറച്ചാല്‍ എതിരാളികള്‍ നിഷ്ടപ്രഭമാവുമെന്ന് അശ്വിന്‍. അതുകൊണ്ട് തന്നെ സഞ്ജുവിനെ തിടുക്കത്തില്‍ കൊണ്ടുവരേണ്ടതില്ലെന്ന് അദ്ദേഹം പറയുന്നു
'അഭിഷേകിന്റേത് സാങ്കേതിക പ്രശ്‌നമായി കാണുന്നില്ല. അവന്‍ എപ്പോഴും ഇങ്ങനെ തന്നെയാണ് കളിച്ചിട്ടുള്ളത്. വരുന്ന സൂപ്പര്‍ എട്ട് മത്സരങ്ങളില്‍ തിരിച്ചുവരവ് നടത്തുമെന്ന് കരുതാം. തുടര്‍ച്ചയായ മൂന്ന് മത്സരത്തിലും പൂജ്യത്തിനാണ് പുറത്തായത്. ഇത് അവന്റെ ശൈലിയെ മാറ്റില്ല. കാരണം ടി20യില്‍ അവന്‍ മികച്ച ബാറ്റ്‌സ്മാനാണ്. ഫ്രണ്ട് ഫൂട്ടില്‍ കളിക്കാനാണ് അവന്‍ ശ്രമിക്കുന്നത്.' അശ്വിന്‍ പറഞ്ഞു.
'ഇത്തരം ബാറ്റര്‍മാര്‍ക്കെതിരെ ഓഫ് സ്പിന്നര്‍മാരെ ഉപയോഗിക്കുന്നത് ഇപ്പോള്‍ ട്രന്റാണ്. ഞാന്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുമ്പോള്‍ അഭിഷേകിനെതിരേ പന്തെറിഞ്ഞിട്ടുണ്ട്. അവനെതിരേ തുടര്‍ച്ചയായി മൂന്ന് ഓവര്‍ എറിഞ്ഞിട്ടും കാര്യമായ റണ്‍സ് വഴങ്ങിയില്ല. പല തവണ ഭാഗ്യത്തിനാണ് വിക്കറ്റാവാതെ പോയത്. ഓഫ് സ്പിന്നര്‍മാര്‍ മികച്ച ലൈനില്‍ പന്തെറിയുമ്പോള്‍ അവന്‍ പ്രയാസപ്പെടുന്നു.' അശ്വിന്‍ വ്യക്തമാക്കി.
Content highlights: R ashwin and sanju samson and abhishek sharma